വീണ്ടും ഒരു ജൂണ്‍ 26 വന്നെത്തി. ഈ രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത കരിദിനം: 1975, ജൂണ്‍ 26.
സേ്വച്ഛാധിപതിയും കൗശലക്കാരിയുമായ ഒരു രാഷ്ട്രീയനേതാവ് നഗ്നമായ അധികാരദുര്‍വിനിയോഗം നടത്തി എങ്ങനെയും അധികാരസ്ഥാനത്ത് കടിച്ചുതൂങ്ങാന്വേണ്ടി രാജ്യത്തെ ജനങ്ങളെ അന്നു കൊടുംഭീകരതയ്ക്ക് വശംവദരാക്കി.
ഏറ്റവും അത്ഭുതം അവര്‍ ചെയ്തതിലല്ല. ആ ചെയ്തതിന് ചില വിഭാഗങ്ങളില്‍നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നുപോലും ലഭിച്ച പിന്തുണ ആലോചിക്കുമ്പോഴാണ് ലജ്ജതോന്നുന്നത്. ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്ന ചില അല്പ്പന്മാര് അടിയന്തരാവസ്ഥയെ പ്രകീര്‍ത്തിച്ചുവെന്ന് മാത്രമല്ല, അടിയന്തരാവസ്ഥ ജനനന്മക്കെന്ന് എല്ലാ ചുമരുകളിലും എഴുതുകയും ചെയ്തു. ആ കക്ഷിയുടെ പെരുമാറ്റത്തില്‍ ആര്‍ക്കും അത്ഭുതമുണ്ടായില്ല. കാരണം ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തും പാക്കിസ്ഥാന് രൂപീകരണത്തെ അനുകൂലിച്ചും നിലപാടെടുത്ത കക്ഷിയാണത്. ഇസ്രായേലിന്റെ രൂപീകരണത്തില്‍ സ്റ്റാലിന് വഹിച്ച പങ്ക് അഭിമാനത്തോടുകൂടി ഉയര്‍ത്തിപ്പിടിക്കുന്ന വിചിത്ര വിരോധാഭാസമാണ് ആ പാര്‍ട്ടി. ഭാഗ്യവശാല്‍ ആ പ്രസ്ഥാനം കേരളത്തിന്റെ ചില കടലോരങ്ങളില്മാത്രം ഒതുങ്ങിനില്ക്കുന്നു. ലജ്ജ എന്ന വികാരം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ പ്രസ്ഥാനത്തിന് ഈ മണ്ണില്‍ ഒരിക്കലും വേരോടാന്‍ കഴിയുകില്ല. മറ്റൊരു കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഎമ്മും തണുത്ത മട്ടിലാണ് അടിയന്തരാവസ്ഥയ്ക്കെതിരായി പ്രതകരിച്ചത്. എകെജി തുടങ്ങിയ സമുന്നത ജനകീയ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നത് സത്യമാണ്. പക്ഷെ ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്ക് അതിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കനുസൃതമായി ജനങ്ങളെ എതിര്‍പ്പിന്റെ സമരരംഗത്തിറക്കുന്നതില്‍ ആ കക്ഷിയും പരിപൂര്‍ണ്ണ പരാജയമായിരുന്നു.
അപ്പോള്‍ തികച്ചും ജനവിരുദ്ധമായ അടിയന്തരാവസ്ഥ എന്ന ഭീകരതയെ ചെറുത്തത് അതാണ്? നിസംശയം പറയാം, ഈ രാജ്യത്തെ ദേശീയ പ്രസ്ഥാനങ്ങള്‍ മാത്രമാണെന്ന്. കൂട്ടത്തില്‍ ഒരുപക്ഷെ നക്സല്‍വാദികളും അകാലിദള്‍ സജീവമായി പഞ്ചാബിലും ദല്‍ഹിയിലും സാന്നിധ്യമറിയിച്ചിരുന്നു. എന്നാല്‍ ജീവിതം മുഴുവന്‍ നഷ്ടപ്പെടുത്തിക്കൊണ്ട്, രാജ്യത്ത് നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ കുടുംബത്തെയും സ്വന്തം താത്പര്യങ്ങളെയും വിസ്മരിച്ചുകൊണ്ട് രംഗത്തിറങ്ങിയത് ഉപജീവനമാര്‍ഗ്ഗം ഉപേക്ഷിക്കല്‍, നീണ്ട ജയില്‍വാസം എന്നിവ തുറന്നമനസ്സോടെ പുഞ്ചിരിയോടുകൂടി സ്വീകരിച്ചത് ഈ വിഭാഗം മാത്രമായിരുന്നു. ഇന്നും ആ വിഭാഗത്തില്‍പ്പെട്ടവര്‍ ജീവച്ഛവങ്ങളായി തുടരുന്നുണ്ട്. അവരെ സ്വാതന്ത്ര്യസമരസേനാനികളെപ്പോലെ ആദരിച്ച് പെന്ഷന് നല്‍കാനുള്ള നടപടികള്‍ എത്രയും വേഗം പ്രാവര്‍ത്തികമാക്കേണ്ടതാണ്. ആ രീതിയിലെങ്കിലും അവരോട് നന്ദിപ്രകടിപ്പിക്കാനുള്ള ബാധ്യത ഇന്ന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു അനുഭവിക്കുന്ന ജനങ്ങള്‍ക്കുണ്ട്.
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം എന്ന് വിശ്വസിക്കുന്ന ജനതയാണ് ഭാരതത്തിലുള്ളത്. വ്യക്തി സ്വാതന്ത്ര്യം എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. അതുകൊണ്ടാണ് ഒരു സാധാരണ അലക്കുകാരന് രാജപത്നിയെപോലും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മര്യാദാപുരുഷോത്തമന് എന്നറിയപ്പെട്ടിരുന്ന രാജാവിന്റെ കാലത്ത് നല്കപ്പെട്ടത്. രജസ്വലയായ പാഞ്ചാലിയുടെ സ്ത്രീത്വത്തെ അപമാനിക്കാന്‍ കുല്സിത ശ്രമമുണ്ടായപ്പോള്‍ ഭഗവാന്‍തന്നെ രംഗത്തിറങ്ങിയെന്ന് വിശ്വസിക്കുന്നവരാണ് ഭാരതത്തിലുള്ളത്.
ആ നാട്ടിലാണ് ഒരു വ്യക്തിയുടെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി, അധികാരമോഹത്തിനുവേണ്ടി സര്‍വ്വസ്വാതന്ത്ര്യങ്ങളും അടിച്ചമര്‍ത്തപ്പെട്ടത്. എന്നിട്ടും പ്രതികരിച്ചത് ഒരു ചെറിയ വിഭാഗം മാത്രം. എല്‍.കെ. അദ്വാനി പറഞ്ഞതുപോലെ കുനിയാന്‍ പറഞ്ഞാല്‍ ഇഴയാന്‍ തയ്യാറുള്ളവരായിരുന്നു ഭൂരിപക്ഷവും. പത്രസ്വാതന്ത്ര്യം എന്ന് ഇപ്പോള്‍ മുറവിളികൂട്ടുകയും വീമ്പിളക്കുകയും ചെയ്യുന്നവര്‍ അന്ന് നിശ്ശബ്ദരായിരുന്നു. എന്ന് മാത്രമല്ല പരോക്ഷമായി അധികാരവര്‍ഗ്ഗത്തെ സഹായിക്കുന്ന നിലപാടെടുക്കുകയും ചെയ്തു. കോടതികള്‍പോലും ഭയചകിതരായി. നമ്മുടെ മണ്ണായിരുന്ന പാക്കിസ്ഥാനില്‍പോലും സുപ്രീംകോടതി പട്ടാളനിയമം അസാധുവാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ സുപ്രീംകോടതി ലജ്ജാവഹമായ രീതിയില്‍ അടിയന്തരാവസ്ഥയെ ശരിവെച്ചു. ആ വിധിയുടെ ഉപജ്ഞാതാവായിരുന്ന ജഡ്ജി പിന്നീട് തുറന്നുസമ്മതിച്ചു പേടിച്ചിട്ടാണ് താനാവിധിയെഴുതിയതെന്ന്. അദ്ദേഹത്തിന്റെ മകന്‍തന്നെ സുപ്രീംകോടതി ജഡ്ജിയായി വന്നപ്പോള്‍ ആ വിധി ശരിയല്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
ചുരുക്കത്തില്‍ രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും ഭയപ്പെടുത്തി നിര്‍ത്തുകയും പൗരസ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുകയും പത്രമാധ്യമങ്ങളെ നിശ്ശബ്ദരാക്കുകയും ആത്മാഭിമാനമുള്ള ഇന്ത്യക്കാരനെന്ന നിലയില്‍ ജീവിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായി എടുത്തുകളയുകയും ചെയ്തു, അടിയന്തരാവസ്ഥയുടെ മറവില്‍. ഭാഗ്യവശാല്‍ അഗ്നിപര്‍വ്വതംപോലെ പുകഞ്ഞുകൊണ്ടിരുന്ന ഈ രാജ്യത്തെ ജനങ്ങള്‍ 1977ല്‍ ആദ്യ അവസരം കിട്ടിയപ്പോള്‍ത്തന്നെ ശക്തമായി പ്രതികരിച്ചു. ഉത്തരേന്ത്യ മുഴുവന്‍ ഒറ്റക്കെട്ടായി അതിനെതിരെ വോട്ടുചെയ്തു. അടിയന്തരാവസ്ഥയുടെ സൃഷ്ടാവ്തന്നെ റായ്ബറേലിയില്‍ നിലംപരിശായി. ഇത്രയും നരകതുല്യമായ ഒരനുഭവം അടിയന്തരാവസ്ഥക്കാലത്തല്ലാതെ ഈ രാജ്യത്തുണ്ടായിട്ടില്ല. എന്നിട്ടും ചില രാഷ്ട്രീയകക്ഷികള്‍ അതിനെ പ്രകീര്‍ത്തിക്കാന്‍ മുന്നോട്ടുവന്നു. പക്ഷെ ജനങ്ങള്‍ അവരെ തിരിച്ചറിഞ്ഞുകഴിഞ്ഞു. അടിയന്തരാവസ്ഥയെ അനുകൂലിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്ത് നാമമാത്ര സാന്നിധ്യമുള്ള ഒരു കമ്യൂണിസ്റ്റ് കക്ഷിയുടെ തലവന്‍ സുപ്രീംകോടതിക്കെതിരായി നീക്കങ്ങള്‍ നടത്തിയ ഒരു ജഡ്ജിയെ നേരിട്ട് കാണുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. പിന്നീട് അവരാണ് ഭരണഘടനാ സ്ഥാപനങ്ങളെ നിലവിലുള്ള സര്‍ക്കാര്‍ തകിടംമറിക്കുകയാണെന്ന അര്‍ത്ഥശൂന്യമായ കുറ്റാരോപണം നടത്തിയത്. അവരോടൊട്ടിച്ചേര്‍ന്ന് നില്ക്കുന്ന, സാംസ്കാരിക നായകന്മാരെന്ന് സ്വയംവിശേഷിപ്പിക്കുന്ന ചിലര്‍, പശ്ചിമബംഗാള്‍ സര്‍ക്കാരും കേരള സര്‍ക്കാരും മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിച്ചപ്പോള്‍ മൂകരായി നിലകൊണ്ടു. ഇക്കൂട്ടരുടെ ഇരട്ടത്താപ്പ് പകല്‍പോലെ പ്രകടമായി. മമതാ ബാനര്‍ജിയെ ഒരു പ്രത്യേക വേഷത്തില്‍ അവതരിപ്പിച്ച പ്രിയങ്ക ചൗധരിയോട് മാപ്പുപറയാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, യോഗി ആദിത്യനാഥിനെതിരായി മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ മാപ്പുപറയാനൊന്നും കല്‍പ്പിക്കുകയുണ്ടായില്ല.
പട്ടിണിപ്പാവങ്ങളാണെങ്കിലും പാര്‍പ്പിടമോ, ചികിത്സാസൗകര്യങ്ങളോ, കുടിവെള്ളമോ നിഷേധിക്കപ്പെടുന്നവരാണെങ്കിലും രാജ്യതാത്പര്യം മുറുകെപ്പിടിക്കുന്നവരാണ് ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെന്ന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ജനം വ്യക്തമാക്കിക്കഴിഞ്ഞു. സമാനമായൊരു അടിയന്തരാവസ്ഥ ഈ രാജ്യത്ത് ദേശസ്നേഹികളായ ജനങ്ങള്‍ ഇനി അനുഭവിക്കേണ്ടിവരുമെന്നു തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: