ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ എങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്‍ദ്ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് പതിനഞ്ചാം തിയ്യതിയെന്ന പൊലീസ് വാദം തള്ളി ദൃക്‌സാക്ഷി മൊഴിയും പുറത്ത് വന്നു.
രാജ്കുമാറിന്റെ മരണത്തിന് കാരണം ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുള്ള ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൃത്യസമയത്ത് ചികിത്സ നല്‍കാത്തത് മൂലം മുറിവുകള്‍ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചത്. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയിയുണ്ട്. ഇരുകാലുകള്‍ക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടര്‍ന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടെ രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദവും പൊളിയുകയാണ്. സാമ്പത്തിക തട്ടിപ്പിനിരയായ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തി.
പൊലീസിന് കൈമാറുമ്പോള്‍ രാജ്കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷിയായ ആലിസ് പറയുന്നു. ഇതിനിടെ പതിനാറാം തിയ്യതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥ തീരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
















