ആലപ്പുഴ: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സ്വരൂപിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയും പ്രതികളെ പിടിക്കാത്തതിന് ന്യായീകരണവുമായി മന്ത്രി തോമസ് ഐസക്ക്. 3.43 കോടി രൂപ സിപിഎമ്മും, 33 ലക്ഷം എസ്എഫ്ഐയും പിരിച്ചു. എന്നാല്‍, അഭിമന്യുവിന്റെ കുടുംബത്തിനായി ആകെ ചെലവഴിച്ചത് 72 ലക്ഷം മാത്രം. ബാക്കി തുക അഭിമന്യുവിന്റെ പേരില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പേരില്‍ സിപിഎമ്മിന് സ്വന്തം.
മതഭീകരരുടെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിയായ പത്തൊമ്പതുകാരന്റെ കുടുംബത്തെ സഹായിക്കാന്‍ പൊതുസമൂഹം നല്കിയ പണം പാര്‍ട്ടി എങ്ങിനെയാണ് സ്വന്തമാക്കുന്നതെന്നതിന്റെ നേര്‍സാക്ഷ്യമാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ കൂടി 2,39,74,887 രൂപയുമാണ് ലഭിച്ചത്. എസ്എഫ്ഐ സമാഹരിച്ചത് 33 ലക്ഷം രൂപയാണ്. ഇതില്‍ നിന്ന് 12,50,000 രൂപ ചെലവിട്ട് സ്ഥലം വാങ്ങി, 24,45,750 രൂപ ചെലവിട്ട് വീടു പണിതു. സഹോദരിയുടെ വിവാഹാവശ്യത്തിന് 10 ലക്ഷം രൂപ നല്കി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ 25 ലക്ഷം ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിച്ചു.
ബാക്കി 2.71 കോടിയോളം രൂപ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ചെലവഴിക്കുമെന്നാണ് ഐസക്ക് അവകാശപ്പെടുന്നത്. എറണാകുളത്ത് അഭിമന്യുവിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കും, അതിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ബാക്കി പണം ആ ട്രസ്റ്റിന്റെ പേരില്‍ നിക്ഷേപിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് എന്‍ഡോവ്മെന്റ് നല്‍കും തുടങ്ങിയവയാണ് പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍.
രക്തസാക്ഷികളുടെ പേരില്‍ പണം പിരിച്ച് പാര്‍ട്ടി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുകയെന്ന പതിവ് രീതിയാണ് സിപിഎം അഭിമന്യുവിന്റെ കാര്യത്തിലും സ്വീകരിച്ചതെന്നാണ് ആക്ഷേപം.
അഭിമന്യുവിനെ കുത്തിയ രണ്ടു പ്രധാന പ്രതികളെ പിടികൂടാത്തതിനും ഐസക്കിന് ന്യായീകരണമുണ്ട്. രാജ്യത്തിനകത്തും പുറത്തും വേരുകളുള്ള ഒരു ഭീകരസംഘം ഈ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമാണ് എന്നിങ്ങനെയും അവകാശവാദങ്ങള്‍ നീളുന്നു. നാളെ ഈ കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കും. ആകെ 16 പ്രതികളുണ്ട്. അവരില്‍ 14 പേരെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് രാത്രിയാണ് ക്യാമ്പസ് ഫ്രണ്ടുകാര്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പണം ചെലവഴിച്ച കണക്കുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഐസക്ക് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: