കണ്ണൂര്‍: ദേശീയ മുസ്ലീം പരാമര്‍ശത്തിന്റെ പേരില്‍ തന്നെ ട്രോളുന്നവര്‍ ചരിത്രബോധമില്ലാത്തവരാണെന്ന് എ.പി അബ്ദുള്ളക്കുട്ടി. ബിജെപിയില്‍ ചേര്‍ന്നത് തന്റെ മുജ്ജന്മ സുകൃതമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണുരിലെ ബിജെപി ജില്ലാ കമ്മറ്റി യോഗത്തിന് എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി.
പൊതുരംഗത്ത് തുടരണമെന്ന് ബി.ജെ.പി നേതാക്കള്‍ തന്നോട് ഉപദേശിക്കുകയായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ അംഗത്വം എടുത്ത ശേഷം ഇന്ന് രാവിലെയാണ് അബ്ദുള്ളക്കുട്ടി മംഗലാപുരത്ത് നിന്ന് കണ്ണുരില്‍ എത്തിയത്. മോദിയുടെ വികസന നയത്തെ പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ അബ്ദുള്ളക്കുട്ടി ജൂണ്‍ 26നാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ മുസ്ലീം പരാമർശം താൻ നടത്തിയത് ബോധപൂര്‍വമാണ് പേരില്‍ തന്നെ ട്രോളുന്നവര്‍ ചരിത്രബോധമില്ലാത്തവരാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വം എടുത്ത അബ്ദുള്ളക്കുട്ടി താനൊരു ദേശീയ മുസ്ലീം ആണെന്നും ദേശസ്‌നേഹം ഞങ്ങളുടെ ഈമാനാണെന്നും പ്രഖ്യാപിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ കുറെ സ്ഥലങ്ങളിലെങ്കിലും ബിജെപിയും മുസ്ലിങ്ങളും തമ്മില്‍ അകല്‍ച്ചയുണ്ട്. ഇത് കുറച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് താന്‍ ശ്രമിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















