കോഴിക്കോട്: മുപ്പത് വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്ന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസ്റുദ്ദീന്റെ കട പൂട്ടിച്ച കോഴിക്കോട് കോര്‍പ്പറേഷന്റെ നടപടിയില്‍ ഭയന്ന് മറ്റ് വ്യാപാരികളും ലൈസന്‍സ് എടുക്കാന്‍ തയ്യാറായി. വ്യാപാരികള്‍ സ്വമേധയാ എത്തി പിഴയടക്കം നല്‍കി ലൈസന്‍സ് സ്വന്തമാക്കിയപ്പോള്‍ കോര്‍പ്പറേഷന് ആറരലക്ഷത്തോളം രൂപയാണ് ലഭിച്ചത്!
നഗരസഭയുടെ കീഴിലുള്ള മുപ്പതിനായിരം കടകളില്‍ 26550 എണ്ണം ലൈസന്‍സ് എടുത്തു. 100% കടകള്‍ക്കും ലൈസന്‍സ് ഉറപ്പാക്കാനാണ് നഗരസഭയുടെ ശ്രമമെന്നും ഇനിയും ലൈസന്‍സ് എടുക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ നോട്ടീസ് നല്‍കുമെന്ന് നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു.
പലതവണ നോട്ടീസ് നല്‍കിയിട്ടും ലൈസന്‍സ് എടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് നസ്റുദ്ദീന്റെ കട കോര്‍പ്പറേഷന്‍ പൂട്ടിച്ചത്. പിന്നീട് പിഴയടക്കം 62000 രൂപ അടച്ചശേഷമാണ് കടതുറന്നത്. ഈ സാഹചര്യത്തിലാണ് മറ്റു വ്യാപാരികളും ലൈസന്‍സ് എടുക്കാന്‍ തയ്യാറായത്.
















