കണ്ണൂര്‍ : ജയിലില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് ഋഷിരാജ് സിങ് കത്ത് നല്‍കി. ജയിലിലില്‍ കഴിയുന്ന പ്രതികള്‍ അവിടെ നിന്നും പുറത്തേയ്‌ക്ക് ഫോണ്‍ വിളിക്കുകയോ ആര്‍ക്കെങ്കിലും ക്വട്ടേഷനോ മറ്റോ നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഋഷിരാജ് സിങ് സമര്‍പ്പിച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടിപി കേസിലെ പ്രതികളായ കൊടി സുനി, ഷാഫി അടക്കമുള്ളവര്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുകയും കൊടി സുനി കൊട്ടേഷന്‍ എടുക്കുകയും ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഋഷിരാജ് സിങ്ങിന്റെ നടപടി. അതിനിടെ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ അന്വേഷണത്തില്‍ ജയിലില്‍ നിന്നും ഫോണുകളും സിം കാര്‍ഡുകള്‍ പിടിച്ചെടുത്തിരുന്നു.
തെരച്ചിലില്‍ കണ്ടെത്തിയ സിം കാര്‍ഡുകള്‍ ആരുടെ ഉടമസ്ഥതയിലുള്ളതാണ് ഇവ ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും കൊട്ടേഷന്‍ എടുക്കുകയും ചെയ്തതായി അടിയന്തിരമായി അറിയിക്കണമെന്നും ഋഷിരാജ് സിങ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മറുപടി നല്‍കാനാണ് അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. ഋഷിരാജ് സിങ് കണ്ണൂരിലും, വിയ്യൂരിലുമായി നടത്തിയ തെരച്ചില്‍ മുപ്പതിലധികം ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
















