നെടുങ്കണ്ടത്തുണ്ടായതുപോലുള്ള കസ്റ്റഡിമരണം സമീപകാലത്തൊന്നും രാജ്യത്തുണ്ടായിട്ടില്ല. ബ്രിട്ടീഷ് തുറുങ്കലില്‍ കൊലചെയ്യപ്പെട്ടതിനേക്കാള്‍ നിഷ്ഠൂരകൊലപാതകമാണ് കേരളത്തില്‍ നടക്കുന്നതെന്നു പറഞ്ഞാലും തെറ്റില്ല. പോലീസ് കസ്റ്റഡിയിലെടുത്താല്‍ ശവപ്പെട്ടിയും റീത്തും വാങ്ങി വയ്ക്കേണ്ട അവസ്ഥയെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. നെടുങ്കണ്ടത്ത് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ മൂന്നുദിവസം ലോക്കപ്പിലിട്ടു. പലസ്ഥലത്തും കൊണ്ടുപോയി. കസ്റ്റിഡിയിലെടുക്കുമ്പോള് ആരോഗ്യവാനായ രാജ്കുമാര് ഒരു ദിവസം പിന്നിട്ടപ്പോള്‍തന്നെ ജീവച്ഛവമായി. പിന്നെ സ്ട്രച്ചറിലേറ്റിയാണ് തെളിവെടുപ്പിന് കൊണ്ടുപോയതെന്ന് പറയുന്നു. പോലീസ് വാഹനത്തിലിട്ടും ലോക്കപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. ബൂട്ടിട്ട് ശരീരത്തില്‍ കയറി നൃത്തം ചവിട്ടി.
പലവിധ അന്വേഷണങ്ങളും അന്വേഷണ സംഘങ്ങളുമൊക്കെ പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും നേര്വഴിക്കല്ലെന്നാണ് വ്യക്തമാകുന്നത്. പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറയാണ് പ്രയോഗിച്ചിട്ടുള്ളത്. തട്ടിപ്പുകേസിലെ പ്രതികളെ ഇമ്മാതിരി ക്രൂരതയ്ക്ക് പ്രേരിപ്പിച്ച ചരിത്രമില്ല. ഈ കൊടുംക്രൂരതയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവും പോലീസും നടത്തിയ ഒത്തുകളിയും ഇപ്പോള്‍ വെളിവാവുകയാണ്. സാമ്പത്തിക ഇടപാടുകളിലെ വീറുംവാശിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പോലീസ് ആദ്യം നല്കിയ വിശദീകരണങ്ങളെല്ലാം പോലീസ് സര്ജന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊളിഞ്ഞിരിക്കുകയാണ്. പോലീസ് മര്‍ദ്ദനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദൃക്സാക്ഷികളും നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്തശേഷമാണ് പോലീസിന് കൈമാറിയതെന്നാണ് ഭരണകക്ഷിയുടെയും പോലീസിന്റെയും ഭാഷ്യം. അങ്ങനെയെങ്കില്‍ എത്രനാട്ടുകാര്ക്കെതിരെ കേസ്സെടുത്തെന്നും വ്യക്തമാക്കണം.
രാജ്കുമാറിനെ പോലീസ് കിരാതമായി മര്‍ദ്ദിച്ചത് കോഴയ്ക്കു വേണ്ടിയെന്നാണ് ഒടുവിലത്തെ വെളിപ്പെടുത്തല്‍. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ 20 ലക്ഷം രൂപ കൈക്കൂലിചോദിച്ച് പോലീസ് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചതായി അമ്മ കസ്തൂരിയും അയല്‍വാസിയും പറയുന്നു. രാജ്കുമാറിനെ 12ന് ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ 40 ലക്ഷം രൂപ വീട്ടിലുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇതെടുക്കാന്‍ രാത്രി ഒരുമണിയോടെ നെടുങ്കണ്ടം തൂക്കുപാലത്തെ വീട്ടിലെത്തിച്ചപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. നീളമുള്ള വടി ഉപയോഗിച്ച് മര്‍ദിച്ച് അവശനാക്കിയെന്ന് ദൃക്സാക്ഷിയും സമീപവാസിയും പറഞ്ഞിട്ടുണ്ട്. വാഗമണ്ണിലെ വീട്ടിലെത്തിച്ചപ്പോള്‍ വയറില്‍ അടിച്ചതായും ഒരു പോലീസുകാരന് കുനിച്ചുപിടിച്ച് ഇടിച്ച് തള്ളി മുറിക്കുള്ളിലേക്ക് ഇട്ടതായും വ്യക്തമായി. അലറിക്കരഞ്ഞിട്ടും പണം എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. പോലീസുകാര്‍ കാലില്‍ അടിച്ചാണ് വാഹനത്തില്‍ തിരിച്ചുകയറ്റിയത്. കള്ളം പറഞ്ഞ് കൊണ്ടുവന്നുവെന്ന് പറഞ്ഞ് അസഭ്യവര്ഷമായിരുന്നെന്നും സ്റ്റേഷനിലെത്തിയാല്‍ നിന്നെ പിച്ചിച്ചീന്തുമെന്ന് പറഞ്ഞതായും അമ്മ വിലപിക്കുന്നു.
സംഭവത്തില്‍ രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ജഡ്ജി കൃത്യമായ പരിശോധന നടത്തിയില്ലെന്ന വിമര്‍ശനവുമുണ്ട്. നടക്കാന്‍ വയ്യെന്ന് പോലീസ് പറഞ്ഞതിനാല്‍ ജഡ്ജി ജീപ്പിലെത്തി പരിശോധിക്കുകയായിരുന്നു. കൊല്ലപ്പെട്ട രാജ്കുമാര് കുഴപ്പക്കാരനായിരുന്നു എന്നാണ് മന്ത്രി എം.എം. മണിയുടെ ന്യായം. കുഴപ്പക്കാരനാണെങ്കില്‍ അയാളെ മൂന്നാംമുറ പ്രയോഗിച്ച് കൊല്ലാമോ ? നീതിന്യായ വ്യവസ്ഥയോട് ഒരു മതിപ്പും മന്ത്രിക്കില്ലെന്നാണ് എം.എം. മണി വ്യക്തമാക്കുന്നത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞചെയ്ത ഒരു മന്ത്രിക്ക് ചേര്‍ന്ന വര്‍ത്തമാനമല്ല മണി ചെയ്തുകൊണ്ടിരിക്കുന്നത്. വിടുവായത്തവും വിഡ്ഢിത്തവും വിളമ്പുന്ന ഒരാള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ല. ഒന്നുകില്‍ മണി മന്ത്രിസ്ഥാനം രാജിവയ്ക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും പറത്താക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: