മാലിന്യ നിര്‍മ്മാര്‍ജനത്തിനായി രാജ്യം ഏറ്റെടുത്ത സ്വച്ഛ് ഭാരത് പോലെ ജലസംരക്ഷണത്തിനായും ഒന്നിച്ച് രംഗത്തിറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം കാലഘട്ടത്തിന്റ ആവശ്യത്തിലേക്കു വിരല്‍ചൂണ്ടുന്നതാണ്. തന്റെ രണ്ടാമൂഴത്തിലെ ആദ്യ മന് കീ ബാത്ത് റേഡിയോ പ്രക്ഷേപണ പരിപാടിയിലാണ് മോദി ഈ നിര്‍ദേശം ജനങ്ങള്‍ക്കുമുന്നില്‍ വച്ചത്. കാലാവസ്ഥാമാറ്റത്തിന്റെയും ക്രമംതെറ്റിയ മഴക്കാലത്തിന്റെയും ആഗോളതാപനത്തിന്റെയും മറ്റും ഈ കാലത്ത് ഓരോ തുള്ളി ജലവും അമൂല്യമാണ്.
ഭൂമിയിലെ ജലസമ്പത്ത് ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ജലസമ്പത്ത് മെച്ചമാക്കേണ്ട ഉത്തരവാദിത്തം നമുക്കാണ്. കൂടുതല്‍ സംഭരിക്കണം. നിയന്ത്രിച്ച് ഉപയോഗിക്കണം. തുള്ളിപോലും പാഴാക്കരുത്. മോദി ഓര്‍മിപ്പിച്ചു. ഓരോരുത്തരുടേയും ശീലമായി മാറുന്നതോടെ അതു ദേശീയതലത്തിലുള്ള ജനമുന്നേറ്റമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പലഭാഗങ്ങളും ജലത്തിനായി ദാഹിക്കുമ്പോഴും, കിട്ടുന്ന മഴയുടെ എട്ടുശതമാനംപോലും നമ്മള് ഉപയോഗപ്പെടുത്തുന്നില്ല. നില ഗൗരവമേറിയതാണ്. പക്ഷേ, മറ്റു പലകാര്യങ്ങളിലേയുംപോലെ ഇതും ഒരേമനസ്സായ പ്രവര്‍ത്തനത്തിലൂടെ മറികടക്കാന്‍ നമുക്കാവുമെന്ന പ്രതീക്ഷ മോദി പ്രകടിപ്പിച്ചു.
ജലസമ്പത്തിന്റെ സംരക്ഷണത്തിന് പരമ്പരാഗതമായ പലരീതികളും നാം ഉപയോഗിക്കാറുണ്ട്. സ്ഥലഭേദമനുസരിച്ച് ഇതു വ്യത്യസ്ഥമായിരിക്കാം. പക്ഷേ അവയെ പൊടിതട്ടിയെടുത്തു പുനരാവിഷ്കരിക്കണം. അത്തരം പരീക്ഷണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ അടക്കമുള്ള സംവിധാനങ്ങളിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കണം. അത്തരം കൈമാറല്വഴി ഇന്ത്യയിലുടനീളമുള്ളവര്‍ക്ക് ഈ പ്രക്രിയയില്‍ പങ്കാളികളാകാം. രാജ്യത്തെമ്പാടും ജലസംഭരണയജ്ഞങ്ങള് സജീവമായാല്‍ നമ്മുടെ ജലപ്രശ്നത്തിന് താനേ പരിഹാരമാകും. ഒരുരാജ്യം ഒരുജനത എന്ന ചിന്ത ജലയുപയോഗത്തിന്റെയും ശേഖരണത്തിന്റെയും രംഗത്തേക്കുകൂടി വികസിപ്പിക്കാന്‍ ഈ പ്രവര്‍ത്തിയിലൂടെ സാധിക്കും. ആഗോള താപനത്തിന് പ്രതിവിധി മരങ്ങളാണെന്ന് അറിയാവുന്ന നമുക്ക് മരങ്ങള്‍ നട്ടുകൊണ്ട് അതിനെതിരെ പൊരുതാം. പ്രധാനമന്ത്രി പറഞ്ഞതുപോലെ, മനസ്സ് അര്‍പ്പിച്ചാല്‍ ലക്ഷ്യത്തിലെത്താനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്. വേണ്ടതു യാഥാര്‍ഥ്യബോധമാണ്.
ജലം അപൂര്‍വ വസ്തുവാകുന്ന കാലം അത്രവിദൂരമല്ല എന്നയാഥാര്‍ഥ്യത്തിന്റെ മുഖമാണ് തമിഴ്നാട് അടക്കമുള്ള പല സംസ്ഥാനങ്ങളിലും കാണുന്നത്. ഏതാനും വര്ഷംമുന്പ് മഹാരാഷ്ട്രയില്‍ അനുഭവപ്പെട്ട ഭീകരമായ വരള്‍ച്ചയ്ക്കു സമാനമായ അവസ്ഥയാണ് തമിഴ്നാട് ഈവര്‍ഷം നേരിടുന്നത്. അവശ്യംവേണ്ട ജലത്തിന്റെ ചെറിയ അംശംപോലും കിട്ടാനില്ലാത്ത സ്ഥിതി, കേരളത്തിന് വ്യക്തമായ ചൂണ്ടുപലകയാണ്. തമിഴ്നാടിനെ കണ്ടു കേരളം മുന്‍കരുതലുകള്‍ എടുക്കേണ്ട സമയം വൈകി. ഈ വര്‍ഷത്തെ കാലവര്‍ഷം നമ്മേ കൈവിട്ട അവസ്ഥയാണ്. അതിവേഗം അപ്രത്യക്ഷമാകുന്ന തണ്ണീര്‍ത്തടങ്ങളും തടാകങ്ങളും മറ്റു ജലസ്രോതസ്സുകളും, വഴിമാറുന്നതു കെട്ടിടസമുച്ചയങ്ങള്ക്കുവേണ്ടി ആണെന്നത് ഫലത്തില്‍ ഇരട്ടി പ്രഹരമാണ്.
നിലവിലെ ജലസംഭരണി ഇല്ലാതാവുന്നു. ജലം ഭാവിയില്‍ മണ്ണില്‍ ഇറങ്ങാനുള്ളവഴി അടഞ്ഞുപോവുകയും ചെയ്യുന്നു. മണ്ണിനേയും മരങ്ങളേയും വിറ്റു മണിമാളികകള്‍ പണിയുന്ന മലയാളിയുടെ മാറാത്ത മനസ്സിലേയ്ക്കുകൂടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചെന്നുകൊള്ളേണ്ടത്. പ്രഖ്യാപനങ്ങളല്ല, നടപടികളാണുവേണ്ടത്. കേരളം സുരക്ഷിതമാണെന്ന ചിന്ത എന്നേ അസ്ഥാനത്തായ്ക്കഴിഞ്ഞെന്നു പ്രകൃതി പലവട്ടം അനുഭവത്തിലൂടെ കാണിച്ചുതന്നിട്ടും നമ്മള് അറിഞ്ഞമട്ടില്ല. ഇക്കാര്യത്തിലെങ്കിലും രാഷ്ട്രീയവൈരവും മോദിവിരുദ്ധതയും മാറ്റിവച്ച് ആസന്നമായ വിപത്തിനെതിരെ പൊരുതാന്‍ ഭരണ, പ്രതിപക്ഷങ്ങളും ജനങ്ങളോടൊപ്പം കൈകോര്‍ക്കേണ്ട കാലമായിരിക്കുന്നു. നമുക്കും രാജ്യത്തിനൊപ്പം നീങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: