കൊച്ചി : വിദേശ മലയാളിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയില്‍. അനേകം ക്രിമനല്‍ കേസുകളിലെ പ്രതിയായ എറണാകുളം ഇരുമ്പനത്ത് താമസിക്കുന്ന മരിയനന്ദനയില്‍ ഷാരോണ്‍ (29) ആണ് പിടിയിലായത്. മുന്‍എസ്എഫ്‌ഐ നേതാവ് കൂടിയാണ് ഇയാള്‍.
ഇരിങ്ങാലക്കുട സ്വദേശിയായ വിദേശമലയാളിയുടെ പരാതിയെ തുടര്‍ന്ന് പോലിസിന്റെ പ്രത്യേക സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ പേരില്‍ ഇരിങ്ങാലക്കുടക്കാരനായ വിദേശമലയാളിയെ കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തി എന്‍ഐഎ ഉദ്യോഗസ്ഥനെന്ന പേരില്‍ ഷാരോണ്‍ അരക്കോടി രൂപ തട്ടിയെടുക്കുകയായിരുന്നു.
പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം ഭീഷണിപ്പെടുത്തിയാണ് അരക്കോടി രൂപ ഷാരോണും സംഘവും തട്ടിയെടുത്തതെന്ന് ഡിവൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ്, സി.ഐ പി.ആര്‍. ബിജോയ് എന്നിവര്‍ അറിയിച്ചു. ഈ കേസിലെ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കൊലപാതകം, വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയായ ഷാരോണിനെ ഇടപ്പള്ളി പള്ളി പരിസരത്തുനിന്ന് മഫ്തിയില്‍ ഏറെ ശ്രമകരമായാണ് കസ്റ്റഡിയില്‍ എടുത്തത്.
എറണാകുളം ആലപ്പുഴ മേഖലയിലെ ഗുണ്ടാ നേതാവ് കൂടിയായ ഷാരോണിന് പോലീസിന്റെ നീക്കങ്ങളറിയാന്‍ അനുയായികളുടെ ഒരു സംഘം തന്നെയുണ്ട്. സുരക്ഷിതനാണെന്ന് ഇവര്‍ ഉറപ്പ് നല്‍കിയ ശേഷം മാത്രമാണ് ഷാരോണ്‍ പുറത്തിറങ്ങുന്നത്. അതിനാല്‍ പോലീസ് വളരെ രഹസ്യമായാണ് ഷാരോണിനെ കുടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.
പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നവരുടെ കൂട്ടത്തില്‍ മഫ്തിയില്‍ ഇടപ്പള്ളിയില്‍ തങ്ങിയാണ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പോലീസ് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ നെറ്റ് കോളും വാട്ട്‌സാപ്പ് കോളും ആണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.
കൊല്ലം കുണ്ടറയില്‍ കോളജ് പഠനകാലത്ത് അടിപിടി കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ 2015ല്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വേണുഗോപാല്‍ എന്നയാളെ വെട്ടിക്കൊന്ന കേസിലും പ്രതിയാണ്. ഗുണ്ടകളായ മാക്കാന്‍ സജീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും തൊപ്പി കണ്ണന്‍ എന്നയാളെ ആക്രമിച്ചതിനും ഇയാളുടെ പേരില്‍ സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്.
കൂടാതെ മറ്റൊരാളുടെ പേരില്‍ സിം കാര്‍ഡുകളെടുത്ത് കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് വേറെയും കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
















