ഇനി പ്രയത്നിച്ചിട്ടു ഫലമില്ല എന്നു വിചാരിക്കാന്‍ തുടങ്ങും മുമ്പ് ഉത്സാഹമുണര്ന്നു. പക്ഷേ ആകാശചാരികളായ ഭൂതങ്ങള്‍ അവനെ ആശംസിച്ചട്ടുണ്ട്. ‘ധൃതി, ദൃഷ്ടി, മതി, ദാക്ഷ്യം ഈ നാലും ചേര് നിനക്കു പരാജയം ഭവിക്കയില്ല, കര്‍ത്തവ്യങ്ങളില്‍ ക്ഷീണം സംഭവിക്കയില്ല’ എന്ന്. അതുകൊണ്ട് ഇനിയും അന്വേഷിക്കുക; സീതയെ കണ്ടെത്തുംവരെ അന്വേഷിക്കുക എന്നു തീരുമാനിച്ചു.
ഉത്സാഹിയായ പുരുഷസിംഹമാണ് ഹനുമാന്. ഒടുവില്‍ കണ്ടെത്തുകതന്നെ ചെയ്തു. അശോകവനികയില്‍ ശിംശിപാവൃക്ഷച്ചുവട്ടില്‍ പുകയുടെ നടുവിലൊരു തീനാളംപോലെ ഉപവാസകൃശയെങ്കിലും തേജസ്വിനിയായ സീതാദേവി ഇരിക്കുന്നു. സാമുദ്രികശാസ്ത്രത്തില്‍ നിപുണനായ ഹനുമാന് വളരെ വേഗം സീതാദേവിയെ തിരിച്ചറിഞ്ഞു.
വീണ്ടും ഹനുമാന് ഒരു ബുദ്ധിമോശംകൂടി സംഭവിച്ചതായി ആദികവി ചൂണ്ടിക്കാണിക്കുന്നു. സ്വബലത്തെപ്പറ്റിയുള്ള ഉത്തമ വിശ്വാസത്തോടെ അവന് സീതാദേവിയോടു പറഞ്ഞു: ‘വാനരസൈന്യവുമായി രാമന് ഉടനിവിടെ എത്തിച്ചേരും. അല്ലെങ്കില്‍ വേണ്ട; ദേവിയെ ഈ ദു:ഖത്തില്‍ നിന്ന് തല്‍ക്ഷണം ഞാന്‍ മോചിപ്പിക്കാം. എന്റെ ചുമലില്‍ ഇരുന്നുകൊള്ളൂ. ഞാന്‍ ഒറ്റച്ചാട്ടത്തിന് ഈ സമുദ്രം കടക്കാം. ദേവിയെ ശ്രീരാമസ്വാമിയുടെ മുന്നില്‍ എത്തിച്ചേക്കാം. വേണമെങ്കില്‍ ഈ ലങ്കയെത്തന്നെ ഒന്നാകെ പുഴക്കിയെടുത്ത് മറുകര ചാടാനും എനിക്കു സാധിക്കും.’
തീര്‍ച്ചയായും ഈ വാക്കുകളില്‍ ഔദ്ധത്യം സ്ഫുരിക്കുന്നുണ്ട്. പക്ഷേ, ഭാഗ്യവശാല്‍ സര്‍വംസഹയും വിവേകശാലിനിയുമായ സീത അവനെ ആ സാഹസത്തില്‍ നിന്നു പിന്തിരിപ്പിച്ചു.
രാമായണം മുഴുവന്‍ നോക്കിയാലും രാമന് ഹനുമാന് നല്കുന്നത്ര പ്രശംസ മറ്റൊരാള്‍ക്കും നല്‍കുന്നില്ല. ‘ഇത്ര സമര്‍ഥനായ ഒരു ദൂതനുണ്ടെങ്കില്‍, ആര്‍ക്ക്, ഏതു കാര്യമാണ് സാധിക്കാതെ പോകുക? ഇത്തരം ഗുണഗണങ്ങളോടുകൂടിയ ഒരു സചിവനുണ്ടെങ്കില് ആ രാജാവിന് അസാധ്യമായിപ്പിന്നെ ഒന്നുമുണ്ടാകയില്ല.’ എന്നും മറ്റും ഹനുമാനെ രാമന് പ്രശംസിക്കുന്നു. രാമായണത്തിന്റെ ഒടുവിലറ്റം എത്തുമ്പോള്‍ ശ്രീരാമനെ വസിഷ്ഠന് അഭിഷേകം ചെയ്യുന്ന സന്ദര്‍ഭമാണല്ലോ വര്‍ണിതം.
അഭിഷേകാനന്തരം രാമന് ബ്രാഹ്മണര്‍ക്കു പൊന്നും പണവും രത്നങ്ങളും വസ്ത്രങ്ങളും ദാനം ചെയ്തു. സുഗ്രീവന് ഒരു സ്വര്‍ണമാല; സീതയ്ക്ക് ഒരു മുത്തുമാല. സീതാദേവി കഴുത്തില്‍ നിന്ന് മാലയൂരിയെടുത്ത് കൈയില്‍പിടിച്ചുകൊണ്ട് ഭര്‍ത്താവിനെ സാകൂതംനോക്കി. അപ്പോള്‍ രാമന് പറഞ്ഞു: ‘ദേവീ, നിനക്ക് ഏറ്റവും പ്രീതി തോന്നുത് ആരുടെ പേരിലാണോ ആ ആള്‍ക്ക് ആ മാല സമ്മാനമായി കൊടുക്കാം.’ സീതാദേവി ഒരു നിമിഷംപോലും ആലോചിക്കാതെ ആ മാല ഹനുമാന് ദാനംചെയ്തു.
ഇങ്ങനെ ശ്രീരാമനാലും സീതയാലും ബഹുമാനിതനായിത്തീര്ന്ന ഹനുമാന് വാനരോത്തമനോ നരോത്തമനോ? തീര്‍ച്ചയായും നരോത്തമന്‍ തന്നെ. വ്യായാമക്കളരിയുടെ ആരാധനാമൂര്‍ത്തിയായി പ്രതിഷ്ഠിക്കാന്‍ കൊള്ളാവുന്ന ഒരു ഗുസ്തിക്കാരനാണ് ഹനുമാന്, ചിലരുടെ ദൃഷ്ടിയില്. പക്ഷേ, അവരറിയുന്നുണ്ടോ കായശക്തി മാത്രമല്ല, യോഗശക്തി കൂടിച്ചേര്‍ന്നിട്ടാണ് ഹനുമാന് ഈ ബലം ലഭിച്ചതെന്ന്. വിവേകാനന്ദ സ്വാമികള്‍ ഹനുമാന്റെ ആരാധകനായിരുന്നു. ഹനുമാന്റെ യോഗസിദ്ധി എന്തെന്ന് ഇതില്‍ വ്യക്തമാക്കുന്നു;
ഉല്ലംഘ്യസിന്ധോ: സലിലം സലീലം
യ: ശോകവഹ്നിം ജനകാത്മജായാ:
ആദായ തേനൈവ ദദാഹ ലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം
ശുചീന്ദ്രം മഹാക്ഷേത്രത്തിലെ ആയിരക്കണക്കിനു പ്രതിമകണ്ട് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ മനസ്സില്‍ എപ്പോഴും തങ്ങിനില്ക്കുന്ന ഒരേയൊരു രൂപം മഹാകായനായ ഹനുമാന്റെ മനോഹരമായ വിഗ്രഹമാണ്. അവാച്യമാണ് അതിന്റെ വശ്യത.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: