സ്വതന്ത്ര ഇന്ത്യ സപ്തതി പിന്നിട്ടു. ഇക്കഴിഞ്ഞ കാലയളവിലൊന്നും രാജ്യം ശ്രീനാരായണ ഗുരുദേവന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ സ്ഥിതിമാറി. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ നവഭാരതത്തെ നയിക്കുമെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കുകയായിരുന്നു രാഷ്ട്രപതി. ഒരു പിന്നാക്കജാതിക്കാരന്‍ പ്രധാനമന്ത്രിയും ഒരു പട്ടികജാതിക്കാരന് രാഷ്ട്രപതിയുമാകേണ്ടിവന്നു. ശ്രീനാരായണ ഗുരുദേവന്റെ മഹത്വം മനസ്സിലാക്കാനെന്ന് കരുതാം.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ഗുരുദേവന്റെ സൂക്തങ്ങളെ ഉദ്ധരിക്കാനും തന്റെ സര്‍ക്കാരിന്റെ കാഴ്ചപ്പാടിതാണെന്ന് ഓര്‍മിപ്പിക്കാനും അദ്ദേഹം തയ്യാറായി. ഇത് നരേന്ദ്രമോദി സര്‍ക്കാരിന് പെട്ടെന്നുണ്ടായ വെളിപാടല്ല. അഞ്ച് പതിറ്റാണ്ട് മുന്‍പുതന്നെ ഗുരുദേവനെ നരേന്ദ്രമോദിയുടെ മുന്‍ഗാമികള്‍ തിരിച്ചറിയുകയും ആ മാര്‍ഗമാണ് അനുകരണീയമെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം 1967ല്‍ കോഴിക്കോട് നടന്നപ്പോള്‍ നഗറിന് ശ്രീനാരായണ ഗുരുദേവന്റെ പേരുനല്‍കിയത്. അന്ന് ദേശീയതലത്തില്‍ ഗുരുദേവനെക്കുറിച്ച് ഏറെയൊന്നും അറിയാമായിരുന്നില്ല.
മോദി സര്‍ക്കാരും ബിജെപിയും ഗുരുദേവന്റെ ചിന്തകള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ശിവഗിരിമഠവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നൂറുകോടിയോളം രൂപ നല്കാന് തീരുമാനിച്ചത് ചരിത്രസംഭവമാണല്ലോ. സ്വതന്ത്രഭാരത ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത സന്നദ്ധതയാണ് ശിവഗിരിയുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് രാഷ്ട്രീയലാഭത്തിനായുള്ള നടപടിയല്ലെന്ന് വ്യക്തമാണ്.
അരുവിപ്പുറം പ്രതിഷ്ഠാശതാബ്ദി 1988ല്‍ ആഘോഷിച്ചപ്പോള്‍ ആ ചടങ്ങില്‍ ലാല്‍ കൃഷ്ണ അദ്വാനി പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. ഗുരുദേവന് തുടക്കംകുറിച്ച നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ, പരിഷ്കാരങ്ങളുടെ ഗുണഭോക്താക്കളായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അന്ന് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ചടങ്ങില്‍ ക്ഷണിതാവായിരുന്ന ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് അതില്‍ പങ്കെടുക്കാതെ പാര്‍ട്ടി പത്രത്തില്‍ ശ്രീനാരായണന്റെ ആശയങ്ങള്‍ക്ക് പിന്തിരിപ്പന് സ്വഭാവമെന്ന് ആക്ഷേപിക്കുകയും ചെയ്തു. ഗുരുദേവനെ തിരിച്ചറിയാന്‍ ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയിലെ സംഭാഷണങ്ങള്‍ മാത്രംമതി. 1925 മാര്‍ച്ച് 13ന് ആയിരു ന്നു ഇത്. മഹാകവി കുമാരനാശാനായിരുന്നു പരിഭാഷകന്.
മഹാത്മജി: ”ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമികള്‍ക്കറിവുണ്ടോ?”
സ്വാമി: ”ഇല്ല”
മഹാത്മജി: ”ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ വല്ല മാറ്റവും വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ?”
സ്വാമി: ”അത് ശരിയായി നടക്കുന്നുണ്ടെന്നാണറിവ്. അതില്‍ മാറ്റം വല്ലതും വരുത്തണമെന്ന അഭിപ്രായമില്ല.”
മഹാത്മജി: ”അധഃകൃത വര്‍ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനുപുറമെ മറ്റെന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം?”
സ്വാമി: ”അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്ര വിവാഹമോ വേണമെന്ന പക്ഷമില്ല. നന്നാവാനുള്ള സൗകര്യം എല്ലാവരെയുംപോലെ അവര്‍ക്കുമുണ്ടാകണം.
മഹാത്മജി: ”അക്രമരഹിതമായ സത്യഗ്രഹം കൊണ്ടുപയോഗമില്ലെന്നും അവകാശസ്ഥാപനത്തിന് ബലം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജിയുടെ അഭിപ്രായമെന്താണ്?”
സ്വാമി: ”ബലപ്രയോഗം നന്നെന്ന് തോന്നുന്നില്ല.”
മഹാത്മജി: ”ബലപ്രയോഗം ഹൈന്ദവശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ?”
സ്വാമി: ”രാജാക്കന്മാര്ക്കും മറ്റും അത്യാവശ്യമാണെന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്. സാധാരണ ജനങ്ങളെ സംബന്ധിച്ച് ബലപ്രയോഗം ന്യായമായിരിക്കുകയില്ല. ”
മഹാത്മജി: ”മതപരിവര്‍ത്തനം ചെയ്യണമെന്നും അതാണ് സ്വാതന്ത്ര്യപ്രാപ്തിക്ക് വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സ്വാമിജി അതനുവദിക്കുന്നുണ്ടോ?”
സ്വാമി: ”മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അത് കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്ന് പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനില്ല.”
മഹാത്മജി: ”ആധ്യാത്മിക മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?”
സ്വാമി: ”അന്യമതങ്ങളിലും മോക്ഷമാര്‍ഗങ്ങളുണ്ടല്ലോ.”
മഹാത്മജി: ”അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷമാര്‍ഗത്തിന് മതിയാകുമെന്ന് സ്വാമികള്‍ വിചാരിക്കുന്നുണ്ടോ?”
സ്വാമി: ”ധാരാളം പര്യാപ്തം തന്നെ. ലൗകികമായ സ്വാന്ത്ര്യത്തെയാണല്ലൊ ജനങ്ങള്‍ അധികം ഇഷ്ടപ്പെടുന്നത്.”
മഹാത്മജി: ”അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലെ? ആദ്ധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമാണെന്ന് സ്വാമിജിക്ക്് അഭിപ്രായമുണ്ടോ?”
സ്വാമി: ”ആദ്ധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമില്ല.”
മഹാത്മജി: ”ലൗകിക സ്വാതന്ത്ര്യത്തിനാണല്ലൊ നാം പരിശ്രമിക്കുന്നത്. അത് സഫലമാകാതെ വരുമോ?”
സ്വാമി: ”അത് സഫലമാകാതെ വരികയില്ല. അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ഇവിടെ വരേണ്ടിവരും.”
മഹാത്മജി: ”(ചിരിച്ചുകൊണ്ട്) എന്റെ ആയുഷ്കാലത്തില്തന്നെ അത് സഫലമാകുമെന്നാണെന്റെ വിശ്വാസം. അധഃകൃത വര്ഗക്കാരില്തന്നെ അയിത്താചാരമുണ്ടല്ലൊ. സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ? ”
സ്വാമി: ”എല്ലാവര്ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അവശസമുദായങ്ങളിലെ ബാലന്മാര് മറ്റുള്ളവരോടൊപ്പം ശിവഗിരി മഠത്തില്‍ താമസിച്ച് പഠിച്ചുവരുന്നു. ആരാധനകളില്‍ സംബന്ധിക്കുന്നുമുണ്ട്.”
മഹാത്മജി: ”വളരെ സന്തോഷം. സ്വാമികളുമായുള്ള സംഭാഷണത്തില്‍ മഹാത്മജി തിരുവനന്തപുരത്തുവച്ച് അതിയായ തൃപ്തി പ്രകടിപ്പിച്ചു. ‘മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കുവാന്‍ ഇടയായതും പുണ്യവാനായ ശ്രീനാരായണ ഗുരുസ്വാമികളെ ദര്‍ശിക്കുവാനിടയായതും എന്റെ ജീവിതത്തിലെ പരമഭാഗ്യമായി ഞാന്‍ കരുതുന്നു. അദ്ദേഹം അഭിപ്രായപ്പെട്ടു.”
ഏതാണ്ട് ഒരു നൂറ്റാണ്ടായി ഈ സംഭാഷണത്തിന്. ഗാന്ധിജിയേയും ഗുരുദേവനേയും സ്മരിക്കാതെ എങ്ങനെ നവഭാരതം സൃഷ്ടിക്കാനാകും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: