തൃശൂര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലേക്ക് ബാലവേലക്കായി കുട്ടിക്കടത്ത്. വ്യാജ തിരിച്ചറിയല്‍ രേഖ ചമച്ചാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ കേരളത്തിലേക്ക് എത്തിക്കുന്നത്. വിശാഖപട്ടണം കൊല്ലം പ്രതിവാര തീവണ്ടിയിലെത്തിയ ഒന്‍പത് കുട്ടികളെ തൃശൂര്‍ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി.
കോട്ടയം, ഇരിഞ്ഞാലക്കുട, മാപ്രാണം എന്നിവിടങ്ങളിലെ കോണ്‍വെന്റുകളിലേക്ക് ജോലിക്ക് കൊണ്ടുവന്നതാണിവരെ. ഒഡിഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 12, 13ം വയസ് പ്രായമുള്ള കുട്ടികളാണിവര്‍. പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ട്.തീവണ്ടിയിലുണ്ടായിരുന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
കുറച്ച് കുട്ടികള്‍ തൃശൂരിലിറങ്ങാന്‍ ശ്രമിച്ചു. രണ്ട് കന്യാസ്ത്രീകളാണിവരെ സ്വീകരിക്കാന്‍ സ്റ്റേഷനിലെത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ എല്ലാവരുടെ ആധാര്‍ കാര്‍ഡിലും 20ന് മുകളിലാണ് പ്രായം. കാര്‍ഡിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പ്രായം 18ല്‍ താഴെയാണ്. നാഗേന്ദ്ര എന്നു പേരിലുള്ള ഒഡീഷക്കാരനും ഇവരോടൊപ്പമുണ്ടായിരുന്നു.
മഠങ്ങളിലേക്ക് ജോലികള്‍ക്കായി കുട്ടികളെ സ്ഥിരമായി എത്തിക്കാറുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തൃശൂരില്‍ ഇരിഞ്ഞാലക്കുട സംഘവും, കോട്ടയത്ത് അവിടുത്തെ സംഘവും റയില്‍വേ സ്റ്റേഷനില്‍ കാത്ത് നില്‍ക്കുമെന്ന് ചോദ്യം ചെയ്യലില്‍ കന്യാസ്ത്രീകള്‍ പറഞ്ഞു. ഇവരെ രാമവര്‍മപുരത്ത് ചൈല്‍ഡ് ലൈനില്‍ ചോദ്യം ചെയ്യുകയാണ്.
















