ന്യൂദല്‍ഹി: ‘ ചിലര്‍ വരുമ്പോ, ചരിത്രം വഴിമാറും’ എന്നതൊരു പരസ്യവാചകമാണ്. ഇത് ശരിയെന്ന് തെളിയിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം. രണ്ടു ദിവസം നീണ്ടു നിന്ന സന്ദര്‍ശനത്തോടെ വഴിമാറിയത് കഴിഞ്ഞ മൂന്നു ദശാബ്ദമായി നിലനില്‍ക്കുന്ന ജമ്മു കശ്മീരിന്റെ ചരിത്രമാണ്.
കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്ത് സന്ദര്‍ശനത്തിനായി എത്തുമ്പോള്‍ വിഘടനവാദികള്‍ ഹര്‍ത്താല്‍ നടത്തിയും, കരിങ്കൊടി കാണിച്ചും കടകള്‍ അടച്ചുമാണ് ഇന്നുവരെ സ്വീകരിച്ചിട്ടുള്ളത്. അമിത് ഷായുടെ സന്ദര്‍ശനത്തില്‍ ഇതെല്ലാം തിരുത്തി കുറിക്കപ്പെട്ടു. 30 വര്‍ഷത്തിനിടെ ആദ്യമായി പ്രതിഷേധമില്ലാതെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഹര്‍ത്താലും കരിങ്കൊടിയും പോയിട്ട് ഒരു പ്രതിഷേധ പ്രസ്താവന ഇറക്കാന്‍ പോലും വിഘടനവാദികള്‍ ധൈര്യപ്പെട്ടില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷം അമിത് ഷാ ആദ്യം സന്ദര്‍ശിക്കുന്ന സംസ്ഥാനമാണ് കശ്മീര്‍. മന്ത്രിസ്ഥാനം ഏറ്റെടുത്ത ഉടന്‍തന്നെ അദ്ദേഹം കശ്മീര്‍ മുഖ്യവിഷയമാണെന്ന് അറിയിച്ചിരുന്നു. ഇത് പ്രവര്‍ത്തിയിലും അദ്ദേഹം തെളിയിച്ചു. വിഘടനവാദം, സൈന്യത്തെ കല്ലെറിയല്‍, പാക് സഹായത്തോടെയുള്ള ഭീകരപ്രവര്‍ത്തനം,രാജ്യദ്രോഹ പ്രവര്‍ത്തനത്തിനുള്ള പണമൊഴുക്ക് തുടങ്ങിയ വിഷയങ്ങളില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് ആദ്യ ദിനങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നടന്നത്.
സംസ്ഥാനത്തിനുള്ള പ്രത്യേക പദവി എടുത്തുമാറ്റുന്നതും മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതും വരെ ചര്‍ച്ചയിലെത്തി. കടുത്ത നടപടിക്കൊരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ ചര്‍ച്ചയ്ക്ക് തയാറാണെന്ന് വിഘടനവാദികള്‍ പരസ്യ പ്രസ്താവന നടത്തിയെങ്കിലും കേന്ദ്രം ഇത തള്ളി. ഇതിന് പിന്നാലെയാണ് അവര്‍ പ്രതിഷേധം ഒഴിവാക്കിയത്.
ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ഉപദേഷ്ടാവ് കെ.വിജയകുമാര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ചീഫ് സെക്രട്ടറി ബി.വി.ആര്. സുബ്രഹ്മണ്യം, നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ്, ഡിജിപി ദില്‍ബാഗ് സിങ് തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ അമിത് ഷാ സുരക്ഷാ കാര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ഭീകരരോടും വിഘടനവാദികളോടും സഹിഷ്ണുത വേണ്ടെന്ന് നിര്‍ദേശിച്ച അദ്ദേഹം ജമ്മു കശ്മീര്‍ പോലീസിനെ പ്രശംസിച്ചു. രാജ്യദ്രോഹികളോട് വിട്ടുവീഴ്ച ചെയ്യാതെ കശ്മീരില്‍ സമാധാനം സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുടെ ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് അമര്‍നാഥ് ക്ഷേത്രത്തിനു സമീപത്തായുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉന്നത വൃത്തങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: