സിജു കറുത്തേടത്തിന്റെ ‘കമലയില്‍നിന്നു സുരയ്യയിലേക്ക് ഒരു ജിഹാദിന്റെ ദൂരം’- മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതത്തെ രേഖപ്പെടുത്തുന്നതായിരുന്നു. മേയ് 31 ന് കഥാകാരി മരിച്ചു മണ്ണടിഞ്ഞിട്ട് (പാളയം പള്ളിയില്‍ ഖബറടക്കിയിട്ട്) പതിറ്റാണ്ടു പിന്നിടുമ്പോള്‍, അവര്‍ ഒരോര്‍മ്മയായി അവശേഷിക്കുന്നു. വായനക്കാരുടെ മനസ്സില്‍ നാലപ്പാട്ടു കമലയായി, കമലാദാസായി, ആമിയായി, കമല സുരയ്യയായി, ലൗജിഹാദിന്റെ ഇരയായി നമ്മെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
പുന്നയൂര്‍ക്കുളത്തെ, നാലപ്പാട്ടു തറവാട്ടു വളപ്പിലെ നീര്‍മാതളത്തണലില്‍, ബാലാമണിയുടെ പുത്രിയായി, ദാസേട്ടന്റെ പ്രണയിനിയായി (വളരെ ചെറുപ്പത്തില്‍ തന്നേക്കാള്‍ ഏറെ പ്രായമുള്ള മാധവദാസിന്റെ ഭാര്യ) അപക്വമായ ആ വിവാഹ ബന്ധത്തില്‍ അവര്‍ക്കു നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ ‘എന്റെ കഥ’യിലൂടെ അവര്‍ വായനക്കാരുമായി പങ്കുവച്ചു.
ഭര്‍ത്താവിന്റെ മരണശേഷം ഒരു ഇസ്ലാം പണ്ഡിതനുമായി പ്രണയക്കുരുക്കില്‍പ്പെട്ടു. തീവ്രമായ പ്രണയത്തിന്റെ ഉന്മാദാവസ്ഥയിലും അവര്‍ കഥകളെഴുതി, കവിതകള്‍ രചിച്ചു. ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ബാല്യകാലാനുഭവങ്ങള്‍ അഭിമുഖങ്ങളിലൂടെ ആസ്വാദകരിലെത്തിച്ചു. അവര്‍ എല്ലാവരേയും ഒരുപോലെ സ്‌നേഹിച്ചു. പ്രായഭേദമില്ലാതെ, മത-ജാതിഭേദമില്ലാതെ. ആരും തന്നെ സ്‌നേഹിക്കുന്നില്ലെന്ന് പരിഭവിച്ചു. വിവാഹ വാഗ്ദാനവുമായി വന്ന കാമുക(?)നു മുമ്പില്‍ അവര്‍ എല്ലാം അടിയറവച്ചു. സാരി മാറ്റി. പര്‍ദ്ദ ധരിച്ചു. കാമുകന്‍ കാലുമാറിയപ്പോള്‍ അവര്‍ ഒറ്റപ്പെട്ടു.
പതിറ്റാണ്ടുകള്‍ക്കുശേഷം ഇപ്പോഴിതാ കനേഡിയന്‍ എഴുത്തുകാരിയായ മെറിലി വേസ്‌ബോഡ് രചിച്ച പ്രണയത്തിന്റെ രാജകുമാരി(ദ ലൗ ക്വീന്‍ ഓഫ് മലബാര്‍) എന്ന പുസ്തകത്തിലൂടെ അവരുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറംലോകം അറിയാനിടയായിരിക്കുന്നു. ലബ്ധപ്രതിഷ്ഠയായ ഒരെഴുത്തുകാരി നേരിടേണ്ടിവന്ന ദുരന്ത സത്യങ്ങള്‍ വെളിപ്പെടുത്തിയതില്‍ എ.പി.അഹമ്മദ്, താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു.
മലയാള വായനക്കാരെ സംബന്ധിച്ച് അവരുടെ ജീവിതരഹസ്യങ്ങള്‍-മതാധ്യക്ഷന്മാരാല്‍ വേട്ടയാടപ്പെടുകയും ഒടുവില്‍ ഹിന്ദുവായിരുന്ന അവരുടെ ശരീരം-പള്ളിയിലടക്കം ചെയ്യപ്പെട്ടു. കനേഡിയന്‍ എഴുത്തുകാരിയുടെ പുസ്തകത്തിലൂടെയും അഹമ്മദിന്റെ വെളിപ്പെടുത്തലുകളിലൂടെയും-അതൊക്കെ സത്യമാണെങ്കില്‍-അതിനു കാരണക്കാരായവര്‍ അവരുടെ ആത്മാവിനോട് മാപ്പു പറയണം.
കാലമെത്ര കഴിഞ്ഞാലും മാധവിക്കുട്ടിയുടെ രചനകള്‍ മതംമാറ്റത്തിനു വിധേയയായ, ലൗജിഹാദിന്റെ രക്തസാക്ഷിയുടെ ബാക്കിപത്രമായി അവശേഷിക്കും.
മാധവിക്കുട്ടിയുടെ അല്ലാഹുവും കൃഷ്ണനായിരുന്നു
(മുസ്തഫ കീത്തടത്ത്)
‘കമലയില്‍നിന്ന് സുരയ്യയിലേക്ക് ഒരു ജിഹാദിന്റെ ദൂരം’ എ.പി. അഹമ്മദുമായുള്ള അഭിമുഖം വായിച്ചു. സത്യത്തില്‍ മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം സര്‍വാത്മനാ ആയിരുന്നില്ലെന്നും, കേവലം ഭൗതികം മാത്രമായിരുന്നുവെന്നും മാധവിക്കുട്ടിയുടെ കൃതികളെയും മാധവിക്കുട്ടിയുടെ ജീവിതത്തെയും അടുത്തറിയുന്ന എ.പി. അഹമ്മദ് അടക്കമുള്ള അവരുടെ വായനക്കാരായ ഞങ്ങള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പതിറ്റാണ്ടു നീണ്ടുനിന്ന സൗദിഅറേബ്യന്‍ ജീവിതത്തിനിടയില്‍, മാധവിക്കുട്ടിയുടെ മരണം സംഭവിച്ച സമയത്തും, അതിനുശേഷവും നടന്ന അവിടുത്തെ പല സാഹിത്യ സാംസ്‌കാരിക വേദികളിലെ മാധവിക്കുട്ടി/കമലാസുരയ്യ അനുസ്മരണങ്ങളിലും, എ.പി. അഹമ്മദ് ഈ വസ്തുതകള്‍ തുറന്നുപറഞ്ഞതിന് പ്രവാസകാലത്തെ അദ്ദേഹത്തിന്റെ പതിറ്റാണ്ടുകാലം മുഴുവന്‍ സഹചാരികളായിരുന്ന ഞാനടക്കമുള്ള പലരും സാക്ഷികളാണ്. കമല സുരയ്യ എന്നത് കേവലം ഭൗതികമായി അവര്‍ അണിഞ്ഞ ആവരണം മാത്രമാണെന്നും, മുസ്ലിം സമുദായം അതിനെ ആഘോഷമാക്കി മാറ്റുന്നത് അന്ധന്‍ ആനയെ കണ്ടതുപോലെയാണെന്നും എ.പി. അഹമ്മദിനെപ്പോലെ ഈയുള്ളവനും അവിടുത്തെ പല സാംസ്‌കാരിക സദസ്സുകളിലും വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരാഘോഷത്തിന്റെ ആര്‍പ്പുവിളിയില്‍ അതെല്ലാം മാഞ്ഞുപോവുകയായിരുന്നു.
എന്റെയുള്ളിലെ ദൈവമെന്നത് കൃഷ്ണനാണെന്നും, എന്റെ കൃഷ്ണന്‍ എവിടെയും പലയാവൃത്തി അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും ഉരുവിട്ടിട്ടും അവരുടെ മതംമാറ്റത്തെ ആഘോഷിക്കുന്ന വ്യഗ്രതയില്‍ മുസ്ലിം സമൂഹം അത് തിരിച്ചറിയാതെ പോയി. മതംമാറ്റത്തിനുശേഷം അവര്‍ എഴുതിയ ഈ കൃഷ്ണബിംബം പല കഥകളിലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വന്നിട്ടും അത് ‘അല്ലാഹു’വാണെന്ന് മിഥ്യാധാരണയാല്‍ തെറ്റിദ്ധരിക്കപ്പെട്ടുപോയതില്‍ അവര്‍ വല്ലാതെ സങ്കടപ്പെട്ടിരുന്നു. അവരെ കാണാനെത്തിയ ചിലരോടെങ്കിലും അവര്‍ ഈ സ്വകാര്യദുഃഖം പങ്കുവെച്ചിരുന്നു.
ഒരു വഞ്ചനയുടെ പാരിതോഷികമായി എടുത്തണിയേണ്ടിവന്ന ‘മതംമാറ്റം’ അവര്‍ക്ക് ആത്മപീഡനമായിരുന്നു. താനണിഞ്ഞ മതാവരണം അഴിച്ചുമാറ്റാനാവാതെ സ്വയം ബന്ധിതയായപ്പോഴാണ് അവര്‍ക്ക് വെളുത്ത ബാബു, പാരിതോഷികം പോലുള്ള കഥകള്‍ എഴുതേണ്ടി വന്നത്. അതു പക്ഷേ പലരും തിരിച്ചറിഞ്ഞില്ല. ഒരിക്കല്‍ താനെടുത്തണിഞ്ഞ മേലങ്കിയുടെ തടവറയില്‍നിന്ന് പുറത്തു കടക്കാന്‍ അവരാഗ്രഹിച്ചിരുന്നുവെങ്കിലും, നിവരാനാവാത്ത ‘കടപ്പാടു’കളുടെ ഭാരത്താല്‍ അവര്‍ കൂനിപ്പോയിരുന്നു. ഒരു പുസ്തകത്തിനുവേണ്ടി അവരെ സമീപിച്ച എന്റെയൊരു പ്രസാധക സുഹൃത്ത് ”എങ്കിലെന്തിന് നിങ്ങളിനിയും ഈ ഭാരം ശരീരത്തില്‍ വലിച്ചിഴച്ച് നടക്കണം… എല്ലാം വലിച്ചെറിഞ്ഞ് സ്വതന്ത്രയായിക്കൂടെ” എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ”എനിക്കാരെയും വേദനിപ്പിക്കാന്‍ വയ്യ…” എന്നാണ്. ഈ ഔദാര്യം പക്ഷേ അവര്‍ക്ക് തിരിച്ചു നല്‍കപ്പെട്ടില്ല.
മാധവിക്കുട്ടി ഒരു രക്തസാക്ഷിയാണ്. ഈ ഗണത്തില്‍ മറ്റൊരു രക്തസാക്ഷി കൂടിയുണ്ട്-ചേകന്നൂര്‍ മൗലവി. സ്വന്തം മതത്തോട് വിയോജിക്കാനും, മറ്റൊരു മതത്തോട് യോജിക്കാനുമുള്ള കമലസുരയ്യയുടെ വിയോജിപ്പിന്റെ സ്വാതന്ത്ര്യത്തെ ആഘോഷമാക്കി അംഗീകരിച്ചവര്‍, പക്ഷേ ചേകന്നൂര്‍ മൗലവിയുടെ സ്വന്തം മതത്തോടുള്ള വിയോജിപ്പിന്റെ സ്വാതന്ത്ര്യത്തെ ആഘോഷിച്ചില്ലെന്ന് മാത്രമല്ല, അതംഗീകരിക്കാനോ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കാനോ പോലും തയ്യാറായില്ലെന്നും നാം മറന്നുകൂടാ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: