കൊച്ചി : പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ആരോപണം നിലനില്‍ക്കേ മുന്‍ മന്ത്രി വികെ. ഇബ്രാഹിം കുഞ്ഞ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിര്‍മിച്ചതിലും ക്രമക്കേട് നടത്തിയെന്ന് റിപ്പോര്‍ട്ട്. പദ്ധതിക്കായി നബാര്‍ഡ് അനുവദിച്ചതിലും ഇരട്ടിത്തുകയ്‌ക്കാണ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 68 കോടി രൂപയ്‌ക്ക് നിര്‍മ്മിക്കേണ്ടിയിരുന്ന പാലത്തിന് 132 കോടി രൂപയാണ് ചെലവാക്കിയത്.
പുറപ്പള്ളിക്കാവ് പാലം നിര്‍മാണത്തില്‍ മന്ത്രിയായിരുന്നപ്പോള്‍ വി.കെ. ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഇടപെട്ടാണ് പദ്ധതി രേഖയില്‍ മാറ്റം വരുത്തിയത്.
പെരിയാറിന് കുറുകെ പുറപ്പള്ളിക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനായി 68 കോടി രൂപ വകയിരുത്തിക്കൊണ്ടാണ് നബാര്‍ഡ് അനുമതി നല്‍കിയികിയിരുന്നത്. എന്നാല്‍ നബാര്‍ഡ് നിര്‍ദ്ദേശിച്ച സ്ഥലത്ത് പാലം നിര്‍മ്മിക്കേണ്ടെന്നും മറ്റൊരു സ്ഥലത്ത് പാലം നിര്‍മിക്കണമെന്നും മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു.
മന്ത്രി നിര്‍ദേശിച്ച സ്ഥലത്ത് പാലം നിര്‍മിക്കേണ്ട ആവശ്യകതയില്ലെന്നായിരുന്നു നബാര്‍ഡിന്റെ വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ അംഗീകരിക്കാതിരുന്ന മന്ത്രി പുതിയ സ്ഥലത്ത് തന്നെ പാലം നിര്‍മിക്കണമെന്ന് വാശിപിടിച്ചു. ഇതിനായി വകുപ്പുതലത്തില്‍ യോഗവും വിളിച്ചു. തുടര്‍ന്ന് പുതിയ സ്ഥലത്ത് തന്നെ പാലം പണിയാന്‍ തീരുമാനമായി. ഇതോടെ 68 കോടി രൂപയുടെ എസ്റ്റിമേറ്റ് 108 കോടിയായി ഉയര്‍ത്തി.
എന്നാല്‍ ആദ്യം വകയിരുത്തിയ 68 കോടി മാത്രമേ നല്‍കാനാകൂവെന്ന നബാര്‍ഡ് അറിയിച്ചതിനെ തുടര്‍ന്ന് അധികമായി വേണ്ട പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് പാലം പണി പൂര്‍ത്തിയായപ്പോള്‍ നിര്‍മാണച്ചെലവ് 132 കോടി രൂപയായി ഉയരുകയും ചെയ്തു.
നാബാര്‍ഡ് വിദഗ്ധ സമിതി മന്ത്രി നിര്‍ദ്ദേശിച്ച സ്ഥലത്ത് പാലത്തിന്റെ ആവശ്യകത ഇല്ലെന്ന് പ്രത്യേകം അറിയിച്ചിട്ടും അത് വക വെയ്‌ക്കാതിരുന്നതിലെ ഉദ്ദേശ്യശുദ്ധിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കൂടാതെ പദ്ധതിക്കായി വകയിരുത്തിയതിലും കൂടുതല്‍ തുക പാലം നിര്‍മാണത്തിന് ചെലവഴിച്ചതോടെ സംസ്ഥാനത്തിനിത് അധിക ബാധ്യതയുമായി.
















