അന്തര്‍ദേശീയ യോഗാദിനത്തിനു തൊട്ടു പിന്നാലെയാണ് യോഗശാസ്ത്രം ക്രൈസ്തവ മത വിശ്വാസികളില്‍ ചെലുത്താനിടയുള്ള ‘നല്ലതല്ലാത്ത’ സ്വാധീനങ്ങളെ കുറിച്ചുള്ള ബിഷപ്സ് കൗണ്‍സിലിന്റെ മുന്നറിയിപ്പ്. മലയാളത്തില്‍ ഇതിനായി തയ്യാറാക്കിയ മാര്ഗ്ഗദര്ശന രേഖ കെസിബിസിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ വിശ്വാസികള്‍ യോഗപരിശീലിക്കാമോ എന്ന ആത്മീയ സമസ്യയ്ക്കുള്ള ഉത്തരമായാണ് ഇത് തയ്യാറാക്കിയതെന്ന് രേഖയുടെ ആമുഖത്തില്‍ പറയുന്നു. ദൈവശാസ്ത്ര കമ്മീഷന് സെക്രട്ടറി ഡോ. സ്റ്റാന്‍ലി മാതിരിപ്പിള്ളിയുടെ നേതൃത്വത്തിലാണ് ലഘുലേഖ തയ്യാറാക്കിയിട്ടുള്ളത്. ‘ അന്യമത പ്രാര്‍ഥനകള്‍, അന്യദൈവാരാധന, അന്യമത സ്വാധീനം എന്നിവയെക്കുറിച്ച് കരുതലുണ്ടാവണം’ എന്ന് രേഖ വ്യക്തമാക്കുന്നു.
‘യോഗയുടെ ഉത്ഭവം മത നിരപേക്ഷമായിരുന്നെങ്കിലും വ്യത്യസ്ത മത വിശ്വാസികള്‍ അവ അനുഷ്ഠിച്ചപ്പോള് യോഗയ്ക്ക് ഹൈന്ദവ-ബുദ്ധ-ജൈന വ്യവസ്ഥിതികള്‍ ഉണ്ടായി’ എന്നാണ് ലഘുലേഖ അവതരിപ്പിക്കുന്ന സിദ്ധാന്തം. മനോനിയന്ത്രണത്തിനും ആരോഗ്യ സംരക്ഷണത്തിനും മാനസികവും ശാരീരികവുമായ വികാസത്തിനും ഉപയുക്തമാണ് യോഗശാസ്ത്രം എന്നകാര്യം ലഘുലേഖ സമ്മതിക്കുന്നു. എന്നാല്‍ അതേസമയം സ്വന്തം നിലയ്ക്ക് യോഗശാസ്ത്രം സമ്പൂര്‍ണ്ണമായ ഒരു ജീവിതപദ്ധതിയും ആത്മീയമാര്ഗ്ഗവുമാണ് എന്ന വസ്തുതയെ അംഗീകരിക്കാന്‍ കത്തോലിക്ക സഭ വിസമ്മതിക്കുകയും ചെയ്യുന്നു.
കേവലമൊരു വ്യായാമമുറ എന്ന നിലയിലാണ് ഇവിടെ യോഗശാസ്ത്രത്തെ വിലയിരുത്തുന്നത്. ‘ക്രൈസ്തവര്‍ യോഗയെ ശാരീരിക മാനസിക വ്യായാമ മുറയായിട്ടാണ് മനസ്സിലാക്കുന്നത്. യോഗയുടെ ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ വശങ്ങളെക്കുറിച്ച് ചില മുന്‍കരുതലുകള്‍ ആവശ്യമുണ്ട് എന്നു തന്നെയാണ് സഭയുടെ നിലപാട്’ മാര്ഗ്ഗദര്ശന രേഖ വ്യക്തമാക്കുന്നു.’യേശു ഏക രക്ഷകനാണെന്ന സത്യത്തെ അംഗീകരിക്കാത്ത ആചാരാനുഷ്ഠാനങ്ങള്‍ ക്രൈസ്തവര്‍ക്ക് സ്വീകാര്യമല്ല’ എന്നും ‘ക്രൈസ്തവ ആത്മീയതയെ പരിപോഷിപ്പിക്കുന്നിടത്തോളമാണ് യോഗ ഉപകാരപ്രദമാകുന്നത്’ എന്നും എടുത്തു പറയുമ്പോള്‍ ആത്മീയത എന്നതു കൊണ്ട് ഉദ്ദേശിക്കുന്ന സ്വതന്ത്രമായ സത്യാന്വേഷണം അല്ല സഭ മുന്നോട്ടു വയ്ക്കുന്ന ആശയം എന്നു വ്യക്തമാണ്.
ഇഷ്ടദേവതാ ഉപാസനയാണ് സ്വാഭാവിക മാര്‍ഗ്ഗം
യോഗശാസ്ത്രത്തിന്റെ രണ്ടാമത്തെ പടിയായ ‘നിയമ’ത്തിലെ അഞ്ചാമത്തെ ഭാഗമാണ് ഈശ്വരപ്രണിധാനം. ഇതില്‍ ഇഷ്ടദേവനെ മുറുകെ പിടിക്കാനാണ് യോഗശാസ്ത്രം ആവശ്യപ്പെടുന്നത്. ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്തുവിനെ മാത്രമേ ധ്യാനിക്കാവൂ എന്നാണ് ബിഷപ്പ്സ് കൗണ്‍സിലിന്റെ നിഷ്ക്കര്‍ഷ. മനുഷ്യ പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന ശുദ്ധ ആദ്ധ്യാത്മിക പദ്ധതിയായ യോഗശാസ്ത്രം മതങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെയെന്ന് നാമിവിടെ കാണുന്നു.
ഓരോ വ്യക്തിയ്ക്കും തന്റെ ഗുണഘടനയ്ക്കനുസരിച്ചുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ആണുണ്ടാവുക. ആ വ്യക്തിയുടെ ജീവിത സങ്കല്പ്പത്തിലും ഈശ്വര സങ്കല്പ്പത്തിലും എല്ലാം ഈ ഭാവങ്ങള്‍ മുന്നിട്ടു നില്ക്കും. ആ വ്യക്തി ഏതെങ്കിലും മതവിഭാഗത്തിന്റെ ഭാഗമായതു കൊണ്ട് അതിനു മാറ്റം വരില്ല. എന്നാല്‍ മതനേതൃത്വത്തെ പിന്തുടരാന് ബാദ്ധ്യസ്ഥരായവര്ക്ക് തന്നിലെ പ്രകൃത്യാ ഉള്ള ഈ ചോദന തിരിച്ചറിയാനോ അതിനനുസരിച്ച് തന്റെ ഉപാസനാ മാര്‍ഗ്ഗത്തെ ട്യൂണ്‍ ചെയ്യാനോ അനുവാദമില്ല.
സമ്പൂര്‍ണ്ണ മനോവിജ്ഞാനീയ ശാസ്ത്രമായ യോഗ ഉപദേശിക്കുന്നത് ഈശ്വരനെ കുറിച്ചുള്ള നിങ്ങളുടെ സ്വഭാവിക ഭാവനയെ പിന്തുടരൂ എന്നാണ്. ഇതു തന്നെയാണ് യോഗപരിശീലനത്തോടൊപ്പം കടന്നു വരാറുള്ള മന്ത്രങ്ങള്‍ പ്രണവം (ഓംകാരം) തുടങ്ങിയവയുടെ ഉച്ചാരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയവും. പ്രണവവും മന്ത്ര ബീജക്ഷരങ്ങളും പ്രകൃതിയുടെ ഭാഗമായ ദിവ്യസ്പന്ദനങ്ങളാണ്. അവ ഏതെങ്കിലും മതാചാര്യന്മാര് എഴുതി വച്ച പ്രാര്‍ഥനകള്‍ അല്ല. പ്രകൃതിയെയും അതിന്റെ ഭാഗമായ തന്നെത്തന്നെയും അറിയാന്‍ ആ പ്രകൃതീ സ്പന്ദനങ്ങളെ അനുസന്ധാനം ചെയ്യുക മാത്രമേ വഴിയുള്ളൂ.
മതത്തിന്റെ സ്ഥാപിതതല്പ്പര്യങ്ങള്ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല എന്നപേരില്‍ അവയെ ഉപേക്ഷിക്കാനാവില്ല. കാരണം അവയ്ക്കു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല തന്നെ. അതുകൊണ്ടാണ് യോഗശാസ്ത്രം മന്ത്രശാസ്ത്രം ആയുര്‍വേദം തുടങ്ങിയവയെ പ്രകൃതിയുടെ ശാസ്ത്രങ്ങളായി കണക്കാക്കുന്നത്. സംസ്കൃതഭാഷയിലെ അന്‍പത്തൊന്ന് അക്ഷരങ്ങളും ഇതുപോലെ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ശബ്ദബീജങ്ങളെ അനുസന്ധാനം ചെയ്യാനായി ഋഷിമാര്‍ കണ്ടെത്തി തന്നിട്ടുള്ളവയാണ്. അവയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. അവയുടെ ധര്‍മ്മം മറ്റൊന്നിനും നിര്വ്വഹിക്കാനുമാവില്ല. ‘അമന്ത്രമക്ഷരം നാസ്തി’ എന്ന തത്വം അതാണ് പറയുന്നത്.
ക്രൈസ്തവയോഗ എന്നത് അന്യവല്‍ക്കരണം
യോഗശാസ്ത്രത്തെ സെമിറ്റിക് ഫ്ലേവറില്‍ പാകപ്പെടുത്തിയെടുക്കാനുള്ള ശ്രമം മേല്‍പ്പറഞ്ഞ വിധമുള്ള പല വൈകല്യങ്ങളിലേക്കുമായിരിക്കും നയിക്കുക. യമം എന്ന ആദ്യപടിയില്‍ വരുന്ന നിഷ്ക്കര്‍ഷയാണ് അഹിംസ. അഹിംസാ തത്വത്തെ ജീവിതത്തില്‍ മുറുകെ പിടിക്കുന്ന ഒരാള്‍ ക്രമേണ സസ്യാഹാരവും ലളിത ജീവിതവും സ്വീകരിക്കുക സ്വഭാവികമാണ്. പൊതുവേ മാംസാഹാരത്തിന് പ്രാധാന്യമുള്ള തങ്ങളുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താതെ എങ്ങനെയാണ് യോഗയിലെ അഹിംസാതത്വം ക്രൈസ്തവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുക ? സനാതന ധര്‍മ്മത്തിന്റെ ഭാഗമായ യോഗയ്ക്ക് പകരം ക്രൈസ്തവയോഗ നിര്‍ദ്ദേശിക്കുന്നവര്‍ യോഗശാസ്ത്രത്തിന്റെ ആത്മാവാണ് ചോര്‍ത്തിക്കളയുന്നത്.
ആസനങ്ങള്‍ എന്നറിയപ്പെടുന്ന വ്യായാമമുറകള്‍ മാത്രം എടുത്തിട്ട് ഈ സമഗ്ര ശാസ്ത്രത്തിലെ മറ്റെല്ലാറ്റിനേയും തള്ളിക്കളഞ്ഞാല്‍ പിന്നെങ്ങനെ അത് യോഗയാകും ? യോഗയിലെ ആസനമുറകളും ക്രൈസ്തവരീതിയും കലര്‍ന്ന ജീവിത ശൈലിക്ക് യോഗ എന്ന വാക്ക് ചേര്‍ത്ത് ക്രൈസ്തവയോഗ എന്നൊക്കെ പേരിടുന്നത് യോഗശാസ്ത്രത്തെ തീര്‍ത്തും അന്യവല്ക്കരിക്കലാണ്. മറ്റു സംസ്ക്കാരങ്ങളില് നിന്നും തങ്ങളുടെ പോഷണത്തിനും വളര്‍ച്ചയ്ക്കും ഉപയോഗപ്രദമായതിനെയൊക്കെ വിഴുങ്ങുക, ആവശ്യമുള്ള പോഷകങ്ങള്‍ വലിച്ചെടുത്ത ശേഷം ദഹനശേഷിക്ക് കീഴടക്കാനാകാത്തവയെ ചണ്ടിയാക്കി പുറന്തള്ളുക.
ഇത് ക്രൈസ്തവ സഭ ആഗോളാടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളായി പിന്തുടര്ന്നു വരുന്ന നയമാണ്. സുപ്രസിദ്ധ ചിന്തകനായ രാജീവ് മല്‍ഹോത്ര ഡൈജഷന് എന്ന വാക്കാണ് ഇതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. സഭാസാഹിത്യത്തില് ‘സംസ്ക്കാരികാനുരൂപണം’ എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ‘അടിച്ചു മാറ്റല്‍’ ആണ് നടക്കുന്നത്. ചുറ്റും കണ്ണോടിച്ചാല്‍ ഇതിന്റെ എണ്ണമറ്റ ഉദാഹരണങ്ങള്‍ ഇന്ന് നമുക്ക് കാണാന്‍ കഴിയും.
യോഗശാസ്ത്രവുമായി പൊരുത്തപ്പെടാത്ത സാത്താനും ആദിപാപവും
യോഗ എന്ന വാക്ക് യുജ് അഥവാ യോജിപ്പിക്കുക എന്നര്‍ത്ഥം വരുന്ന സംസ്കൃത ധാതുവില്‍ നിന്നാണ് വന്നിട്ടുള്ളത് എന്ന് കൃത്യമായി ലഘുലേഖ ഉദ്ബോധിപ്പിക്കുന്നു. പരിമിത വ്യക്തിത്വം എന്ന ഭ്രമത്തില്‍ കഴിയുന്ന ജീവാത്മാവിന് ഉണര്‍വ്വുണ്ടാക്കി തന്റെ തന്നെ അപരിമിതമായ ആത്മസ്വരൂപത്തില്‍ വിലയിക്കാന്‍ സഹായിക്കുന്ന അനുഷ്ഠാന പദ്ധതിയാണ് യോഗശാസ്ത്രം.
എന്നാല്‍ ദൈവപുത്രന്റെ മദ്ധ്യസ്ഥതയില്‍ അധിഷ്ഠിതമായ ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ ഈ അടിസ്ഥാന വീക്ഷണം തള്ളിക്കളയപ്പെടുന്നു. ഒരു യോഗിയുടെ സ്വര്‍ഗ്ഗവും നരകവും തന്നില്‍ത്തന്നെയുള്ള അനുഭവ മണ്ഡലങ്ങളാണ്. മറ്റെവിടെയെങ്കിലും ഉള്ള ഇടങ്ങളല്ല. തന്റെ സുഖ ദു:ഖങ്ങള്‍ക്ക് താന്‍ തന്നെയാണ് ഉത്തരവാദി എന്ന ദര്‍ശനമാണ് യോഗപദ്ധതിയില് ഉള്ളത്. ക്രൈസ്തവ വിശ്വാസപ്രകാരമുള്ള സ്വര്‍ഗ്ഗ നരക സങ്കല്പ്പങ്ങളോ, ക്രിസ്തു എന്ന ഒരു മനുഷ്യപുത്രന്റെ മദ്ധ്യസ്ഥതയോ, സാത്താന്, ആദിപാപം തുടങ്ങിയ ആശയങ്ങളോ യോഗശാസ്ത്രവുമായി പൊരുത്തപ്പെട്ടു പോകുന്നില്ല.
മനുഷ്യന്റെ മോക്ഷം മരണാനന്തരം മാത്രം എന്ന സിദ്ധാന്തവും യോഗി അംഗീകരിക്കുന്നില്ല. മോക്ഷം ഇപ്പോള്‍ ഇവിടെ വച്ച് നേടാം എന്നതാണ് യോഗമതം. സനാതന ധര്‍മ്മത്തിലെ പുനര്ജന്മ സങ്കല്‍പ്പവും യോഗയുമായിട്ടും പരോക്ഷമായി ബന്ധപ്പെട്ടു കിടക്കുന്നു. എട്ട് അംഗങ്ങള്‍ ഉള്ള യോഗപദ്ധതിയില് എല്ലാ പടികളും കയറി പൂര്‍ണ്ണത നേടുവാന്‍ പ്രാപ്തിയുള്ള വളരെ കുറച്ചു പേരെ മാത്രമേ ഏതു കാലത്തും നമ്മള് കാണുന്നുള്ളൂ. അപ്പോള്‍ യോഗ മാര്‍ഗ്ഗത്തില്‍ ഭാഗികമായി മാത്രം മുന്നേറാന്‍ കഴിയുന്നവര്‍ക്ക് പിന്നീട് എന്തു സംഭവിക്കും എന്ന ചോദ്യം സ്വാഭാവികമാണ്. അത്തരം ഒരാളുടെ മരണത്തോടെ അയാളുടെ പ്രയത്നം പാഴായിപ്പോകുന്നില്ലേ ? ഈ സംശയം ഭഗവാന് ശ്രീകൃഷ്ണനോട് അര്ജ്ജുനന് ചോദിക്കുന്നുണ്ട്. അതിന് യോഗേശ്വരനായ ശ്രീകൃഷ്ണന് ഭഗവദ്ഗീതയില്‍ കൊടുക്കുന്ന ഉത്തരം, പാതിവഴിയില്‍ ശരീരം ഉപേക്ഷിക്കേണ്ടി വരുന്ന യോഗിയുടെ പരിശ്രമം ഒരിക്കലും വ്യര്ഥമാകുന്നില്ല എന്നാണ്. അതുവരെ താന്‍ ആര്‍ജ്ജിച്ച സംസ്ക്കാരങ്ങളോടെ തന്റെ ലക്ഷ്യപ്രാപ്തിക്ക് തുടര്‍ന്നു പരിശ്രമിക്കാന്‍ ഉതകുന്ന ഒരു ജന്മം അയാള്‍ക്ക് കിട്ടുന്നു എന്ന് ഭഗവാന് ഉത്തരം നല്കുന്നു. ഈയൊരു പ്രത്യാശ ഇല്ലാതെ യോഗശാസ്ത്രം എന്ന മഹാമേരു കയറാനുള്ള പരിശ്രമത്തിന് ആരും പുറപ്പെടുകയില്ല എന്ന് വ്യക്തം.
സത്യാന്വേഷണം ഭയക്കുന്നവര്‍
ആദ്യകാല മിസ്റ്റിക്കുകള്‍ മനനവും ധ്യാനവും ദൈവസായൂജ്യത്തില് എത്താന്‍ ഉപയോഗിച്ചിരുന്നു എന്ന വസ്തുതയെ ഈ ലഘുലേഖ സമ്മതിക്കുന്നു. പില്ക്കാലത്ത് യോഗയിലേക്ക് തിരിഞ്ഞ ഡോ ഡേവിഡ് ഫ്രോളിയെപ്പോലുള്ള മുന്‍ ക്രിസ്ത്യാനികളും ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എക്കാലവും മനുഷ്യരാശിയുടെ സ്വതന്ത്രമായ സത്യാന്വേഷണത്തിന്റെ ഭാഗമായിരുന്നു മനനവും ധ്യാനവും. എന്നാല്‍ മതങ്ങള്‍ക്ക് ക്രൈസ്തവ സഭയെപ്പോലുള്ള സംഘടിത സ്വഭാവം കൈവന്നതോടു കൂടി നേരിട്ടുള്ള ദൈവീകാനുഭവത്തിനു പകരം, സഭയുടെ പ്രബോധനങ്ങളിലുള്ള വിശ്വാസവും സഭാനേതാക്കളോടുള്ള ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വവും മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങളായി തീര്‍ന്നു. തങ്ങളുടെ സ്വാധീനശക്തിക്ക് വെല്ലുവിളിയായിട്ടാണ് മിസ്റ്റിക്കുകളുടെ സത്യാന്വേഷണങ്ങളെ ക്രൈസ്തവസഭ കണ്ടത്. അത്തരക്കാരെയും അവരെ പിന്തുടരുന്നവരേയും പിന്തിരിപ്പിക്കാന് മതമേധാവികള്‍ രാഷ്ട്രീയാധികാരത്തിന്റെ പിന്തുണയോടെ എല്ലാവിധ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചിട്ടുള്ളതിന് എണ്ണമറ്റ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും.
സൂഫികളുടെ കാര്യവും ഏതാണ്ട് ഇതിനു സമാനമാണ്. എന്നാല്‍ എല്ലാ പ്രവാചകരും ഗുരുക്കന്മാരും മതസ്ഥാപകരും ഏതെങ്കിലും സഭയുടേയോ മതസംഘത്തിന്റെയോ ഭാഗമായല്ലാതെ സ്വതന്ത്രമായി സത്യാന്വേഷണം നടത്തിയവരാണ് എന്നതാണ് ഇതില്‍ ഏറ്റവും രസകരമായ വസ്തുത. അവര്‍ സ്വയം അനുഭവിച്ചറിഞ്ഞ ആ സാര്‍വ്വലൗകിക സത്യത്തെ മറ്റുള്ളവര്‍ക്കും അനുഭവിക്കാം എന്ന പ്രത്യാശയും മാര്‍ഗ്ഗദര്‍ശനവുമാണ് അവരുടെ ജീവിതങ്ങള്‍. എന്നാല്‍ ആ ജീവിതങ്ങളെ അതേപോലെ പിന്‍പറ്റുന്നതിനു പകരം അവരുടെ പേരില്‍ സംഘടിത മതങ്ങളും അധികാര സ്ഥാപനങ്ങളും സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കുകയായിരുന്നു അവരെ പിന്തുടര്ന്നു വന്നവര്‍ ചെയ്തത്. അജ്ഞേയമായതിനെ കുറിച്ചുള്ള ഭയപ്പാടുകള്‍ വളര്‍ത്തി ജനസാമാന്യത്തെ തങ്ങളുടെ തീട്ടൂരങ്ങളില്‍ തളച്ചിടേണ്ടത് സ്വന്തമായ ആത്മീയാനുഭവത്തിന്റെ പിന്തുണയില്ലാതെ ആത്മീയപട്ടം നേടിയ ചെറിയ മനുഷ്യരുടെ ആവശ്യമാണ്. ‘യോഗ ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്ന് സഭയ്ക്ക് പിന്തിരിഞ്ഞു നില്‍ക്കാനാവില്ല’ എന്ന മാര്‍ഗ്ഗരേഖയിലെ അവസാന വരി കാണിക്കുന്നത് ഇതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: