തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി നെയിം സ്ലിപ്പും കത്തും അച്ചടിച്ചെന്ന പേരില്‍ പൊതുഖജനാവില്‍ നിന്നും ഒന്നരക്കോടി ചെലവഴിച്ചു. അച്ചടിക്കൂലി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രി സജീവമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു കോടി പത്ത്‌ലക്ഷത്തി ഇരുപത്തിയാറായിരം രൂപ അനുവദിച്ചിരുന്നു. അതിനുപിന്നാലെയാണ് നെയിം സ്ലിപ് അച്ചടിച്ചെന്ന പേരിലും ഒന്നു കോടി അമ്പത്തിരണ്ട് ലക്ഷം രൂപ ചെലവഴിച്ചത്.
രണ്ട് കോടി നെയിം സ്ലിപ്പുകളും 40 ലക്ഷം കത്തുകളുമാണ് ഒന്നാം വാര്‍ഷികമായ 2017ല്‍ അച്ചടിച്ചത്. നെയിം സ്ലിപ്പുകള്‍ അടിച്ച വകയില്‍ ഒരു കോടി എട്ട് ലക്ഷം രൂപയും കത്തുകള്‍ക്കായി 46 ലക്ഷം രൂപയും ചെലവായെന്നാണ് കേരള ബുക്‌സ് ആന്‍ഡ് പ്ലബിക്കേഷന്‍സ് സൊസൈറ്റി സമര്‍പ്പിച്ച കണക്ക്. പിആര്‍ഡി ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടംതിരിയുമ്പോഴാണ് സര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി ലക്ഷങ്ങള്‍ അനുവദിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായി സിഡിറ്റില്‍ നിന്നുള്ള 12 ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളവും മറ്റ് ചെലവുകളും അടക്കം 80 ലക്ഷത്തില്‍ അധികം രൂപയാണ് വകയിരുത്തിരിക്കുന്നത്. കൂടാതെ ലൈവ് സ്ട്രീമിങ്ങിനായി അഞ്ചര ലക്ഷം, നെറ്റ്!വര്‍ക്ക്, ഇന്റര്‍നെറ്റ് അടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഏഴര ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറങ്ങി.
















