കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ പികെ ശ്യാമളയ്‌ക്ക് വീഴ്‌ച്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി ജയരാജന്‍. കെട്ടിട നിര്‍മ്മാണചട്ടമനുസരിച്ച് അനുമതി കൊടുക്കേണ്ടത് ഉദ്യോഗസ്ഥരാണെങ്കിലും കാലതാമസം നേരിട്ടാല്‍ അതില്‍ ഇടപെടാനുള്ള അധികാരം നഗരസഭാ അദ്ധ്യക്ഷയ്‌ക്കുണ്ടെന്നും ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ ശ്യാമളയ്‌ക്ക് വീഴ്‌ച്ച പറ്റിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. മലയാളം വാരികയില്‍ വന്ന അഭിമുഖത്തിലാണ് ജയരാജന്റെ അഭിപ്രായം
സാജന്റെ ആത്മഹത്യയില്‍ പികെ ശ്യാമളയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്തവും സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി ശ്യാമളയ്‌ക്ക് വീഴ്‌ച്ച സംഭവിച്ചുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജയരാജന്‍.
ഇത് സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറയുകയും ചെയ്തതാണ്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തതിന് നേരത്തെ വിമര്‍ശിക്കപ്പെട്ട പി.ജയരാജന്‍ ഇപ്പോഴും ഇതേ രീതി തുടരുകയാണെന്ന് കുറ്റപ്പെടുത്തലുണ്ടായിട്ടും, കലാപം തുടരുകയാണെന്നതിന്റെ സൂചനയാണ് ജയരാജന്റെ പുതിയ അഭിമുഖം. പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജ് വഴിയുള്ള പ്രചാരണത്തിലൂടെ പി.ജയരാജന്‍ ഇപ്പോഴും പാര്‍ട്ടിക്ക് അതീതനായുള്ള പ്രവര്‍ത്തനം തുടരുകയാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ കുറ്റപ്പെടുത്തിയത്.
കണ്ണൂരില്‍ ചേര്‍ന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തില്‍ പികെ ശ്യാമളയെ വേദിയിലിരുത്തി പി.ജയരാജന്‍ വിമര്‍ശിച്ചതിനേയും കോടിയേരി വിമര്‍ശിച്ചു. അഭിപ്രായങ്ങളും വിയോജിപ്പുകളും പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും കോടിയേരി ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജയരാജന്‍ ഇപ്പോഴും.
അതേസമയം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം ഇന്ന് ആരംഭിക്കും. ജില്ലാ കമ്മറ്റി യോഗത്തില്‍ ആന്തൂര്‍ വിഷയം ചര്‍ച്ച ചെയ്യും.
















