കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത്തരത്തില്‍ വന്‍ തോതില്‍ സ്വര്‍ണ്ണം കടത്താന്‍ മാത്രം വിത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയര്‍ ആണോ എന്നും കോടതി വിമര്‍ശിച്ചു.
കേസില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെ പങ്ക് വ്യക്തമാക്കുന്നതിനായി അന്വേഷണം നടത്താനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്രതികള്‍ 83 തവണ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് വേദനാജനകമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മെയ് 13നാണ് ദുബായില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 25 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മനോഹര്‍ പിന്നീട് ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. കേസില്‍ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി നേരിട്ട് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചു. ആരോപണങ്ങള്‍ ശരിവെയ്‌ക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്ന് പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ബാലഭാസ്‌കറുടെ മരണവുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ച ക്രൈംബ്രാഞ്ച് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന്‍ തമ്പി ,വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു. വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് കൂട്ടിച്ചേര്‍ത്തു.
















