പ്രയോജനമില്ലാതെ ആരും ഒന്നും ചെയ്യാറില്ലാത്തതിനാല്‍ ജഗത് സൃഷ്ടി ബ്രഹ്മത്തിന്റേതല്ല എന്ന വാദത്തെ ലീലാ കൈവല്യമെന്ന സൂത്രം കൊണ്ട് ഖണ്ഡിച്ചു. പരമാത്മാവിന്റെ ലീല മാത്രമാണ് സൃഷ്ടിയെന്ന് സ്ഥാപിച്ചു.ഇത് വെറും കളി മാത്രമാണ്. ആപ്തകാമനും പരിപൂര്‍ണനുമായ ഈശ്വരന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങളും അവതാരങ്ങളും എല്ലാം ലീലയാണെന്നറിയണം. അതു കൊണ്ട് ഗുണമോ ദോഷമോ ഇല്ല. സൃഷ്ടി മുതലായവയെ ചെയ്യുന്നതിനാല്‍ പരിപൂര്ണതയ്ക്കോ മറ്റോ യാതൊരു കുഴപ്പവും ഉണ്ടാകില്ല എന്നും സ്ഥാപിച്ചു.
വൈഷമ്യനൈര്ഘൃണാധികരണം
പന്ത്രണ്ടാമത്തെതായ ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്.
സൂത്രം വൈഷമ്യ നൈര്‍ഘൃണ്യേ ന സാപേക്ഷാത്വാത് തഥാ ഹി ദര്ശതി
ഈശ്വരന് വിഷമതയോ നിര്ദയത്വമോ ഇല്ല. പുണ്യപാപകര്‍മങ്ങളെ അപേക്ഷിച്ച് ചെയ്യുന്നതിനാല്‍ ശ്രുതികളില്‍ അങ്ങനെ പറയുന്നുണ്ട്.
പരമാത്മാവിന് വിഷമതയുടേയോ നിര്‍ഭയത്വത്തിന്റെയോ പ്രശ്നമില്ല എന്തെന്നാല്‍ ജീവികളുടെ ശുഭ, അശുഭ കര്‍മ്മങ്ങളെ അപേക്ഷിച്ചാണ് സൃഷ്ടി എന്ന് ശ്രുതി പറയുന്നുണ്ട്.
ബ്രഹ്മം ജഗത് കാരണമെന്നതിനെതിരായി മറ്റൊരു വാദം കൂടി ഉന്നയിക്കുന്നു. ലോകത്തില്‍ ചിലര്‍ക്ക് ഈശ്വരന് സുഖവും ചിലര്‍ക്ക് ദു:ഖവും ഉണ്ടാക്കുന്നു. ഈശ്വരന് ജഗത്തിന് കാരണമെന്ന് പറഞ്ഞാല്‍ പക്ഷപാതിയാണെന്നും പറയേണ്ടി വരും. പലരോടും നിര്ദയത്തോടെ പെരുമാറുന്നതിനാല്‍ നിര്‍ദയത്വവും ഉണ്ടാകും. അത് ശരിയല്ലാത്തതു കൊണ്ട് ബ്രഹ്മമല്ല ജഗത് കാരണമെന്ന് കരുതാമെന്ന് പൂര്‍വപക്ഷം.
സാപേക്ഷാത് എന്ന പ്രതിവാദത്തിലൂടെ സൂത്രം ഇതിനെ ഖണ്ഡിക്കുന്നു. ഈശ്വരന് ഒന്നിനെയും അപേക്ഷിക്കാതെ തന്നിഷ്ടപ്രകാരം സൃഷ്ടിക്കുകയാണെങ്കിലേ ഈ ദോഷമുണ്ടാകൂ. ഒരോരുത്തരും ചെയ്യുന്ന ധര്മ്മാധര്മ്മങ്ങള്ക്കനുസരിച്ചാണ് സൃഷ്ടിയുണ്ടാകുന്നത്. ലോകത്തില്‍ സുഖവും ദു:ഖവുമുണ്ടാകാന് കാരണം ധര്‍മ്മവും അധര്‍മ്മവും പുണ്യവും പാപവുമാണ്.
ബൃഹദാരണ്യകത്തില്‍ ‘ പുണ്യോ വൈ പുണ്യേന കര്‍മണാ ഭവതി പാപ: പാപേന ‘ പുണ്യകര്‍മത്തില്‍ സുഖിയായും പാപകര്‍മത്താല്‍ ദുഃഖിയായും ഇരിക്കുന്നുവെന്ന് പറയുന്നു. ഈശ്വരനില്‍ നിന്ന് അനുഗ്രഹവും നിഗ്രഹവും ഉണ്ടാകുന്നത് ഓരോരുത്തരുടേയും കര്മാനുസരണമാണ്. അത് അറിയാത്തതിനാലാണ് ദോഷം കാണുന്നത്.
സൂത്രം ന കര്മ്മാവിഭാഗാദിതി ചേന്നാനാദിത്വാത്
(ന കര്‍മ്മ വിഭാഗാത് ഇതി ചേത് ന അനാദിത്വാത് )
സൃഷ്ടിയ്ക്കു മുമ്പ് കര്‍മ വിഭാഗമില്ലാത്തതിനാല്‍ കര്‍മമാണ് വൈഷമ്യത്തിനും സുഖദുഃഖങ്ങള്‍ക്കും കാരണമെന്ന് പറയുന്നത് ശരിയല്ല എന്നാണെങ്കില്‍ ശരിയല്ല. സൃഷ്ടി അനാദിയാണ്.സൃഷ്ടിയ്ക്കു മുമ്പ് ഏകവും അദ്വിതീയവുമായ സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ശ്രുതി പറയുമ്പോള്‍ പിന്നെയെങ്ങനെയാണ് ജീവികളുടെ കര്‍മ്മത്തിനനുസരിച്ച് സൃഷ്ടിക്കാനാകുക.
അപ്പോള്‍ ആദ്യ സൃഷ്ടി എന്തിനെ അധികരിച്ചായിരിക്കും. അവിടെയും സുഖദു:ഖമുണ്ടോ? അല്ലെങ്കില്‍
ആദ്യ സൃഷ്ടിയില്‍ അപ്പോള്‍ എല്ലാ ജീവികള്‍ക്കും സമാനാവസ്ഥ ആയിരിക്കുമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
ഇതിനുള്ള ഉത്തരമാണ് അനാദിത്വാത് എന്നത്. സംസാരം അഥവാ ഈ ജഗത്ത് അനാദിയാണെന്നറിയണം. സംസാരം ആദിയുള്ളതാണെന്ന് വന്നാല്‍ ഈ ദോഷമുണ്ടാകും. ആദിയില്ലാത്തതാണെന്ന് പറയുമ്പോള്‍ ആദ്യത്തെ സൃഷ്ടിയെക്കുറിച്ച് സംശയമുണ്ടാകേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: