തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോല്‍വി ഇടതുപക്ഷത്തിന് പഠമാകണമെന്ന് സിപിഐ നേതാവ് സി. ദിവാകരന്‍. രാഷ്‌ട്രീയ പക്വത കാട്ടിയാല്‍ ജന വിശ്വാസം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും ദിവാകരന്‍ അറിയിച്ചു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം സിപിഐയിലും സിപിഎമ്മിലും നേതൃദാരിദ്ര്യമാണെന്നും, വെളിയം ഭാര്‍ഗവന്റേയും, സി.കെ. ചന്ദ്രപ്പന്റേയും, വി.എസ്. അച്യുതാനന്ദന്റേയും ശൈലിക്ക് പിന്തുടര്‍ച്ചയുണ്ടാകുന്നില്ലെന്നും കുറ്റപ്പെടുത്തി. നേതാക്കളില്‍ നിന്ന് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷം ഒരു പാഠമായി എടുക്കണം. വിശ്വാസികളുടെ വികാരം വൃണപ്പെടുത്താന്‍ മുതിരരുത്. രാഷ്‌ട്രീയപക്വത കാട്ടിയാല്‍ തന്നെ നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ എതിരായതാണ് തെരഞ്ഞെടുപ്പ് തോല്‍വിത്ത് മുഖ്യ കാരാണമെന്ന് സിപിഐ സംസ്ഥാന സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലം പരമ്ബരാഗതമായി പാര്‍ട്ടിക്ക് വോട്ടുചെയ്ത വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ല. പ്രചാരണ സമയത്ത് ഇത് വേണ്ട രീതിയില്‍ മനസ്സിലാക്കാനോ, പ്രതിരോധിക്കാനോ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നുണ്ട്.
















