ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടും അതിന് ഇന്ത്യ നല്കിയ ചുട്ടമറുപടിയും ഒട്ടേറെ കാര്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നു എന്നുമാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. വിദേശരാജ്യങ്ങള്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ടെന്നും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അറിയാമെന്നുമാണ് ഇതിനു മറുപടിയായി ഇന്ത്യന്‍ വിദേശകാര്യവകുപ്പ് പറഞ്ഞത്.
ലോക പോലീസ് ചമയുന്ന അമേരിക്കയോട്, ഇങ്ങോട്ടു കയറി കളിക്കേണ്ടെന്ന് തുറന്നടിച്ചുപറഞ്ഞ ഇന്ത്യ, ലോകരാജ്യങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്ഥാനം എവിടെ എന്നുകൂടി വ്യക്തമാക്കി. ആശ്രയിക്കലല്ല, ദൃഢനിശ്ചയവും തന്റേടവുമാണ് ഇന്നത്തെ ഇന്ത്യയുടെ മുഖമുദ്ര. രാഷ്ട്രമായാലും പ്രസ്ഥാനമായാലും വ്യക്തിയായാലും വിലയിരുത്തപ്പെടുന്നത് നിലപാടുകളിലൂടെയാണ്. ഇവിടെ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. അത് ഭരണഘടനയില്‍ അധിഷ്ഠിതവുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷത്തേക്കാള്‍ അവകാശവും സ്വാതന്ത്ര്യവും അനുവദിക്കുന്ന ഇന്ത്യയെ ആരും ന്യൂനപക്ഷസംരക്ഷണം പഠിപ്പിക്കേണ്ടെന്ന മുന്നറിയിപ്പും അതിലുണ്ട്. ഗോഹത്യയുടെ പേരിലും ഗോ മാംസത്തിന്റെ പെരിലും നടന്നതായി ആരോപിക്കപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വിലയിരുത്തപ്പെടേണ്ടതല്ല ഒരു രാജ്യത്തിന്റെ നിലപാടുകളും കാഴ്ച്ചപ്പാടും.
സഹസ്രാബ്ദങ്ങളിലൂടെ തലമുറകളായി കൈമാറിവന്ന മഹത്തായൊരു സാംസ്കാരിക പാരമ്പര്യത്തിന് ഉടമകളാണ് ഭാരതീയര്‍. എന്തിനെയും സഹിഷ്ണുതയോടെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്ത ആ പാരമ്പര്യത്തെ മുതലെടുത്ത ചരിത്രമേ മറ്റുള്ളവര്ക്കുള്ളു. സഹിഷ്ണുതയെന്നാല്‍ കീഴടങ്ങലല്ലെന്നും വേണ്ടിടത്ത് വേണ്ടപോലെ തലയുയര്‍ത്തി നില്‍ക്കണമെന്നും ആ സംസ്കാരം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതാണ് ഇന്ത്യയുടെ ഇന്നത്തെ ഈ നിലപാടില്‍ തെളിഞ്ഞുനില്ക്കുന്നത്. അത്തരം നിലപാടുകളെടുക്കാന്‍ തന്റേടമുള്ള ഭരണാധികാരികള്‍ തലപ്പത്തുനിന്നതാണ് ഇന്നത്തെ പ്രത്യേകത.
ഇക്കാര്യങ്ങളൊക്കെ ഇന്നും ഉള്‍ക്കൊള്ളാത്ത ഒരുവിഭാഗം ഈ രാജ്യത്തുതന്നെ ഉണ്ടെന്നതാണ് നിര്‍ഭാഗ്യകരം. ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളുടെ നില ആശങ്കാജനകമാണെന്ന മട്ടില്‍ ഇവിടുത്തെ പ്രതിപക്ഷങ്ങളും മതതീവ്രചിന്തകരും നടത്തുന്ന പ്രചാരണം രാജ്യത്തിന്റെ യശസ്സിന് എത്രമാത്രം കളങ്കം ചാര്‍ത്തുന്നു എന്നതിന് ദൃഷ്ടാന്തമാണിത്. സ്വാര്‍ഥ രാഷ്ട്രീയ ലാഭത്തിനായി ചില മതവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന അത്തരം പ്രചാരണങ്ങള്‍ ബാധിക്കുന്നത് ഭരണകക്ഷിയെ മാത്രമല്ല രാജ്യത്തെ ആകെയാണെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പ്രതിപക്ഷത്തെ കക്ഷികള്‍ക്കും അവരെ നയിക്കുന്നവര്‍ക്കും ഇല്ലാതെ പോകുന്നതാണ് നമ്മുടെ ഏറ്റവും വലിയ ശാപം.
രാജ്യഭരണം കയ്യാളിയ പാര്‍ട്ടികളും നേതാക്കളും അക്കൂട്ടത്തിലുണ്ടെന്നത് അതിനേക്കാള്‍ ദുഖകരം. രാജ്യത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ മറ്റുരാജ്യങ്ങളില്‍നിന്ന് ഉണ്ടാകുമ്പോള്‍, ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നു തിരിച്ചുപറയാന്‍ ധൈര്യമുള്ള പ്രതിപക്ഷമാണ് നമുക്കാവശ്യം. പ്രതിപക്ഷത്തിരിക്കെ അത് ചെയ്തിട്ടുള്ളവരാണ് അടല്‍ ബിഹാരി വാജ്പേയിയും എല്‍.കെ. അദ്വാനിയുമൊക്കെ. പാരമ്പര്യ മഹിമയ്ക്കൊത്ത ഒരു രാഷ്ട്രീയ സംസ്കാരം ഇവിടുത്തെ രാഷ്ട്രീയ കക്ഷികള്‍ ആര്‍ജിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: