കൃത്സനപ്രസക്ത്യധികരണം തുടരുന്നു.
ബ്രഹ്മം അവയവങ്ങളൊന്നുമില്ലാത്തതാണെന്നും ശുദ്ധബ്രഹ്മം പ്രപഞ്ചത്തിന് അതീതമാണെന്നും കഴിഞ്ഞ സൂത്രത്തില്‍ സ്ഥാപിച്ചു.
പൂര്‍വപക്ഷത്തിന്റെ മറ്റൊരു വാദത്തിനുള്ള മറുപടിയാണ് അടുത്ത സൂത്രം.
സൂത്രം ആത്മനിചൈവം
വിചിത്രാശ്ച ഹി
ജീവാത്മാവിലും ഇതുപോലെ വിചിത്രങ്ങളായ സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ടല്ലോ.
യുക്തി കൊണ്ട് പരിശോധിച്ചാലും വേദസമ്മതമായ ഈ വിഷയത്തെ മനസ്സിലാക്കാനാവും.
അവയവങ്ങളൊന്നുമില്ലാത്തതും വികാരങ്ങളില്ലാത്തതുമായ ജീവാത്മാവിലും വിചിത്രങ്ങളായ സൃഷ്ടികള്‍ നടക്കാറുണ്ട്.
ഏകവും ശുദ്ധവുമായ ബ്രഹ്മത്തില്‍ നിന്ന് എങ്ങനെയാണ് വൈവിധ്യമാര്‍ന്ന ഈ ജഗത്ത് ഉണ്ടാകുമെന്ന ചോദ്യത്തിന് മറുപടിയാണ് ഈ സൂത്രം.
നേരത്തെ ശ്രുതി പ്രമാണം കൊണ്ട് പറഞ്ഞതിനെ യുക്തി കൊണ്ട് ബോധിപ്പിക്കുകയാണ് ഇവിടെ.
ജീവന് സ്വപ്നാവസ്ഥയില് പലവിധ കാര്യങ്ങളെ അനുഭവിക്കുന്നത് നമ്മള് അറിയുന്നുണ്ട്. ഒരാള്‍ സ്വപ്നം കാണുമ്പോള്‍ ആ സ്വപ്നലോകത്തെ സൃഷ്ടിക്കുന്നതും അതെല്ലാമായി മാറിയതും അതിനെ അനുഭവിക്കുന്നതും അയാള്‍ തന്നെയാണ്.
ബൃഹദാരണ്യകത്തില്‍
‘ന തത്ര രഥാ ന രഥയോഗാ ന പന്ഥാനോ ഭവന്ത്യഥ രഥാന്‍ രഥയോഗാന്‍ പഥ: സൃജതേ’ ശരീരത്തിനുള്ള ജീവാത്മാവ് സ്വപ്നത്തില്‍ തേരുകളേയും കുതിരകളേയും വഴികളേയും സ്വയം സൃഷ്ടിക്കുന്നു. വാസ്തവത്തില്‍ ഇവ ഒന്നും ഇല്ലാത്തതായിരുന്നുവെങ്കിലും ജീവാത്മാവ് സ്വയം ഉണ്ടാക്കിയെടുത്തതാണ്. തന്റെ സ്വരൂപാവസ്ഥയ്ക്ക് മാറ്റം വരുത്താതെയാണ് സ്വപ്നത്തില്‍ വിചിത്ര സൃഷ്ടികളെ സ്വയം ചെയ്യുന്നത്.
ദേവന്മാരും മായാജാലക്കാരും തങ്ങളുടെ സ്വരൂപത്തിന് മാറ്റം വരുത്താതെ തന്നെ ഇങ്ങനെ പലവിധ സൃഷ്ടികളും നടത്തുന്നു. ശുദ്ധമായ ബ്രഹ്മത്തിലും ഇങ്ങനെ അത്തരം സൃഷ്ടികള്‍ ഉണ്ടാകുന്നതാണ്.
വിശ്വാമിത്രന്, വസിഷ്ഠന് ഭരദ്വാജന്, പരാശരന് തുടങ്ങിയവരുടെ ചരിതങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ കാണാം. ഇങ്ങനെ യുക്തി കൊണ്ടും ജഗത് കാരണം ബ്രഹ്മമെന്ന് കാണാം.
സൂത്രം സ്വപക്ഷദോഷാച്ച
ബ്രഹ്മം ജഗത് കാരണമല്ല എന്ന് വാദിക്കുന്നവരുടെ പക്ഷങ്ങളില്‍ പലദോഷങ്ങളും കാണുന്നു എന്നതുകൊണ്ടും.
സിദ്ധാന്ത പക്ഷത്തെ എതിര്‍ക്കുന്ന പൂര്‍വ പക്ഷക്കാരുടെ വാദങ്ങള്‍ പലതും ദോഷങ്ങളുള്ളവയാണ്. അതിനാല്‍ സ്വീകരിക്കാനാവില്ല.
പ്രധാനമാണ് ജഗത് കാരണം എന്ന സാംഖ്യന്മാരുടെ വാദത്തില്‍ ദോഷമുണ്ട്. ജഡവും അവയവമില്ലാത്തതുമായപ്രധാനത്തില് നിന്ന് എങ്ങനെ ചേതനവും അവയവങ്ങളുള്ളതുമായ ജഗത്തുണ്ടാകും. ഇനി പ്രധാനം അവയവങ്ങളോട് കൂടിയതാണെന്ന് പറയുകയാണെങ്കില്‍ അതും കുഴപ്പമാണ്. സത്ത്വം ,രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ സമതുലിതമായ അവസ്ഥയാണ് പ്രധാനം. ഈ മൂന്ന് ഗുണങ്ങളും അവയവങ്ങള്‍ ഇല്ലാത്തവയാണ്.അപ്പോള്‍ ഇവ കൂടിച്ചേരുന്ന പ്രധാനം എങ്ങനെ അവയവമുള്ളതാകും. വൈശേഷികന്മാരുടെ പരമാണു വാദത്തിലും ഈ ദോഷം കാണാം.
പ്രധാനം ശ്രുതിയ്ക്ക് വിരുദ്ധമാണ്. വേദ പ്രാമാണ്യമില്ലാത്തതിനാല് അത് കണക്കിലെടുക്കാനാവില്ല.
അതിനാല്‍ എല്ലാ ദോഷങ്ങളില്‍ നിന്നും മുക്തമായ ബ്രഹ്മം തന്നെയാണ് ജഗത് കാരണമെന്ന് യുക്തി കൊണ്ടറിയണം. ശ്രുതി പറയുന്നതും ഇങ്ങനെയുള്ള ബ്രഹ്മത്തെക്കുറിച്ചു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: