തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസന്വേഷണം ആത്മാര്‍ത്ഥമായി മുന്നോട്ടുപോകണമെങ്കില്‍ എം.വി. ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയ്‌ക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍.
സാജനെ ജീവിതകാലം മുഴുവന്‍ കറവപ്പശുവായി ഉപയോഗിച്ച സിപിഎം നേതാക്കളില്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടെങ്കില്‍ ഈ നിമിഷം വരെ പാര്‍ട്ടിയെ തള്ളിപ്പറയാത്ത ആ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ മുന്നോട്ടുവരണം. അതല്ലാത നാലു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത് ഫയല്‍ മടക്കുന്നത് ആ കമ്യൂണിസ്റ്റ് കുടുംബത്തോട് കാണിക്കുന്ന നെറികേടാണ്.
നീതി ലഭിക്കില്ലെന്നുറപ്പായാല്‍ ഈ സംഭവം ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സന്തപ്ത കുടുംബാംഗങ്ങള്‍ ഉന്നത നീതിപീഠത്തെ സമീപിക്കണം. വൈകിപ്പോയാല്‍ ആ കാരണം പറഞ്ഞ് നമ്മുടെ കോടതികളും ഇക്കാര്യത്തില്‍ ഇടപെടാന്‍ മടിക്കുമെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഗോവിന്ദന്റെ പേര് കേസിനൊപ്പം ഉന്നയിച്ചതിനാല്‍ വാര്‍ത്ത കൊടുക്കാന്‍ ചില ചാനലുകള്‍ മടിച്ചെന്നും അദ്ദേഹം പറഞ്ഞു. ആന്തൂര്‍ സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളി എം. വി. ഗോവിന്ദനും ഭാര്യ ശ്യാമളയുമാണെന്ന് ആദ്യദിവസം തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. തൊട്ടടുത്ത ദിവസം കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇത് സംബന്ധിച്ച കാര്യം ആവര്‍ത്തിച്ചിരുന്നെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
















