തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ എന്‍ജിഒ ആണ് ആര്‍എസ്എസ് എന്നും കേരളത്തില്‍ ആര്‍എസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ഡിജിപി ജേക്കബ് തോമസ്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.
കഴിഞ്ഞ 23 വര്‍ഷമായി ആര്‍എസ്എസുമായി അടുപ്പമുണ്ടെന്നും ആര്‍എസ്എസ് ഒരു രാഷ്‌ട്രീയ സംഘടനയല്ലെന്നും ഒരു സന്നദ്ധ സംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കി. 1996 മുതല്‍ ആര്‍എസ്എസുമായി താന്‍ സഹകരിച്ചു പോരുന്നു. ആര്‍എസ്എസ് എന്നു പറഞ്ഞാല്‍ കേരളത്തില്‍ ചിലര്‍ക്ക് അത് തൊട്ടു കൂടാത്തതാണെന്ന് വിമര്‍ശിച്ച അദ്ദേഹം ഈ തൊട്ടുകൂടായ്‌മ മാറ്റുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
പിണറായിയുമായി തെറ്റിയിട്ടില്ല. എന്നാല്‍ സ്ഥാനമാനങ്ങള്‍ക്കായി ആ ബന്ധത്തെ ഉപയോഗിച്ചിട്ടില്ലെന്നും അങ്ങനെ നിന്നാല്‍ സ്ഥാനമാനങ്ങള്‍ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ടെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
















