തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജോലിയില്‍ നിന്ന് വിമുക്തഭടന്മാരെ ഒഴിവാക്കാന്‍ സിപിഎം നീക്കം.
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ആശുപത്രിക്കെതിരെ സെക്യൂരിറ്റി കരാര്‍ കമ്പനിയായ കെക്സോണിലെ പാര്‍ട്ടി യൂണിയന് ഹൈക്കോടതിയില്‍ നല്കിയ പരാതിയിലാണ് തന്ത്രം വ്യക്തമായിരിക്കുന്നത്. വ്യവസ്ഥയനുസരിച്ച് കരാര്‍ കമ്പനിയായ കെക്സോണാണ് ശമ്പള വര്‍ധന നടപ്പിലാക്കേണ്ടത്. എന്നാല്‍ കെക്സോണിനെ പ്രതിഭാഗത്ത് ചേര്‍ക്കാതെ ആശുപത്രി മാനേജ്മെന്റിനെ ലക്ഷ്യമിട്ടതാണ് ദുരൂഹതയുയര്‍ത്തുന്നത്.
കഴിഞ്ഞ 6 നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റികളായി തൊഴിലെടുക്കുന്ന വിമുക്തഭടന്മാരുള്പ്പെട്ട സിപിഎം ആധിപത്യത്തിലുളള യൂണിയന് പരാതി നല്‍കിയത്. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിദിന വേതനം 400 രൂപയില്‍ നിന്നും 730 രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതുസംബന്ധിച്ച് ഹൈക്കോടതി 19 ന് ആശുപത്രി അധികൃതരുടെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരുമാസത്തിനുളളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ശമ്പള വര്‍ധന സംബന്ധിച്ച് ആശുപത്രി അധികൃതരില്‍ നിന്നും അനുകൂല നിലപാടുണ്ടാകില്ല എന്നതാണ് വസ്തുത.
2014 ഡിസംബറില്‍ ആശുപത്രി വികസനസമിതിയുടെ കീഴിലാണ് സെക്യൂരിറ്റിക്കാരുടെ നിയമനത്തിനായി കെക്സോണ് കരാറിലെത്തുന്നത്. തുടക്കത്തില്‍ പ്രതിദിനവേതനം 300 രൂപയിലായിരുന്നു കരാര്‍. രണ്ട് വര്‍ഷം മുമ്പാണ് 400 ആക്കി ഉയര്‍ത്തിയത്. നിലവില്‍ കെക്സോണിന്റെ കരാര്‍ അവസാനിക്കാറായി.
വ്യവസ്ഥയനുസരിച്ച് സെക്യൂരിറ്റിക്കാരുടെ വേതന വര്‍ധന കാണിച്ച് കരാര്‍ പുതുക്കുകയാണ് കെക്സോണ് ചെയ്യേണ്ടത്.
എന്നാല്‍ ഇക്കാര്യത്തില്‍ അതുണ്ടായില്ല. പകരം സെക്യൂരിറ്റി യൂണിയനെക്കൊണ്ട് പരാതി നല്‍കുകയായിരുന്നു. ആശുപത്രിയില്‍ സെക്യൂരിറ്റിയായി തൊഴിലെടുക്കുന്ന വിമുക്തഭടന്മാരില് നിന്ന് 550 രൂപ വീതം പിരിച്ചെടുത്താണ് യൂണിയന് പരാതി കോടതിക്ക് നല്കിയതത്രെ.
യൂണിയന് നല്കിയ പരാതി ആശുപത്രി സെക്യൂരിറ്റിയില്‍ നിന്ന് വിമുക്ത ഭടന്മാരെ പൂര്‍ണമായി ഒഴിവാക്കുന്നതിനുളള തന്ത്രമാണെന്ന് വ്യക്തമാണ്.
പിണറായി സര്‍ക്കാര്‍ വന്നശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉളളൂരിലെ ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും മറ്റ് പാര്‍ട്ടി ആധിപത്യമുളള ഇതര ഏജന്‍സികളില്‍ നിന്നും അനവധി പാര്‍ട്ടിപ്രവര്‍ത്തകരെയാണ് സെക്യൂരിറ്റിക്കാരായി നിയമിച്ചിട്ടുളളത്.
കെക്സോണ് ഒഴിവാക്കപ്പെടുന്നതോടെ കൂടുതല്‍ പാര്‍ട്ടിക്കാരെ നിയമിക്കാന്‍ കഴിയും. യൂണിയന് നല്കിയ കേസിന്റെ അടിസ്ഥാനത്തിലുളള കോടതിയുടെ ചോദ്യത്തിന് വികസനസമിതിയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കുമെന്നാണ് സൂചന.
ഇതില്‍ യൂണിയന് തൃപ്തികരമല്ലെങ്കില്‍ കെക്സോണിന്റെ കാലാവധി തീരുന്നതോടെ ആശുപത്രി വികസന സമിതി പുതിയ ടെണ്ടര്‍ വിളിക്കാനാണ് സാധ്യത.
കെക്സോണിന് ടെണ്ടര്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആശുപത്രി സെക്യൂരിറ്റിയില്‍ നിന്ന് വിമുക്തഭടന്മാര് ഒഴിവാക്കപ്പെടും. കെക്സോണിന്റെ തലപ്പത്തിരിക്കുന്നവര്‍ പാര്ട്ടിക്കാരായതുകൊണ്ടുതന്നെ ടെണ്ടര്‍ പിടിച്ചെടുക്കാനുളള നീക്കവും ഉണ്ടാകില്ല. ഒഴിവാക്കപ്പെടുന്നത് നിലവില്‍ സെക്യൂരിറ്റിയായി തൊഴിലെടുക്കുന്നവരില്‍ പാര്‍ട്ടിക്കാരല്ലാത്ത ഒരുവിഭാഗം മാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: