തിരുവനന്തപുരം : പോലീസ് സേനയില്‍ അടുത്തിടെയുണ്ടായ വീഴ്ചകള്‍ യാദൃച്ഛികമെന്നു പറഞ്ഞു സര്‍ക്കാരിനു മാറിനില്‍ക്കാനാകില്ല. തെറ്റു ചെയ്താല്‍ കര്‍ക്കശമായ നടപടി എടുക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില നടപടികള്‍, ചില കാര്യങ്ങളില്‍ വേണ്ടതുണ്ട്. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പല മേഖലയിലും നടന്നിട്ടുണ്ടാകാം. പക്ഷേ, സംഭവിക്കാന്‍ പാടില്ലാത്തത് പോലീസ് സേനയില്‍ ഉണ്ടാകരുത്. കോസ്റ്റല്‍ പോലീസ് വാര്‍ഡന്മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന പോലീസ് സേനയില്‍ അനേകായിരങ്ങളാണ് ജോലി ചെയ്യുന്നത്. സേനാംഗങ്ങളില്‍ ചിലര്‍ക്ക് പ്രത്യേക മാനസ്സികാസ്വാസ്സ്ഥ്യങ്ങളുണ്ടാകാം. ഒറ്റപ്പെട്ട ഇത്തരം വ്യക്തികളുടെ മാനസികാവസ്ഥ അതേപടി പ്രകടിപ്പിക്കാന്‍ സേനയില്‍ സാഹചര്യമുണ്ടാകാന്‍ പാടില്ല. പോലീസ് സേനാംഗങ്ങള്‍ ഒറ്റയാള്‍ പട്ടാളങ്ങളല്ല. പലവിധ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ ഏതൊരു പോലീസ് ഉദ്യോഗസ്ഥനും സേനയില്‍ പ്രവര്‍ത്തിക്കാനാകൂ.
പോലീസില്‍ സാരമായ മാറ്റം വരുത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനം ഇനി മുതല്‍ പോലീസ് സേനയ്‌ക്ക് നല്‍കുമെന്നും പഴയ പൊലീസ് മുഖം മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളുടെ കര്‍ത്തവ്യം കാര്യക്ഷമമായി നിര്‍വ്വഹിക്കുമ്പോള്‍ തെറ്റായ പ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടായെന്നുവരാം. അവയ്‌ക്കു പിന്നാലെ പോയി ആത്മാര്‍ത്ഥതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെയും ക്രൂശിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. തെറ്റുചെയ്യുന്നവര്‍ക്ക് ഇതു ബാധകമല്ലെന്ന പൊതുബോധം എല്ലാവര്‍ക്കുമുണ്ടാകണം മുഖ്യമന്ത്രി പറഞ്ഞു.
പീരുമേട് കസ്റ്റഡിമരണം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം വായ്‌പാതട്ടിപ്പു കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശി രാജ്കുമാര്‍ റിമാന്‍ഡില്‍ മരണപ്പെട്ടിരുന്നു. പോലീസിന്റെ ക്രൂരമര്‍ദനം ഇയാള്‍ക്ക് ഏറ്റിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കൈക്കൂലി കൊടുക്കാത്തതിനു മകനെ പോലീസ് കൊന്നതാണെന്ന് രാജ്കുമാറിന്റെ അമ്മയും ആരോപണം ഉന്നയിച്ചിട്ടുണ്ട്.
















