ഏതൊരു സഞ്ചാരിയേയും ഹഠാദാകര്‍ഷിക്കുന്ന ചരിത്ര മുഹൂര്‍ത്തങ്ങളുടെ പ്രഹേളിക നമുക്ക് മുന്പില് തുറന്നിടുന്ന മനോഹരമായ കോട്ടയാണ് ഡിണ്ടിഗല്‍ പാറക്കോട്ട അഥവാ മലക്കോട്ട. ‘തിണ്ട്’ (പരന്ന ഭൂപ്രദേശം), ‘കല്ല്’ എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്ന് രൂപപ്പെട്ട ‘തിണ്ടുക്കല്‍’ എന്ന പദം, തമിഴ്നാട്ടിലെ തന്ത്രപ്രധാന പട്ടണത്തിന്റെ പേരായി ദിന്ദീചരം എന്നും തിണ്ടുക്കല്‍ അറിയപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഭാരതത്തില്‍ അധികാരം കയ്യേറിയ നാളുകളില്‍ പല സ്ഥലനാമങ്ങളും ആംഗലേയ ശൈലിയിലേക്ക് മാറ്റപ്പെട്ടു. അങ്ങനെ തിണ്ടുക്കല്‍ ഡിണ്ടിഗല്‍ ആയി.
ഈ പട്ടണത്തിന്റെ ഏകദേശം മധ്യഭാഗത്തായി 900 അടി ഉയരമുള്ള പാറ സ്ഥിതിചെയ്യുന്നു. ഈ പാറയില്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഒരു കോട്ടയും, മനോഹരമായ ഒരു പുരാതന ക്ഷേത്രവുമുണ്ട്. സഞ്ചാരികളുടെ ശ്രദ്ധ അധികം പിടിച്ചുപറ്റിയിട്ടില്ലാത്ത ഈ പാറയുടെ ഏറ്റവും മുകളിലെത്താന്‍ കല്ലില്‍ കൊത്തിയ ആയിരത്തോളം ചവിട്ടുപടികളുണ്ട്. ഡിന്‍ഡിഗല്‍ പട്ടണത്തിന്റെ മനോഹരമായ ആകാശദൃശ്യം നല്കുന്ന ഈ പാറക്കോട്ടയുടെ അറിയപ്പെടുന്ന ചരിത്രം എഡി ഒന്നാം നൂറ്റാണ്ടില്‍ തുടങ്ങുന്നു. 1605-ല്‍ മധുര രാജാവായിരുന്ന മുത്തു കൃഷ്ണപ്പ നായകിനാല് ഈ കോട്ട നിര്‍മിക്കപ്പെട്ടു.
ഒരു മധുര ചരിതം
ദക്ഷിണേന്ത്യയിലെ വളരെ പ്രശസ്തവും ബൃഹത്തുമായ ഒരു രാജ്യമായിരുന്നു മധുര. നിരവധി സാമ്രാജ്യങ്ങള്‍ ഭരണം കയ്യാളിയ സുന്ദരമായ ഈ രാജ്യത്തിന്റെ തലസ്ഥാനം മധുരനഗരമായിരുന്നു. തമിഴക ചരിത്രത്തില്‍ പ്രധാന അധികാര വടംവലികള്‍ നടത്തിയ മൂന്ന് രാജവംശങ്ങളാണ് പാണ്ഡ്യ, ചേര, ചോള. ഒന്നാം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാരാണ് മധുര ഭരിച്ചിരുന്നത്. വളരെക്കാലം തുടര്‍ന്നു ഈ ഭരണം. ആറാം നൂറ്റാണ്ടോടുകൂടി പല്ലവന്മാര് പിടിച്ചടക്കുകയും, ഒന്‍പതാം നൂറ്റാണ്ടില്‍ ചോളന്മാര് മധുര തിരിച്ചുപിടിക്കുന്നതുവരെ നിലനില്ക്കുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജവംശം മധുരയുടെ അധികാരം പിടിച്ചടക്കി പതിനാലാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണം തെക്കേ ഇന്ത്യയില്‍ ശക്തി പ്രാപിക്കുകയും, ദല്‍ഹി സുല്‍ത്താനേറ്റ് മധുരയില്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. അഫ്സല് ഖാന്റെ നേതൃത്വത്തില്‍ മധുര സുല്‍ത്താനേറ്റ് മധുരയില്‍ തുടര്‍ന്നു.
1335 മുതല്‍ 1378 വരെ സുല്‍ത്താന്‍ ഭരണം മധുരയില്‍ തുടര്‍ന്നു. ഈ ഭരണകാലത്ത് നിരവധി സുല്‍ത്താന്‍ പിന്മുറക്കാര് അധികാരത്തിലെത്തുകയും അതില്‍ ഖിയാസുദ്ദീന്‍ മുഹമ്മദ് ഭഗാനി വളരെ ക്രൂരമായി ജനങ്ങളോട് പെരുമാറുകയും ചെയ്തു. അക്കാല ഘട്ടത്തില്‍ മധുര സന്ദര്‍ശിച്ച ഇബ്ന് ബത്തൂത്ത- അദ്ദേഹത്തിന്റെ ‘റിഹ്ല’ (യാത്രക്കുറിപ്പുകള്‍)യില്‍ മുഹമ്മദ് ഭഗാനിയുടെ ക്രൂരതകളെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ചെയ്ത ക്രൂരതകള്‍ക്ക് ശിക്ഷയെന്നോണം വളരെക്കാലം രോഗബാധിതനായി, ദയനീയാവസ്ഥയില്‍ മരണശയ്യയില്‍ കിടക്കുകയും ചെയ്തിട്ടുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. സുല്‍ത്താനേറ്റിലെ അധികാര വടംവലിയും, പേര്‍ഷ്യന്‍ യുദ്ധത്തിനായി ശ്രദ്ധ കേന്ദ്രീകരിച്ചതും സാമ്പത്തിക അസ്ഥിരത ഉണ്ടാക്കി. ഇത് ജനങ്ങളില്‍ വിദ്വേഷം ഉളവാക്കുകയും, സുല്‍ത്താനേറ്റ് ക്ഷയിക്കുന്നതിന് കാരണമാവുകയും ചെയ്തു.
1559-ല്‍ മൈസൂര്‍ രാജാവ് വൊഡയാര്‍, മധുര ഒരു യുദ്ധത്തിലൂടെ പിടിച്ചെടുക്കുകയും, ഹംപി ആസ്ഥാനമാക്കി മധുര രാജ്യത്തെ- വിജയനഗര സാമ്രാജ്യത്തില്‍ ലയിപ്പിക്കുകയും ചെയ്തു. അക്കാലത്ത് മധുരയിലെ ‘നായക’ വിഭാഗത്തിലുള്ള ആളുകളെ പടയാളികളും ഭരണാധികാരികളും മറ്റുമായി നിയോഗിച്ചിരുന്നു. വിവിധ നായകന്മാര് പിന്നീട് മധുരയുടെ ഭരണാധികാരികളായി വന്നു. 1602-ല്‍ മുത്തു കൃഷ്ണപ്പ നായകര്‍ ഭരണം ഏറ്റെടുത്തുകഴിഞ്ഞ് മധുര വളരെയധികം അഭിവൃദ്ധി പ്രാപിച്ചു. അദ്ദേഹമാണ് ഡിണ്ടിഗല്‍ മലക്കോട്ട നിര്‍മിച്ചത്. പ്രധാനമായും വടക്കുനിന്നുള്ള അധിനിവേശം തടയുകയായിരുന്നു ഉദ്ദേശ്യം. 1646 വരെ ഈ ഭരണം തുടര്‍ന്നു.
ഇടക്കാലത്ത് കരം നല്‍കുന്നതില്‍നിന്ന് മധുര നിവാസികള്‍ വിമുഖത കാണിച്ചു. ഇതിനെ പ്രതിരോധിക്കാനായി കൃഷ്ണ ദേവരാജ വൊഡയാര്‍ രണ്ടാമന് കരം പിരിക്കുന്നതിന് പലരേയും ചുമതലപ്പെടുത്തിയെങ്കിലും പരാജയപ്പെട്ടു. അവസാനം 1742-ല്‍ ദളവയായിരുന്ന ഹൈദരാലിയെ ഈ കൃത്യനിര്‍വഹണത്തിനായി നിയോഗിച്ചു. പിന്നീട് രാജാധികാരം ഉപയോഗിച്ച് ഹൈദരാലി മധുരയുടെ ഭരണാധികാരിയായി. ഹൈദരാലിയുടെ മരണത്തോടെ 1788-ല്‍ ടിപ്പു ഡിണ്ടിഗലിന്റെ സുല്‍ത്താനായി. ടിപ്പുവിന്റെ ഭരണകാലത്ത് ധാരാളം വ്യതിയാനങ്ങള്‍ കോട്ടയ്ക്ക് വരുത്തുകയും, ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ എടുത്തുമാറ്റുകയും ചെയ്തു. ബ്രിട്ടീഷ് പട്ടാളത്തെ പ്രതിരോധിക്കാനായി ടിപ്പു ഈ കോട്ടയെ വിദഗ്ദ്ധമായി ഉപയോഗിച്ചു. 1790-ല്‍ ജയിംസ് സ്റ്റുവര്‍ട്ട് എന്ന ബ്രിട്ടീഷ് ആര്‍മി ഓഫീസര്‍ ഡിണ്ടിഗല്‍ ടിപ്പുവില്‍നിന്നും പിടിച്ചെടുക്കുകയും, 1792-ല്‍ അവരുടേതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് 1947-ല്‍ സ്വതന്ത്രമാവുന്നതുവരെ ഡിണ്ടിഗല്‍ ഇംഗ്ലീഷുകാരുടെ കൈകളിലായിരുന്നു.
അഭിരാമി അമ്മന്‍കോവില്‍
വളരെ ശില്പചാതുര്യം നിറഞ്ഞ മനോഹരമായ ഒരു ദേവീക്ഷേത്രമാണ് പാറയുടെ മകടുത്തിലായുള്ളത്. കിഴക്കോട്ടു ദര്‍ശനമായി നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രം അഭിരാമി അമ്മനുവേണ്ടി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ നിര്‍മിതിക്കായി കാനറ ഗ്രാനൈറ്റ് ശിലകള്‍ ഉപയോഗിച്ചിരിക്കുന്നു. അത്യപൂര്‍വ്വ ശില്പ്പങ്ങളാല് സമ്പുഷ്ടമായ ഈ ക്ഷേത്രനിര്മിതി നമ്മുടെ പൂര്‍വികരുടെ കരവിരുതിന്റെ ഉദാത്ത മാതൃകയാണ്. മുന്‍പ് അതൊരു ശിവക്ഷേത്രമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. മധുരൈ-തമ്പുരനാര്ക്ക് (പത്മഗിരീശ്വര) മൈസൂര്‍ രാജാവ് സമര്‍പ്പിച്ചതായി കരുതപ്പെടുന്ന കല്‍ത്തൂണുകളും ശിവലിംഗ രൂപങ്ങളും വ്യാളീ മുഖങ്ങളും ഇതിനൊരു തെളിവാണത്രേ. ശ്രീകോവിലിനു ചുറ്റുമായി ജലാശയ രൂപത്തിലുള്ള താഴ്ന്ന കുഴികള്‍ കാണാം. അതിനു ചുറ്റിലുമായി കല്മണ്ഡപങ്ങള് നിര്‍മിച്ചിരിക്കുന്നു. എല്ലാ പൗര്‍ണമി ദിനത്തിലും ചാന്ദ്രദര്ശനത്തിനായി സജ്ജീകരിച്ചിരുന്ന ഗ്യാലറിയും ഈ കല്മണ്ഡപത്തില് ദൃശ്യമാണ്. വര്‍ണനാതീതമായ ഭംഗിയുള്ള ഈ ക്ഷേത്രം ഏതൊരു ഭക്തനേയും വല്ലാത്ത നഷ്ടബോധത്തിലേക്കെത്തിക്കും-തകര്‍ന്നടിയപ്പെട്ട പ്രൗഢ കാലഘട്ടങ്ങളെ ഓര്‍ത്തുള്ള നഷ്ടബോധം. അദ്ഭുതമെന്നു പറയട്ടെ, ക്ഷേത്രത്തില്‍നിന്ന് താഴേക്കു നോക്കുമ്പോള്‍ തട്ടുകളിലായി രൂപപ്പെടുത്തിയിരിക്കുന്ന ജലസംഭരണികള്‍ ദൃശ്യമാവും.
പ്രകൃതിവിഭവങ്ങളെ വളരെ നന്നായി ഉപയോഗിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ കാണിച്ച വൈഭവം ഇത് വെളിവാക്കുന്നു. പാറയില്‍ ലഭിക്കുന്ന ഓരോ തുള്ളി ജലവും പാഴാക്കാതെ ചാലുകളുണ്ടാക്കി ജലസംഭരണികളില്‍ (കുളങ്ങള്‍) നിറച്ചിരിക്കുന്നു. ഈ ജലം കോട്ടയുടെയും ക്ഷേത്രത്തിന്റെയും ആവശ്യങ്ങള്‍ക്ക് ധാരാളമായിരുന്നു. കോട്ടയുടെ മൂന്നു വശങ്ങളിലും വെടിയുണ്ടകള്‍ നിറച്ച പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്. കോട്ടയുടെ ചുറ്റളവ് 2.75 കിലോമീറ്ററാണ്. വെടിയുണ്ടകളെ പ്രതിരോധിക്കത്തക്ക വിധത്തില്‍ നിര്‍മ്മിച്ച ഇരട്ട ഭിത്തികളാണ് കോട്ടയ്ക്കുള്ളത്. ധാരാളം രഹസ്യ അറകളുള്ള കോട്ടയില്‍ മൊത്തം 48 മുറികളാണുള്ളത്. ആയുധപ്പുര, വിശാലമായ പാചകപ്പുര, അടിയന്തര യോഗങ്ങള്‍ക്കുള്ള ഹാള്‍, കുതിരാലയങ്ങള്‍ മുതലായവ കോട്ടയിലുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ ഭടന്മാര്ക്ക് രക്ഷപ്പെടാനായി നിര്‍മ്മിച്ച കട്ടികുറഞ്ഞ രഹസ്യഭിത്തികളും കോട്ടയുടെ സവിശേഷതയാണ്. ജനലുകളില്ലാത്ത മുറികള്‍ക്ക് വായുസഞ്ചാരത്തിനായി മേല്‍ക്കൂരയില്‍ പ്രത്യേകം സുഷിര വെന്റിലേഷനുകള്‍ നിര്‍മ്മിച്ചിരുന്നു. മഴവെള്ളം എളുപ്പത്തില്‍ ഒലിച്ചുപോകത്തക്കവിധം ചരിഞ്ഞ മേല്‍ക്കൂരകളാണ് കോട്ടമുറികള്ക്കുള്ളത്.
ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇവിടേക്ക് 25 രൂപയാണ് പ്രവേശന ഫീസ്. പക്ഷേ നമുക്ക് ലഭിക്കുന്നത് വളരെ മഹത്തായ ചരിത്രവും കല്‍നിര്‍മ്മിതികളുടെ നവ്യമായ കാഴ്ചകളും, പാറക്കൂട്ടങ്ങളെ തഴുകിയെത്തുന്ന നനുത്ത കാറ്റിന്റെ അനന്തമായ അനുഭൂതിയും, താഴെ പച്ചവിരിച്ച തമിഴക താഴ്വരയുടെ മനോഹാരിതയും ഡിണ്ടിഗല്‍ കോട്ട സന്ദര്‍ശിക്കുന്നവരുടെ മനസ്സില്‍ നിറഞ്ഞുനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: