മലയാളത്തിലെ ബാലസാഹിത്യശാഖയ്‌ക്ക് ഈടുറ്റ സംഭാവനകളര്‍പ്പിച്ച മലയത്ത് അപ്പുണ്ണിക്കാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇത്തവണത്തെ ബാലസാഹിത്യപുരസ്‌കാരം. അര്‍ഹത അംഗീകരിക്കപ്പെട്ട ആഹ്ലാദത്തിലാണ് വായനാലോകം. ബാലസാഹിത്യത്തിന്റെ ലക്ഷ്യധര്‍മങ്ങള്‍ നേരാംവണ്ണം ഗ്രഹിച്ച ഈ എഴുത്തുകാരന് വൈകിവന്ന അംഗീകാരമാണിത്. അവാര്‍ഡിനായി അണിയറയില്‍ കരുക്കള്‍ നീക്കുന്ന പ്രകൃതക്കാരനല്ല മലയത്ത് അപ്പുണ്ണി.
നമ്മുടെ മണ്ണില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുന്ന ഒരു തുളസിച്ചെടിയുടെ പവിത്രതയാണ് ആ മനസ്സിന്റെ നിത്യഭാവം. അയത്‌നലളിതമായ ഭാഷയില്‍, തെളിഞ്ഞ ശൈലിയില്‍ ബാലസാഹിത്യമെഴുതുന്നതില്‍ അപ്പുണ്ണി പ്രദര്‍ശിപ്പിച്ച സമീപനമാണ് വാസ്തവത്തില്‍ പുരസ്‌കൃതമായത്. സംസ്‌കാരപോഷണത്തിന് ശ്രദ്ധയൂന്നിയും ഭാവനയെ പ്രോജ്ജ്വലിപ്പിക്കുന്നതില്‍ താല്‍പര്യം കാട്ടിയും അപ്പുണ്ണിയെഴുതിയ ബാലസാഹിത്യകൃതികള്‍ സര്‍ഗാത്മകതയുടെ നിധിനിക്ഷേപങ്ങളാണ്. ബാലസാഹിത്യരചനയിലേര്‍പ്പെടുന്നത് രണ്ടാംകിട സാഹിത്യവ്യാപാരമാണെന്ന പൊതുധാരണ തിരുത്തുന്നതില്‍ ഈ നാടന്‍ മനുഷ്യന്‍ വഹിച്ച പങ്ക് വേണ്ടവിധം സഹൃദയലോകം തിരിച്ചറിഞ്ഞിട്ടില്ല.
എണ്‍പതിലേറെ ബാലസാഹിത്യകൃതികള്‍ കൈരളിക്ക് സമ്മാനിച്ച പ്രതിഭാശാലിയും പ്രയത്‌നശാലിയുമാണ് അപ്പുണ്ണി. കാട്ടിലെ മുല്ല, ആലേ ആലേ അരയാലേ, കാഴ്ചബംഗ്ലാവ്്, മുന്തിരിക്കുല, തേന്‍വരിക്ക എന്നിങ്ങനെ ബാലകവിതാസമാഹാരങ്ങള്‍. അലക്കുകാരന്റെ കവിത, കമ്പിളിക്കുപ്പായം, പൊന്മയും പാമ്പും തുടങ്ങിയ ബാലകഥാസമാഹാരങ്ങള്‍. മഹാകവികളുടെ ബാലകവിതകള്‍, കുമാരനാശാന്റെ കുട്ടിക്കവിതകള്‍- അപ്പുണ്ണി കുഞ്ഞുമനസ്സുകളുടെ ഇഷ്ടതോഴനായി തീര്‍ന്നത് ഈ പുസ്തകങ്ങളിലൂടെയാണ്. ഭാഷാപിതാവായ എഴുത്തച്ഛന്റെയും മഹാകവി കുമാരനാശാന്റെയും മഹാകവി ഉള്ളൂരിന്റെയും മഹാകവി വള്ളത്തോളിന്റെയും ജീവചരിത്രം കുട്ടികള്‍ക്കായി രചിച്ചതും അപ്പുണ്ണി തന്നെ. കുട്ടികള്‍ക്കായി ഭഗവത്ഗീത വ്യാഖ്യാനിക്കാനും ഈ സാഹിത്യകാരന്‍ സമയം കണ്ടെത്തി.
ബാല്യകാലത്തെ കുറിച്ചുള്ള ഓര്‍മകളൊന്ന് പങ്കുവെക്കുമോ?
മലപ്പുറം ജില്ലയിലെ തെക്കന്‍ കുറ്റൂര്‍ എന്ന ഗ്രാമത്തിലാണ് ജനനം. 1943 ഓഗസ്റ്റ് 15 ന്. തിരൂര്‍ – തിരുന്നാവായ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന തെക്കന്‍കുറ്റൂര്‍ ഗ്രാമം പുരോഗതിയുടെ കാര്യത്തില്‍ വളരെ പിന്നിലായിരുന്നു. തെങ്ങും കവുങ്ങും താഴ്‌വരകളും വിശാലമായ നെല്‍പ്പാടങ്ങളും മൊട്ടക്കുന്നുകളും ചേര്‍ന്നതായിരുന്നു എന്റെ ഗ്രാമം. യാത്രാസൗകര്യങ്ങളുണ്ടായിരുന്നുവെങ്കിലും വീടുകളില്‍ വൈദ്യുതിയൊന്നും എത്തിയിരുന്നില്ല. ഒന്നര കിലോമീറ്റര്‍ ദൂരം നടന്നുപോയിട്ടാണ് പ്രൈമറി സ്‌കൂളില്‍ പഠിച്ചത്. ഒരു ഇടത്തരം കര്‍ഷക കുടുംബമായിരുന്നു എന്റേത്. അച്ഛന്‍ തിയ്യാടത്ത് ശേഖരന്‍നായര്‍. അമ്മ മലയത്ത് പാപ്പിയമ്മ. അവര്‍ക്ക് നാല് ആണ്‍മക്കള്‍. രണ്ടാമത്തെ ആളാണ് ഞാന്‍. തെക്കന്‍ കുറ്റൂര്‍ ഗവ: എല്‍പി സ്‌കൂള്‍, വെട്ടത്തു പുതിയങ്ങാടി യുപി സ്‌കൂള്‍, തിരൂര്‍ ഗവ: ബോയ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സര്‍ഗാത്മകതയെ പോഷിപ്പിക്കാന്‍ തക്ക സാംസ്‌കാരികമായ അന്തരീക്ഷം വീട്ടിലുണ്ടായിരുന്നോ?
സാഹിത്യപാരമ്പര്യമുള്ള കുടുംബമായിരുന്നില്ല എന്റേത്. അക്കാലത്ത് അദ്ധ്യാത്മരാമായണം, മഹാഭാരതം എന്നീ ഗ്രന്ഥങ്ങളല്ലാതെ മറ്റൊന്നും സാധാരണ വീടുകളിലുണ്ടാവാറില്ല. ദിനപ്പത്രങ്ങള്‍തന്നെ എല്ലാ വീടുകളിലും എത്തിയിരുന്നില്ല. പത്രം വരുത്തിയിരുന്നത് ചില പ്രധാന വീടുകളില്‍ മാത്രം. ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര വായനാശീലമുണ്ടായിരുന്നില്ല.
കവിതയുടെ ലോകത്തേക്ക് അപ്പുണ്യേട്ടന്‍ കടന്നുവന്നതെങ്ങനെ?
കവിതയുടെ ലോകത്തേക്ക് ഞാന്‍ കടന്നുവന്നത് തികച്ചും ആകസ്മികമായിട്ടാണ്. വെട്ടത്തുപുതിയങ്ങാടി അപ്പര്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവം ഇന്നുമെന്റെ മനസ്സില്‍ പച്ചപിടിച്ചുകിടക്കുന്നുണ്ട്. കൊടക്കല്‍ ഓട്ടുകമ്പനിയിലെ ഓടുകള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കയറ്റി അയയ്‌ക്കാന്‍ കൊണ്ടുപോയിരുന്നത് സ്‌കൂളിന്റെ മുമ്പിലൂടെ പോകുന്ന ചെമ്മണ്‍പാതയിലൂടെ കാളവണ്ടിയിലായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തിരിച്ചുപോകുന്ന കാളവണ്ടിയില്‍ ചിലപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ കയറും. അങ്ങനെ കാളവണ്ടിയില്‍ കയറിയ എന്നോടും മറ്റു ചില കുട്ടികളോടും വണ്ടിക്കാരന്‍ പണം ആവശ്യപ്പെട്ടു.
ഞങ്ങള്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയോടി. പുസ്തകസ്സഞ്ചിയുമായി ഓടിയ എന്നെക്കുറിച്ച് കൂട്ടുകാരനായ നാരായണന്‍ ചില വരികളെഴുതി. അവനെക്കുറിച്ച് ഞാനും ഒരു കവിത എഴുതി. ‘കണ്ടവരുണ്ടോ’ എന്ന പേരില്‍. നാരായണന്‍ ഒരിക്കല്‍ നാടുവിട്ടുപോയി തിരിച്ചുവന്നതാണ്. ആ കവിത ആരോ കടലാസില്‍ പകര്‍ത്തി അദ്ധ്യാപകന്റെ കൈയിലെത്തിച്ചു. മാഷ് എന്നെ വിളിപ്പിച്ചു. ‘ഇത് താനെഴുതിയതാണോ’ എന്നു ചോദിച്ചു. ‘ആണ്’ എന്നു പറഞ്ഞാല്‍ അടികൊള്ളും. ‘അല്ല’ എന്നു പറഞ്ഞാല്‍ നുണ പറഞ്ഞതിന് അടികൊള്ളും. മിണ്ടാതെ നിന്നു. മാഷ് പറഞ്ഞു ‘കവിത നന്നായിട്ടുണ്ട്. സ്‌കൂള്‍ മാസികയില്‍ ചേര്‍ക്കും.’ ‘വിജ്ഞാനവീചി’ എന്ന പേരില്‍ തയ്യാറാക്കിയിരുന്ന കയ്യെഴുത്തു മാസികയില്‍ അതു വെളിച്ചം കണ്ടു. ഇതോടെ കുട്ടികള്‍ കവി, കവി വിളിക്കാനുമാരംഭിച്ചു. ചിലര്‍ കപി കപി എന്നുവിളിച്ചതും മറക്കാനാവുന്നില്ല. സ്‌കൂളിലെ ആസ്ഥാനകവിപ്പട്ടമങ്ങനെ എന്നില്‍ ചാര്‍ത്തപ്പെട്ടു.
തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം അദ്ധ്യാപകനായിരുന്ന ഗംഗാധരന്‍ നായ്‌ക്കത്ത് മാഷ് കവിതയോ കഥയോ എഴുതുന്ന കുട്ടികളുണ്ടെങ്കില്‍ അവരോട് സ്വന്തം സൃഷ്ടികള്‍ കൊണ്ടുവരാന്‍ പറഞ്ഞു. ഞാന്‍ ‘കണ്ടവരുണ്ടോ’ എന്ന കവിത പകര്‍ത്തി കൊടുത്തു. വായിച്ചുനോക്കിയ ശേഷം മാഷ് പറഞ്ഞു: ”കവിതാവാസനയുണ്ട് ധാരാളം പുസ്തകങ്ങള്‍ വായിക്കണം.” മാഷിനെ നന്ദിയോടെ ഞാനെന്നും സ്മരിക്കാറുണ്ട്.
സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ജി.ശങ്കരക്കുറുപ്പിന്റെ ‘ഓടക്കുഴല്‍’, വൈലോപ്പിള്ളിയുടെ ‘കന്നിക്കൊയ്‌ത്ത്’, അക്കിത്തത്തിന്റെ ‘മനസ്സാക്ഷിയുടെ പൂക്കള്‍’, വയലാറിന്റെ ‘കൊന്തയും പൂണൂലും’ തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചു. ആ വര്‍ഷം സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന കവിതാരചനാമത്സരത്തില്‍ എനിക്ക് രണ്ടാം സമ്മാനവും കിട്ടി. മനസ്സില്‍ ആഹ്ലാദസമുദ്രം തിരയടിച്ച മുന്തിയ ജീവിതസന്ദര്‍ഭം.
ആദ്യം അച്ചടിമഷി പുരണ്ട കവിത? ആദ്യകവിത ലോകം കണ്ടപ്പോള്‍ ഉണ്ടായ വികാരമെന്തായിരുന്നു?
സ്‌കൂള്‍ അവധിക്കാലത്ത് തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര പോയി. മാതൃഭൂമി ആഫീസില്‍ ചെന്നു. ഞങ്ങളുടെ ഒരു അകന്ന ബന്ധു അവിടെ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തിരുന്നു, എന്‍.പി.ദാമോദരന്‍. അദ്ദേഹത്തെ ചെന്നുകണ്ടു. ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എന്‍.വി.കൃഷ്ണവാരിയരുടെ കയ്യില്‍ കവിത കൊടുക്കാന്‍ പറഞ്ഞു. കവിത വായിച്ചുനോക്കിയ ശേഷം കൃഷ്ണവാരിയര്‍ സബ് എഡിറ്ററായിരുന്ന എം.ടി.വാസുദേവന്‍നായരുടെ കയ്യില്‍ കൊടുത്തു. കഥയുടെയും ബാലപംക്തിയുടെയും ചുമതല എം.ടി.ക്കായിരുന്നു. ആ കവിത അച്ചടിമഷി പുരണ്ടു. ‘കാക്കയോട്’ എന്നുപേരുള്ള കവിതയുടെ ആ തുടക്കം ഞാനിന്നുമോര്‍ക്കുന്നു:
പുലരി വരുന്നെന്നോതുകയാണോ പുളിമരമുകളില്‍ കാക്കേ നീ?
ആ കവിതയാണ് ആദ്യമായി എന്റെ പേരില്‍ പ്രസിദ്ധീകരിച്ച കവിത. പിന്നീട് ബാലപംക്തിയില്‍ എന്റെ ധാരാളം കവിതകള്‍ ഇടംപിടിച്ചു തുടങ്ങി. മാതൃഭൂമിയില്‍ കവിത വന്നാല്‍ അക്കാലത്ത് കവിയായി അംഗീകരിക്കപ്പെടുമായിരുന്നു. ആദ്യകവിത പ്രസിദ്ധീകരിച്ചുവെന്നറിഞ്ഞപ്പോഴുണ്ടായ ആനന്ദാനുഭൂതി വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. സ്വയം മതിപ്പുതോന്നിയ വിലപ്പെട്ട സുന്ദരനിമിഷങ്ങള്‍. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ മുതിര്‍ന്നവര്‍ക്കായുള്ള കവിത വന്നപ്പോഴും ആഹ്ലാദം തിരതല്ലി. ഒരു ഊണിന് ഇരുപത്തിയഞ്ച് പൈസയുള്ള കാലത്ത് ഏഴുരൂപ പ്രതിഫലമായി ലഭിച്ചത് ഇരട്ടി മധുരമായി.
എഴുത്തിന്റെ വഴിയില്‍ പ്രോത്സാഹനം നല്‍കിയ മുതിര്‍ന്ന സാഹിത്യകാരന്മാര്‍?
1962-ല്‍ കേരളസാഹിത്യസമിതി ഷൊര്‍ണ്ണൂരില്‍ വെച്ചു നടത്തിയ അഞ്ചു ദിവസത്തെ കവിതാക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. കേരളത്തിന്റെ പല ഭാഗത്തുനിന്നും 50 യുവകവികള്‍ ക്യാമ്പിലുണ്ടായിരുന്നു. പണ്ഡിതവരേണ്യനും കവിയുമായ എന്‍.വി.കൃഷ്ണവാരിയര്‍ ആയിരുന്നു ക്യാമ്പ് ഡയറക്ടര്‍. അഞ്ചു ദിവസം ഭക്ഷണവും താമസവും ക്യാമ്പില്‍ തന്നെ. ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ഒളപ്പമണ്ണ, ജോസഫ് മുണ്ടശ്ശേരി, കുറ്റിപ്പുഴ കൃഷ്ണപിള്ള, പ്രൊഫ. എം.ആര്‍.ചന്ദ്രശേഖരന്‍, ചെറുകാട് തുടങ്ങിയ പ്രതിഭാശാലികള്‍ ക്യാമ്പംഗങ്ങളുടെ കവിതകള്‍ പരിശോധിച്ച് തിരുത്തുന്നുണ്ടായിരുന്നു.
‘വീണ’ എന്ന എന്റെ കവിത വായിച്ചിഷ്ടപ്പെട്ട മഹാകവി ജി.ശങ്കരക്കുറുപ്പ് അതു കയ്യില്‍നിന്ന് വാങ്ങിക്കൊണ്ടുപോയി അദ്ദേഹത്തിന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘തിലകം’ എന്ന മാസികയില്‍ ചേര്‍ത്തു. അതില്‍ പിന്നെ, ‘മാതൃഭൂമി’ക്കയയ്‌ക്കുന്ന എന്റെ കവിതകള്‍ മുതിര്‍ന്നവരുടെ പംക്തിയില്‍ വരാന്‍ തുടങ്ങി. അന്നെനിക്കു കേവലം പത്തൊമ്പത് വയസ്സ്. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആഴ്ചപ്പതിപ്പിലും കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ജനയുഗം’ വാരികയിലും പിന്നീട് ‘ചന്ദ്രിക’യിലും കവിതകള്‍ നിരന്തരം അച്ചടിച്ചു വന്നുകൊണ്ടിരുന്നു. എം.ടി.വാസുദേവന്‍ നായരോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു. എന്റെ കവിത ‘മാതൃഭൂമി’യിലാദ്യം പ്രസിദ്ധീകരിച്ചത് അദ്ദേഹമാണല്ലോ. കടവനാട് കുട്ടികൃഷ്ണനോടും സി.എച്ച്.മുഹമ്മദ്‌കോയയോടും പൊറ്റെക്കാടിനോടും കുഞ്ഞുണ്ണിമാഷിനോടും മഹാകവി അക്കിത്തത്തോടും പൂര്‍ണ ബാലകൃഷ്ണമാരാരോടും നിറഞ്ഞ നന്ദിയുണ്ടെനിക്ക്. അവരൊക്കെ പ്രോത്സാഹിപ്പിച്ചാണ് എന്നിലെ ‘എന്നെ’ വളര്‍ത്തിയെടുത്തത്.
ഔദ്യോഗിക ജീവിതത്തിന്റെ നാള്‍വഴികള്‍?
1959-ലാണ് എസ്എസ്എല്‍സി ജയിച്ചത്. കുറേകാലം അണ്ടര്‍ ട്രെയിന്‍ഡ് അധ്യാപകനായി വയനാട്ടിലെ ചില സ്‌കൂളുകളില്‍ ജോലി ചെയ്തു. 1964-ല്‍ കോഴിക്കോട് എന്‍സിസി ഓഫീസില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998-ല്‍ മാനേജര്‍ (ഗസറ്റഡ് തസ്തിക) പദവിയില്‍ നിന്ന് റിട്ടയര്‍ ചെയ്തു. മറ്റു ഗവ. ഓഫീസുകളില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും എന്റെ സാഹിത്യപ്രവര്‍ത്തനത്തിന് ഔദ്യോഗികജീവിതം തീരെ തടസ്സമായില്ല. അതൊരു മഹാഭാഗ്യം.
ഇരുപത്തിയൊന്നാം വയസ്സില്‍ തെക്കന്‍ കുറ്റൂരില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് പറിച്ചുനടപ്പെട്ട ജീവിതം ഒന്നോര്‍ത്തെടുക്കാമോ? നഗരജീവിതം
കവിക്ക് സമ്മാനിച്ചത് മധുരമോ കയ്‌പ്പോ?
അക്കാലത്ത് കേരളസാഹിത്യസമിതി ധാരാളം കവിസമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതിലെല്ലാം കവിത വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമുള്ള കോളേജുകളിലും സ്‌കൂളുകളിലും സ്ഥിരമായി കവിയരങ്ങുകളുണ്ടാവും. എന്‍.വി.കൃഷ്ണവാരിയര്‍, അക്കിത്തം, കക്കാട്, പ്രൊഫ. വി.എ.കേശവന്‍ നമ്പൂതിരി, കുഞ്ഞുണ്ണിമാഷ് എന്നിങ്ങനെ കോഴിക്കോട്ടുണ്ടായിരുന്ന കവികളുടെ കൂടെ പല സദസ്സുകളിലും പങ്കെടുക്കാന്‍ സാധിച്ചു. കാവ്യരംഗത്തെ വളര്‍ച്ചയ്‌ക്ക് അത് സഹായകമായിത്തീര്‍ന്നുവെന്ന് പറയാതെ വയ്യ. കോഴിക്കോട്ടെ ജീവിതം എനിക്ക് മധുരതരം തന്നെ. നഗരത്തില്‍ കഴിയുമ്പോഴും എന്നിലെ കുട്ടിയെ – ഗ്രാമീണനെ ഞാന്‍ കൈവെടിഞ്ഞതുമില്ല.
മഹാകവി അക്കിത്തത്തെ ഗുരുവായിട്ടാണല്ലോ താങ്കള്‍ കാണുന്നത്? അക്കിത്തവുമായി സമ്പര്‍ക്കത്തിലായതെങ്ങനെയാണ്?
ഞാന്‍ കോഴിക്കോട് വന്ന കാലത്ത് അക്കിത്തം ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്നു. എന്റെ കവിതകള്‍ അദ്ദേഹം വായിച്ചുനോക്കി വേണ്ട ചില തിരുത്തലുകള്‍ നടത്തിയിരുന്നു. കക്കാടും അന്ന് ആകാശവാണിയിലുണ്ടായിരുന്നു. ആകാശവാണിയിലൂടെ ഒട്ടേറെ കവിതകളവതരിപ്പിക്കാന്‍ എനിക്കവര്‍ അവസരം നല്‍കി. ഇരുവരും എന്നെ ഏറെ പ്രോത്സാഹിപ്പിച്ചവരാണ്. അവരോടുള്ള എന്റെ കടപ്പാടിന് പരിധികളില്ല.
ബാലസാഹിത്യരംഗത്തേക്ക് കടന്നുവരാനുണ്ടായ പ്രേരണയെന്തായിരുന്നു?
ആകാശവാണിയില്‍ ബാലലോകം, ശിശുലോകം എന്നീ പരിപാടികളില്‍ അവതരിപ്പിക്കാന്‍ ബാലകവിതകളും പാട്ടുകളും ധാരാളം എഴുതുകയുണ്ടായി. അതെല്ലാം പുസ്തകരൂപത്തിലാക്കിയപ്പോള്‍ നല്ല പ്രതികരണമാണ് വായനക്കാരില്‍നിന്ന് കിട്ടിയത്. ഈ പ്രതികരണത്തിലെ നന്മയാണ് എന്റെ പാഥേയം.
ബാലസാഹിത്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ബാലസാഹിത്യം എന്നൊരു ശാഖ മുമ്പുണ്ടായിരുന്നില്ല. മഹാകവികള്‍ എഴുതിയ കുട്ടിക്കവിതകളും അവരുടെ കവിതകളിലെ ചില ഭാഗങ്ങളുമാണ് കുട്ടികള്‍ക്ക് വായിക്കാന്‍ കിട്ടിയിരുന്നത്. അക്കിത്തത്തിന്റെ കുട്ടിക്കവിതകളാണ് കുട്ടിക്കവിതകള്‍ എഴുതാന്‍ എനിക്ക് പ്രചോദനമേകിയത്. ഭാവനയുടെയും അര്‍ത്ഥത്തിന്റെയും ആശയത്തിന്റെയും മനോഹരമായ മേളനമാണ് അക്കിത്തത്തിന്റെ ബാലകവിതകള്‍. ഈയടുത്ത് ഒരഭിമുഖത്തില്‍ എന്നോടൊരാള്‍ ചോദിച്ചു. ഇപ്പോള്‍ ഒരു കുട്ടിയായി ജനിക്കാനാഗ്രഹമുണ്ടോ യെന്ന്. സങ്കല്‍പ്പിക്കാനേ വയ്യ എന്നായിരുന്നു എന്റെ ഉത്തരം. ഓര്‍ക്കുമ്പോഴേ ശ്വാസംമുട്ടുന്നു. കൊയ്‌ത്തൊഴിഞ്ഞ നെല്‍പ്പാടങ്ങളോ അവിടെ മേഞ്ഞുനടക്കുന്ന കന്നുകാലികളോ ഓണക്കാലത്തെ പൂവിളിയോ ഊഞ്ഞാലാട്ടമോ ഇന്നത്തെ കുട്ടികള്‍ക്കില്ലല്ലോ. കുന്നുംപുറത്തേക്ക് ഓടികയറാന്‍ കുന്നുകളുമിന്നില്ല. മച്ചിങ്ങയില്‍ ഈര്‍ക്കിലി കുത്തിയുണ്ടാക്കുന്ന പമ്പരമോ പ്ലാവിലത്തൊപ്പിയോ അവര്‍ കണ്ടിട്ടുപോലുമില്ല. കമ്പ്യൂട്ടറും മൊബൈലും കാര്‍ട്ടൂണ്‍ ചാനലുകളുമാണ് അവരുടെ ലോകം. അവിടെയൊരു കുട്ടിയായി ജനിക്കാനെനിക്കാഗ്രഹമില്ല.
മലയാളത്തിലെ ബാലസാഹിത്യശാഖയുടെ ഇന്നത്തെ നില തൃപ്തികരമാണോ?
ധാരാളം ബാലകവിതകളും ബാലകഥകളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അവയിലെ കതിരുകള്‍ നിലനില്‍ക്കും. പതിരുകള്‍ കാലം പാറ്റിക്കളയും. കഥകളുടെ കാര്യത്തില്‍ പുനരാഖ്യാനങ്ങളാണ് കൂടുതലും. തനതായ സൃഷ്ടികള്‍ ഈ രംഗത്ത് ഉണ്ടാവണം. ബാലസാഹിത്യകൃതികളില്‍ ഇന്ന് സാഹിത്യത്തിന് വേണ്ട പ്രാധാന്യം നല്‍കുന്നില്ല. പഠനകാര്യങ്ങള്‍ക്കും ശാസ്ത്രചിന്തകള്‍ക്കുമാണ് കൂടുതല്‍ ഇടം അനുവദിക്കുന്നത്. സാഹിത്യത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കാന്‍ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങള്‍ തയ്യാറാവണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് ബാലസാഹിത്യശാഖയ്‌ക്ക് പ്രസക്തിയുണ്ടോ?
കുട്ടികളില്‍ അന്തര്‍ലീനമായി കിടക്കുന്ന സര്‍ഗ്ഗവാസന എക്കാലത്തും ഒന്നുതന്നെയാണ്. മലകളും മരങ്ങളും പുഴകളും കടലും മൃഗങ്ങളും പൂക്കളുമൊക്കെ എന്നും അവരെ ആകര്‍ഷിക്കുന്നവയാണ്. പുതുതലമുറയുടെ ഇംഗിതം മനസ്സിലാക്കി ബാലസാഹിത്യരചന നടത്തണം. ബാലസാഹിത്യത്തിന്റെ പ്രസക്തി കൂടിക്കൂടി വരികയാണ്. ലളിതമായി എഴുതാന്‍ ബാലസാഹിത്യകാരന്‍ പ്രത്യേകമായി ശ്രദ്ധിക്കണം. കഠിനപദങ്ങള്‍ കുത്തിനിറച്ച് ബാലസാഹിത്യമെഴുതരുത്. കവിതയാണെങ്കില്‍ ശബ്ദഭംഗി അവശ്യഘടകമാണെന്ന് തിരിച്ചറിയണം. ഭാവനയെ പോഷിപ്പിക്കാനുതകുന്ന ബാലസാഹിത്യശാഖയ്‌ക്ക് നാള്‍ക്കുനാള്‍ പ്രസക്തി വര്‍ദ്ധിക്കുന്നുവെന്നാണ് എന്റെ അനുഭവം.
പാശ്ചാത്യബാലസാഹിത്യകൃതികളുടെ മാതൃക പിന്‍പറ്റി ഒട്ടേറെ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. നമ്മുടെ പ്രകൃതിയും ഭാവനയും കടന്നുവരാത്ത ഇത്തരം കൃതികള്‍ ആവശ്യമാണോ നമ്മള്‍ക്ക്?
ബാലസാഹിത്യം കാലദേശാതീതമാണ്. അറബിക്കഥകള്‍, നാടോടിക്കഥകള്‍, മഹാഭാരതകഥകള്‍, വിക്രമാദിത്യകഥകള്‍ ഇവയൊക്കെ പല രൂപത്തില്‍ പല രാജ്യങ്ങളിലും വ്യാപിച്ചിട്ടുണ്ട്. നമ്മുടെ സംസ്‌കാരത്തിലൂന്നിയ ബാലസാഹിത്യകൃതികളുണ്ടാകണം. തെന്നാലിരാമന്‍ കഥകള്‍, ജാതകകഥകള്‍, വിക്രമാദിത്യ-വേതാളകഥകള്‍, ഹിതോപദേശകഥകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ തയ്യാറാക്കിയപ്പോള്‍ ഈ കാഴ്ചപ്പാടാണ് ഞാനുയര്‍ത്തിപ്പിടിച്ചത്. പാശ്ചാത്യബാലസാഹിത്യകൃതികളെ നന്നായി പരിഭാഷപ്പെടുത്താനും നമ്മള്‍ മനസ്സുവെയ്‌ക്കണം. ഇടുങ്ങിയ ചിന്തകള്‍ക്ക് ബാലസാഹിത്യലോകത്തിലിടമില്ല.
വിദ്യാഭ്യാസമേഖലയില്‍ ബാലസാഹിത്യത്തിന്റെ പ്രസക്തി?
കുട്ടികളുടെ അഭിരുചി മനസ്സിലാക്കാതെ, വ്യക്തിതാല്‍പര്യം കടന്നുകൂടിയതുകൊണ്ടാവണം നമ്മുടെ പാഠപുസ്തകങ്ങളിലെ കഥകളും കവിതകളും വിദ്യാര്‍ത്ഥികളുടെ ആസ്വാദനതൃഷ്ണയെ ശമിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നത്. പലപ്പോഴും അരോചകമായത് അനുഭവിക്കേണ്ടി വരുന്നില്ലേയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സത്യസന്ധമായ വിദ്യാഭ്യാസദര്‍ശനമാണ് നമുക്കിന്നാവശ്യം. പ്രകൃതിയാണ് യഥാര്‍ത്ഥ വിദ്യാലയം. ചരാചരപ്രേമമാണ് യഥാര്‍ത്ഥമായ അറിവ്. ബാലസാഹിത്യകാരന്‍ ഈ അറിവിന്റെ പ്രചാരകനാവണം.
കിട്ടിയ പ്രധാനപ്പെട്ട അവാര്‍ഡുകള്‍ ഏതൊക്കെയാണ്? അവാര്‍ഡുകളോട് അപ്പുണ്ണിയേട്ടന്റെ സമീപനം എന്താണ്?
കേന്ദ്ര സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യപുരസ്‌കാരം (സമഗ്രസംഭാവന) 2019 ല്‍, കേരളസാഹിത്യഅക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരവും (2010) ബാലസാഹിത്യ പുരസ്‌കാരവും (1998), സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവിതയ്‌ക്കുള്ള അവാര്‍ഡ് (1997), കവിതയ്‌ക്കുള്ള കൃഷ്ണഗീതി പുരസ്‌കാരം (2010), മൂടാടി പുരസ്‌കാരം (2000), അറ്റ്‌ലസ് – കൈരളി അവാര്‍ഡ് (2009), ഭീമാ അവാര്‍ഡ് (2015), ഉള്ളൂര്‍ അവാര്‍ഡ് (2015) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഏറെ സന്തോഷപ്രദമാണ്. സത്യസന്ധമായി ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ എഴുത്തുകാരന് പകരുന്ന ഊര്‍ജ്ജം വലുതാണ്.
അപ്പുണ്ണിയുടെ കുടുംബം
ഭാര്യ സി. അംബുജാക്ഷി കോഴിക്കോട് ഗവ.ഗണപത് ബോയ്‌സ് സ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു. മക്കള്‍ സി.അപര്‍ണ, സി.അനില്‍. അവരിരുവരും കുടുംബമായി വേറിട്ട് താമസിക്കുകയാണ്. കോഴിക്കോട് വളയനാട് ക്ഷേത്രത്തിന് സമീപം ഗോവിന്ദപുരത്ത് ‘മലയത്ത്’ വീട്ടില്‍ സ്വസ്ഥമായി ഞങ്ങള്‍ കഴിയുന്നു.ചില പുസ്തകങ്ങളുടെ പണിപ്പുരയിലാണ് ഞാന്‍. അവയില്‍ ആധ്യാത്മിക ഗ്രന്ഥങ്ങളുണ്ട്, ബാലസാഹിത്യകൃതികളുണ്ട്. ഈ എഴുപത്തിയാറാം വയസ്സിലും തളരാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് മഹാഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു. നന്മ പുലരുന്ന ഒരു ലോകം ഉദിക്കണമെന്ന പ്രാര്‍ത്ഥനയോടെയാണ് ഞാനെന്തും എഴുതാറുള്ളത്. ആ പ്രാര്‍ത്ഥനയില്‍ എന്റെ ജീവിതദര്‍ശനം തിളങ്ങി നില്‍ക്കുന്നുണ്ട്, പുലര്‍കാലത്തെ മഞ്ഞുതുള്ളിയുടെ പവിത്രതയോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: