പരമാത്മാവില്‍ വിഷമതയുടേയോ നിര്ദ്ദയത്വത്തിന്റെയോ പ്രതിബന്ധമുണ്ടാവില്ലെന്നും ജീവികളുടെ പുണ്യപാപകര്‍മങ്ങളെ ആശ്രയിച്ചാണ് ഈശ്വരസൃഷ്ടിയെന്നും ശ്രുതി പറയുന്നതായി ഈ അധികരണത്തിന്റെ ആദ്യ സൂത്രത്തില്‍ പറഞ്ഞു.
ഈശ്വരനല്ല നന്മയും തിന്മയും നല്‍കുന്നത് ഓരോ ജീവനും തങ്ങളുടെ കര്‍മത്തിനനുസരിച്ചാണ് ഫലം നേടുന്നത്.
ഉത്തമനായ ന്യായാധിപന് തന്റെ മുന്നിലെത്തുന്ന വ്യവഹാരങ്ങളില്‍ ന്യായ, അന്യായങ്ങള്‍ പരിശോധിച്ച് കര്‍മത്തിനനുസരിച്ച് വിധി പറയുന്നു. അതുപോലെ ഈശ്വരനും ജീവികള്‍ക്ക് അവരുടെ കര്മമനുസരിച്ച് ഫലത്തെ കൊടുക്കുന്നു. ഒരാളുടെ സുഖത്തിനും ദു:ഖത്തിനും അയാള്‍ തന്നെയാണ് ഉത്തരവാദി.
ഗീതയില്‍ ‘നാദത്തേ കസ്യചിത് പാപം ചൈവ സുകൃതം വിഭു: ‘ എന്നും ‘കര്‍മണ: സുകൃതസ്യാഹുസ്സാത്വികം നിര്‍മ്മലം ഫലം’എന്നും പറയുന്നു.
എന്നാല്‍ കര്‍മത്തിനനുസരിച്ചാണ് സൃഷ്ടി എന്നതിനെതിരെ വാദിക്കുന്നവരുമുണ്ട്. ആദ്യ സൃഷ്ടിക്ക് കര്‍മം ആധാരമല്ലാത്തതിനാല് ബ്രഹ്മം ജഗത് കാരണമാകാന്‍ തരമില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് അടുത്ത സൂത്രത്തിലെ അനാദിത്വാത് എന്ന പ്രയോഗം.
സൃഷ്ടിക്കു മുമ്പ് ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് കര്‍മം എന്ന ഒന്ന് ഉണ്ടെന്നും അതാണ് സൃഷ്ടിയുടെ വൈചിത്ര്യത്തിന് ആസ്പദമെന്നും പറയുന്നതും ശരിയല്ല എന്ന വാദത്തെയാണ് രണ്ടാം സൂത്രം കൊണ്ട് എതിര്‍ക്കുന്നത്. പ്രളയകാലത്ത് ജഗത്ത് പരമാത്മാവില്‍ ലയിക്കുകയെന്നത് വെള്ളത്തില്‍ ഉപ്പ് ലയിക്കുന്നത് പോലെയാണ്. ലയിക്കുന്ന വെന്നാല്‍ ഒന്ന് മറ്റൊന്നിന്നോട് കൂടിച്ചേരുന്നുവെന്നാണ്. ഇവിടെ നാശമില്ല.’ ലീങ് ശ്ലേഷണേ’ എന്ന ധാതുവില്‍ നിന്നാണ് ലയിക്കുക എന്ന വാക്കുണ്ടായത്. പ്രളയകാലത്ത് എല്ലാ ജീവന്മാരും കര്‍മങ്ങളും പരമാത്മാവില്‍ ലയിച്ചു എന്ന് പറഞ്ഞാല്‍ സൂക്ഷ്മ രൂപത്തില്‍ പ്രകടമാക്കാതെ ഇരിക്കുന്നു എന്നറിയണം. സൃഷ്ടികാലത്ത് അവ പ്രകടമാകുകയും ചെയ്യും. കല്പത്തിന്റെ തുടക്കത്തില്‍ അവ വിത്തില്‍ നിന്ന് വൃക്ഷം ഉണ്ടാകും പോലെ പുറത്തു വരും. ജീവന്മാരും അവരുടെ കര്‍മങ്ങളും അനാദിയായതിനാലാണിത്.
സൂത്രം ഉപപദ്യതേ ചാപ്യു പലഭ്യതേ ച
സംസാരം അനാദിയാണെന്ന് യുക്തി കൊണ്ട് ബോധിക്കാനാകും. എന്ന് മാത്രമല്ല, ശ്രുതി സ്മൃതികളില്‍ നിന്ന് ഗ്രഹിക്കാനും കഴിയും.
യുക്തിയോടെ ചിന്തിച്ചാല്‍ സംസാരത്തിന് ആദിയില്ലെന്ന് ബോധ്യമാകും.
സംസാരം ആദ്യം ഉണ്ടാകുന്നുവെന്ന് വന്നാല്‍ മുക്തന്മാര്‍ക്കും പുനരുല്പത്തിയുണ്ടാകും. കാരണമില്ലാതെ ജന്മം മുതലായവ ഉണ്ടാകുമെങ്കില്‍ മുക്തന്മാര്‍ക്കും ജന്മമുണ്ടാകാം. കാരണമില്ലാതെ തന്നെ സുഖദു:ഖങ്ങള്‍ വന്നു ചേരുമെന്ന ദോഷവുമുണ്ടാകും. കാരണമില്ലാത്ത എങ്ങനെ കാര്യമുണ്ടാകും. സൃഷ്ടി അനാദിയായാല് ഈ ദോഷങ്ങളൊന്നുണ്ടാകില്ല.
ശ്രുതിയിലും സ്മൃതിയിലും സംസാരം അനാദിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഛാന്ദോഗ്യത്തിലെ ‘ അനേന ജീവേനാത്മനാ’ എന്ന വാക്യം ശാരീരനായ ജീവാത്മാവ് മുമ്പും ഉണ്ടായിരുന്നുവെന്നതിന് തെളിവാണ്.
മുമ്പെയില്ലാത്ത ഒന്നിന് പിന്നീടുണ്ടാകാനാവില്ല. അതിനാല്‍ തന്നെ സംസാരം അനാദിയാണ്. പ്രളയത്തില്‍ എല്ലാം ബ്രഹ്മത്തോട് ഐക്യം പ്രാപിക്കുന്നത് നശിച്ചുപോകുന്നുവെന്ന തരത്തിലല്ല. ജീവനും ജീവന്റെ കര്‍മ്മങ്ങളും അനാദിയായാണ്. സൃഷ്ടി പലതരത്തിലാകാന് തന്നെ കാരണം ജീവന്റെയും കര്‍മ്മങ്ങളുടെയും വ്യത്യസ്തത കൊണ്ടാണ്.
ഋഗ്വേദ സംഹിതയില്‍ ‘സൂര്യചന്ദ്രമസൗ ധാതാ യഥാപൂര്വമകല്പ്പയത്’ എന്ന് പറയുന്നതില്‍ നിന്നും സൂര്യചന്ദ്രന്മാര് മുമ്പ് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
പൂര്വകല്പത്തിലെ പോലെ ഈ കല്പത്തിലും കല്‍പ്പിച്ചുവെന്ന് പറഞ്ഞാല്‍ സൃഷ്ടി മുമ്പും ഉണ്ടായിരുന്നുവെന്നതിന് തെളിവാണ്. സൃഷ്ടി അനാദിയാണെന്ന് സ്മൃതിയും പറയുന്നുണ്ട്. ഭഗവദ് ഗീതയില്‍ ‘ന രൂപ മസ്യേഹതതോപ ലഭ്യതേ, നാന്തോ ന ചാദിര്ന്ന ച സംപ്രതിഷ്ഠാ ‘സംസാരത്തിന് ആദിയില്ല എന്ന് വര്‍ണിക്കുന്നുണ്ട്.
പുരാണങ്ങളിലും സംസാരത്തിന്റെയും സൃഷ്ടിയുടേയും ഇത്തരത്തിലുള്ള അനാദിയെ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: