ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ ഗ്രാമത്തില്‍ വലിയ കൊടുങ്കാറ്റും ഇടിവെട്ടുമുണ്ടായി. മരങ്ങള്‍ മറിഞ്ഞുവീണു, മിന്നല്‍പ്പിണര്‍ പാഞ്ഞു. വൈദ്യുതി ബന്ധം അകന്നുപോയി. തുടര്‍ന്ന് ടിവി കാണാന്‍ വയ്യാത്ത അവസ്ഥയുമുണ്ടായി. മാനത്തു കാര്‍ കൊണ്ടാല്‍ മതി ടിവിയില്‍ സംപ്രേഷണം തടസ്സപ്പെടാനിടയുണ്ട് എന്ന മുന്നറിയിപ്പ് വരും. കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, പാര്‍ലമെന്റ് സമ്മേളനത്തിന്റെ പ്രാരംഭം മുതലായ ചടങ്ങുകള്‍ തത്സമയം കാണേണ്ട, ആകാശവാണിയിലൂടെ കേള്‍ക്കാം എന്നു കരുതി റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ അതിലും പ്രശ്നമായി.
ഞങ്ങളുടെ റേഡിയോ എഫ്എം മാത്രം കിട്ടുന്നതാണ്; അതും എഫ്എം കൊച്ചി മാത്രം. അതും ഏതാണ്ട് സയലന്റ് സോണിന്റെ വക്കിലായതിനാല്‍ പലപ്പോഴും കേള്‍ക്കാന്‍ വിഷമമാണ്. എഫ്എമ്മിന്റെ ദേവികുളം സ്റ്റേഷന് ഇടുക്കി ജില്ലയ്ക്കുവേണ്ടിയുള്ള താണെങ്കിലും ഞങ്ങളുടെ കുമാരമംഗലം ഗ്രാമത്തിന്റെ ഭൂപ്രകൃതി ഹൈറേഞ്ചിലല്ല, ‘ലോറേഞ്ചി’ലാകയാല് ആ സ്റ്റേഷനും കിട്ടുകയില്ല. ഇടയ്ക്കിടെ കൊച്ചി എഫ്എം കിട്ടുകയും ചെയ്യും. എന്നാല്‍ അതില്‍ രാവിലെയും ഉച്ചയ്ക്കും സന്ധ്യക്കുമുള്ള പ്രാദേശിക വാര്‍ത്തകളും, മൂന്ന് മലയാള വാര്‍ത്തകളും, രാവിലെയും രാത്രി ഒന്‍പതുമണിക്കുമുള്ള ഇംഗ്ലീഷ് വാര്‍ത്തയും മാത്രമാണ് കിട്ടുന്നത്.
എഫ്എം പ്രക്ഷേപണം വരുന്നതിനു മുന്‍പ് മീഡിയം വേവിലും ഷോര്‍ട്ട് വേവിലും പരിപാടികള്‍ കിട്ടുമായിരുന്നു. കേരളത്തിലെ എല്ലാ മീഡിയം വേവ് പ്രക്ഷേപണങ്ങളും വ്യക്തമായിരുന്നു. ആലപ്പുഴയും തൃശ്ശിവപേരൂരും വളരെ ഭംഗിയായി തടസ്സങ്ങളില്ലാതെ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. അതിനു പുറമേ സര്‍വര്‍ക്കും പ്രിയങ്കരമായിരുന്ന സിലോണ്‍ റേഡിയോയും. അവിടത്തെ തമിഴ്പുലി വിളയാട്ടം തകര്‍ത്താടിയപ്പോള്‍ അതു നിലച്ചു. റേഡിയോ ഉപയോഗിക്കുന്നവരും വളരെ കുറവായിക്കഴിഞ്ഞു. എന്നാലും അതു കേള്‍ക്കാനുള്ള കൗതുകം ഇപ്പോഴും നിലച്ചിട്ടില്ല.
ടിവിയുടെ പ്രചാരം വളരുന്നതിനു മുന്‍പ് റേഡിയോ ആയിരുന്നു ഏറ്റവും കൗതുകമുള്ള വസ്തു. അരനൂറ്റാണ്ട് മുന്‍പ് അതുപോലും ദുര്‍ലഭവും സാമ്പത്തികമായി ഭേദപ്പെട്ടവരുടെ മാത്രം ഉപഭോഗവസ്തുവുമായിരുന്നു. ഞാന്‍ ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ വന്‍കിടക്കാരുടെ വീടുകളില്‍പോലും റേഡിയോ ഉണ്ടായിരുന്നില്ല. ഗുരുവായൂരിലെ ചില ഹോട്ടലുകളിലും, ബാരിസ്റ്റര്‍ നാരായണ മേനോന്റെ വീട്ടിലും കണ്ടിട്ടുണ്ട്. തലശ്ശേരിയിലാകട്ടെ ഇന്നത്തെ വിഭാഗ് സംഘചാലക് ചന്ദ്രേട്ടന്റെ തറവാടായ കൊളക്കോട് വീട്ടില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുജന്മാര് ക്രിക്കറ്റ് കളിയുടെ കമന്ററി കേള്‍ക്കുമായിരുന്നു. കേരളത്തില്‍ അന്ന് ക്രിക്കറ്റിന്റെ തലസ്ഥാനം തലശ്ശേരിയും ഫുട്ബോളിന്റേത് കണ്ണൂരുമായിരുന്നു. രണ്ടിടത്തേയും നഗരസഭാ പാര്‍ക്കില്‍ വൈകുന്നേരം റേഡിയോ കേള്‍ക്കാന്‍ ആള് കൂടുമായിരുന്നു. ക്രിക്കറ്റ് കളി ആസ്വദിക്കാന്‍ പഠിച്ചത് ചന്ദ്രേട്ടന്റെ അനുജന്മാരില് നിന്നാണ്.
കണ്ണൂരിലെ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിനു മുന്നിലെ ‘രാഷ്ട്രമന്ദിരം’ എന്ന കാര്യാലയത്തില്‍ തിരൂര്‍ക്കാരന്‍ ഒരു അയ്യര്‍ താമസിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് ഇലക്ട്രിക് സപ്ലൈസില്‍ അദ്ദേഹം എഞ്ചിനീയര്‍ ആയിരുന്നു. സ്വാമിക്ക് ഒരു റേഡിയോ ഉണ്ടായിരുന്നു. എന്നും പ്രഭാതത്തിലും സന്ധ്യയ്ക്കും അത് ഓണ്‍ ചെയ്തു വെയ്ക്കുമ്പോള്‍ കേള്‍ക്കാന്‍ ധാരാളം പേര് എത്തുമായിരുന്നു. അക്കാലത്ത് മലബാറിലെ വൈദ്യുതി വിതരണം പ്രസ്തുത കമ്പനിയാണ് നടത്തിവന്നത്, വൈദ്യുതി ബോര്‍ഡ് നിലവില്‍ വന്നതോടെ അതിലെ ജീവനക്കാരെ ബോര്‍ഡില്‍ എടുത്തു. ഉപഭോക്താക്കള്‍ക്ക് കഷ്ടകാലവും ആരംഭിച്ചു. സ്വാമി സ്ഥലം മാറിപ്പോകുകയും ചെയ്തു. ഞങ്ങള്‍ കാര്യാലയവാസികളുടെ റേഡിയോ ആസ്വാദനവും അവസാനിച്ചു. അന്നത്തെ ആര്‍എസ്എസ് ജില്ലാ പ്രചാരകന് വി.പി. ജനാര്ദ്ദനന് ആ റേഡിയോ ശ്രോതാക്കളെയും തന്റെ ലോകസംഗ്രഹ പരിപാടിക്ക് ഉപയോഗിച്ചിരുന്നുതാനും.
ഇക്കാര്യങ്ങള്‍ ഇങ്ങനെ കാടുകയറിപ്പോകാന് ഇടയായത്, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജന്മഭൂമിയിലും കേസരിയിലും ഒരു ചരമവാര്‍ത്ത വായിച്ചപ്പോള്‍ അനുഭവിച്ച നഷ്ടബോധമാണ്. കേരള സംസ്ഥാനം പിറക്കുന്നതിനു മുന്‍പ്, പഴയ മദിരാശി സംസ്ഥാനത്തില്‍ റേഡിയോ സൂപ്പര്‍വൈസറായി ജോലിയില്‍ പ്രവേശിച്ച് ഏതാണ്ട് 1970 കളുടെ മധ്യം വരെ സേവനത്തില്‍ തുടര്‍ന്ന മതിലകത്തു ദാമോദര മേനോന്റെ ചരമവാര്‍ത്ത വായിച്ചതാണ്.
ജനസംഘം സംഘടനാകാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അന്നു ദേവകിയമ്മയായിരുന്നു സംസ്ഥാനാധ്യക്ഷ സ്ഥാനത്ത്. അവരുടെ ഒരു പരിപാടിക്കിടെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊക്കം കുറഞ്ഞ ഒരു മനുഷ്യന് വന്നു പരിചയപ്പെട്ടു. ”ദാമോദര മേനോന്, ഞാനും ശുകപുരക്കാരനാണ,് മതിലകത്തു തറവാട്ടിലെ അംഗമാണ്” എന്നാണ് പരിചയപ്പെടുത്തിയത്. ദേവകിയമ്മ സേവനവിമുക്തയായശേഷം ജനസംഘത്തില്‍ ചേര്‍ന്ന വിവരം അറിഞ്ഞതോടെയാണ് മേനോന് സംഘവുമായി കൂടുതല്‍ അടുത്തു സഹകരിച്ചത് എന്നു മനസ്സിലാക്കി. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി പത്മിനിചേച്ചി സ്വാതന്ത്ര്യസമരത്തിലെ സജീവ ഭടനും, മാതൃഭൂമിയുടെ ആദ്യകാല ലേഖകനുമായിരുന്ന കെ.കെ. മേനോന്റെ പുത്രിയായിരുന്നു.
ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന്റെ വസതിയില്‍ പോയി ആതിഥ്യം അനുഭവിക്കുമായിരുന്നു. അത് ആതിഥ്യമായിരുന്നില്ല. സ്വന്തം കുടുംബത്തിലെ ഒരു അനുജനെപ്പോലെയാണ് അവര്‍ കരുതിയത്. അവരുമായി സംസാരിക്കാത്ത വിഷയങ്ങള്‍ ഉണ്ടായിരുന്നില്ല. മക്കള്‍ രമേശനും ലതയും അതില്‍ പങ്കുചേരുമായിരുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ അക്കാലത്തും റേഡിയോ സര്വസാധാരണമായിട്ടില്ല. ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയത്തിലും റേഡിയോ ഉണ്ടായിരുന്നില്ല. അഖിലേന്ത്യാ സമ്മേളനത്തിനുശേഷം ജനസംഘത്തിന് പൊതുവേ മാധ്യമ അംഗീകാരം കിട്ടിയതിനാല്‍ പ്രധാനപ്പെട്ട വിവരമെന്തെങ്കിലും വന്നാല്‍ പത്രമാപ്പീസുകളില്നിന്ന് ഫോണില്‍ അറിയിക്കുമായിരുന്നു. ദീനദയാല്‍ജിയുടെയും ശ്രീഗുരുജിയുടെയും ചരമ വിവരങ്ങള്‍ മനോരമയുടെയും മാതൃഭൂമിയുടെയും ഓഫീസുകളില്നിന്നറിയിച്ചാണ് അറിഞ്ഞത്. നേതാക്കള്‍ക്കിടയില്‍ രാജേട്ടന്റെ (ഒ. രാജഗോപാല്‍) കയ്യില്‍ ഒരു ട്രാന്‍സിസ്റ്റര്‍ ഉണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്തറിയാന്‍ കഴിഞ്ഞു.
അങ്ങനെയിരിക്കെ എനിക്കും ഒരു ചെറിയ പോക്കറ്റ് റേഡിയോ കിട്ടി. മീഡിയം വേവ് മാത്രമേ കിട്ടൂ എങ്കിലും വളരെ പ്രയോജനകരമായി അതുകൊണ്ടു നടന്നു. ദാമുവേട്ടനെ (ദാമോദര മേനോന്) കാണിച്ചപ്പോഴാണ് അതിന് ലൈസന്‍സെടുക്കണമെന്നും വര്‍ഷംതോറും അതു പുതുക്കണമെന്നും അറിഞ്ഞത്. അദ്ദേഹം തന്നെ അതു ചെയ്തു തരാന്‍ സമ്മതിച്ചു. ഉപകരണത്തിന്റെ നമ്പര്‍, അതെങ്ങനെ വാങ്ങി തുടങ്ങിയ വിവരങ്ങള്‍ ഫോറത്തില്‍ പൂരിപ്പിച്ച് പോസ്റ്റ് ഓഫീസില്നിന്നുവേണ്ടിയിരുന്നു ഫീസടയ്ക്കാന്‍. അവര്‍ തന്നെ സ്റ്റാമ്പ് ഒട്ടിച്ച കാര്‍ഡു തരും. അതൊക്കെ ശരിയാക്കിത്തന്നു. താന്‍ റേഡിയോ സൂപ്പര്വൈസറായിരുന്നതിനാല്, ഉപഭോക്താക്കള്‍ യഥാസമയം ലൈസന്‍സ് പുതുക്കുന്നുണ്ടോ എന്നു പരിശോധിച്ചു നടപടിയെടുക്കുക, പിഴ ചുമത്തുക മുതലായവ അദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു. ആ ട്രാന്‍സിസ്റ്റര്‍ ഉപയോഗിക്കേണ്ട രീതിയിലും അതിന്റെ ഗുണദോഷങ്ങളും പറഞ്ഞുതന്നു.
അടിയന്തരാവസ്ഥയിലെ ജയില്‍ വാസവും ഡിഐആര്‍ കേസും കഴിഞ്ഞ്, പകുതി ഒളിവിലും പകുതി തെളിവിലുമായി നടക്കുന്നതിനിടെ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. ഹരിയേട്ടനും മറ്റുചില സംഘ പ്രവര്‍ത്തകരും അവിടെ ചെല്ലാറുണ്ടെന്നറിഞ്ഞപ്പോള് സന്തോഷമായി.
സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം തികച്ചും സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു കാര്യങ്ങള്‍ ചെയ്തു തുടങ്ങി. ഏതാനും നാള് കേസരി അച്ചടിച്ചു വന്ന ജയഭാരത് പ്രസ്സിന്റെ മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. ജന്മഭൂമിയുടെ ചുമതലകളുമായി ഞാന്‍ എറണാകുളത്തെത്തിയപ്പോള്‍ പഴയബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ജന്മഭൂമിയില് നിന്നു വിരമിച്ചശേഷം കോഴിക്കോട്ടേക്ക് പോകാന്‍ കയറിയ വണ്ടിയില്‍ യാദൃച്ഛികമായി അന്നത്തെ പ്രാന്തപ്രചാരക് എസ്. സേതുമാധവനുണ്ടായിരുന്നു. തൃശ്ശിവപേരൂരില്‍ എത്തിയപ്പോള്‍ എന്നെ പേര് വിളിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന് കയറി. താന്‍ രമേശ് ആണ്, ദാമോദര മേനോന്റെ മകന് എന്നു പരിചയപ്പെടുത്തി അടുത്ത സ്ഥലം പിടിച്ചു. പഴയ സ്മരണകള്‍ കൈമാറാനും കാലവിവരങ്ങള്‍ സംസാരിക്കാനും അവസരം ലഭിച്ചു. സേതുവേട്ടനും രമേശനെ ഓര്മ വന്നു. കോഴിക്കോടു വരെ യാത്ര തുടര്‍ന്നു.
തന്റെ ഔദ്യോഗിക കൃത്യങ്ങളില്‍ ഏറ്റവും സാമര്‍ത്ഥ്യത്തോടെ ഏര്‍പ്പെട്ട ദാമോദര മേനോന് 93-ാം വയസ്സിലാണന്തരിച്ചത്. മറക്കാനാവാത്ത സൗമ്യമായ വ്യക്തിത്വം വിസ്മൃതിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: