ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം സ്വീകരിച്ച ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകരാഷ്ട്രങ്ങള്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും യോഗാദിനം ആചരിച്ചു. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ഇസ്ളാമിക രാഷ്ട്രങ്ങളും ബൂര്‍ഷാ രാജ്യങ്ങളും ഒക്കെ ശരീരത്തിനും മനസ്സിനും ശാന്തിയും സമാധാനവും ഉണ്ടാക്കാനുള്ള ഭാരതത്തിന്റെ പൗരാണിക അറിവിനെ അംഗീകരിച്ചു. സമാധാനത്തിനും ഐക്യത്തിനും പുരോഗതിക്കും യോഗ എന്നതായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം. പ്രായം, നിറം, ജാതി, സമുദായം, ചിന്തകള്‍, വര്‍ഗ്ഗം, സമ്പന്നര്‍, ദരിദ്രര്‍, സംസ്ഥാനങ്ങള്‍, അതിര്‍ത്തികള്‍ എന്നിവയെ യോഗ അതിജീവിക്കുന്നതായും യോഗ എല്ലാവര്ക്കും ഉള്ളതാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാദിനത്തില്‍ പങ്കാളിയായികൊണ്ട് പറഞ്ഞത്.
യോഗ അച്ചടക്കവും ആത്മസമര്‍പ്പണവും കുത്തിവയ്ക്കുന്നു. ജീവിതം മുഴുവന്‍ അത് നമ്മള് പരിശീലിക്കണം. സന്ദര്ശകമുറിമുതല് കിടക്കമുറിവരെ, പാര്‍ക്കുകള്‍ മുതല്‍ കായിക സമുച്ചയങ്ങള്‍വരെ തെരുവുകള്‍ മുതല്‍ സൗഖ്യകേന്ദ്രങ്ങള്വരെ യോഗ ജനങ്ങളുടെ ഭാവനയെ പിടിച്ചെടുത്തു. ആരോഗ്യകരമായ ശരീരം, സ്ഥായിയായ മനസ്സ്, ഐക്യത്തിന്റെ ഊര്‍ജ്ജം, എന്ന സത്തയില്തന്നെയാണ് നൂറ്റാണ്ടുകളായി യോഗ നിലനില്‍ക്കുന്നത്. അറിവ്, പ്രവൃത്തി, ആത്മസമര്‍പ്പണം എന്നിവയുടെ ശരിയായ മിശ്രണം യോഗയിലൂടെ ലഭ്യമാകുന്നു. ലോകം യോഗ സ്വീകരിക്കുമ്പോള്‍ ഭാരതം ഈ വിഷയവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. മെഡിസിന്, ഫിസിയോതെറാപ്പി, കൃത്രിമബുദ്ധി തുടങ്ങിയ വിഷയങ്ങളുമായി യോഗയെ ബന്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കേരള മുഖ്യമന്ത്രിക്കും യോഗയുടെ മഹത്വത്തെക്കുറിച്ച് സംശയമില്ല. ജീവിതശൈലിരോഗങ്ങള്‍ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ വ്യായാമമുറയാണ് യോഗ. മറ്റുള്ള വ്യായാമമുറകള്‍ ശരീരത്തിന് സൗഖ്യം നല്കുമ്പോള് യോഗ മനസ്സിനുംകൂടി ഉണര്‍വ്വ് നല്കുന്നു. യോഗ ജീവിതത്തില്‍ അച്ചടക്കം കൊണ്ടുവരുന്നു. ഭക്ഷണരീതിയില്‍ ക്രമീകരണങ്ങള്‍ കൊണ്ടുവരുന്നു. പെരുവിരല്‍മുതല്‍ ശിരസ്സുവരെ ശരീരത്തിന് ആവശ്യമായ എല്ലാവ്യായാമവും യോഗ നല്കുന്നു എന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രിക്ക് ഒരേഒരു കാര്യത്തിലേ പിടിവാശിയുള്ളു. യോഗാ പരിശീലനത്തെ മതപരമായ ചിഹ്നമായി തെറ്റിദ്ധരിക്കരുതെന്നതാണത്. യോഗ ഒരു മതവുമായും ബന്ധപ്പെട്ട രീതിയല്ലാത്തതിനാലാണത്. യോഗ മത ചടങ്ങാണെന്ന് തെറ്റിധരിച്ചത് ആരാണെന്നു മുഖ്യമന്ത്രി പറഞ്ഞില്ല. ലോകം യോഗയെ അംഗീകരിച്ചപ്പോള്‍ അപമാനിച്ച ഒരാളുണ്ട്. പ്രധാനമന്ത്രിയാകാന്‍ കുപ്പായം തൈപ്പിച്ചിട്ട് കിട്ടാതെ വന്നപ്പോള്‍ നിരാശയുടെ പടുകുഴിയില്‍ വീണ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണത്.
ഇന്ത്യന്‍ സൈന്യത്തിലെ ഡോഗ് യൂണിറ്റും അവയുടെ പരിശീലകരും ചേര്‍ന്ന് യോഗാഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന ചിത്രത്തിനൊപ്പം ‘പുതിയ ഇന്ത്യ’ എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യം ട്വീറ്റ് ചെയ്താണ് രാഹുല്‍ യോഗാദിനം ആചരിച്ചത്. യോഗാദിനത്തെയും സൈന്യത്തെയും അധിക്ഷേപിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം മാത്രമല്ല രാഹുലിനെതിരെ കേസും വന്നുകഴിഞ്ഞു. യോഗാദിനത്തില്‍ കേരളത്തില്‍ നടന്ന യോഗാദിനാചരണത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈലില്‍ കളിച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിരുന്നു. ക്ലാസ്റൂമില്‍ ചിലപ്പോള്‍ അധ്യാപകര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധനല്‍കാന്‍ കഴിയാതെവരും. പരീക്ഷ സമയങ്ങളില്‍ ടെക്സ്റ്റ് ബുക്കുകളിലേക്ക് നോക്കുമ്പോള്‍ ചിലപ്പോള്‍ ഉറക്കം വരും. പേടിക്കേണ്ട പാര്‍ലമെന്റിലും ഇത്തരത്തിലുള്ള കുട്ടികള്‍ ഉണ്ട്. അവര്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഫോക്കസ് ചെയ്യാന്‍ കഴിയാതെ വരും. അപ്പോള്‍ അവര്‍ മൊബൈലില്‍ മെസേജ് വന്നോയെന്ന് നോക്കും, വീഡിയോ ഗെയിം കളിക്കാന്‍ ശ്രമിക്കും. മനസ്സ് ഉറപ്പിക്കാന്‍ കഴിയാത്തതിനാലാണത്. ഇതില്‍ നിന്ന് മറികടക്കണമെങ്കില്‍ യോഗ ചെയ്താല്‍ മതി എന്നായിരുന്നു രാഹുലിനോടുള്ള രാം മാധവിന്റെ ഉപദേശം. നല്ല ഉപദേശം ഉള്‍ക്കൊള്ളാന്‍പോലും അല്പം വിവേകം വേണം. രാഹുല്‍ ഗാന്ധിയില്‍നിന്ന് അത് പ്രതീക്ഷിക്കരുത് എന്നതിന് അടിവരയിടുന്നതാണ് യോഗാദിനത്തിലെ രാഹുലിന്റെ ട്വീറ്റ്. രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം താരതമ്യം ചെയ്യാനാണ് രാഹുല്‍ ട്വീറ്റിലെ ചിത്രം ഉപയോഗിച്ചിരുന്നത് എങ്കില്‍ ആരും കുറ്റം പറയില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: