പന്തളം: പന്തളം സര്‍വ്വീസ് സഹകരണസംഘം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മുകാര്‍ രാത്രിയില്‍ വീട്ടില്‍ കയറി വിധവയെയും മരുമകളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പന്തളം പോലീസില്‍ പരാതി. മുതിര്‍ന്ന സിപിഎം നേതാവും സംഘം പ്രസിഡന്റുമായ കെ.പി. ചന്ദ്രശേഖരക്കുറുപ്പ്, സെക്രട്ടറി അമീര്‍ഖാന്‍, ജീവനക്കാരന്‍ അനില്‍കുമാര്‍, കണ്ടാലറിയുന്ന മറ്റൊരാളും അടങ്ങുന്ന സംഘത്തിനെതിരെ പന്തളം തോട്ടക്കോണം പൂഴിത്തറയില്‍ പൊന്നമ്മയാണ് പന്തളം പോലീസില്‍ പരാതി നല്‍കിയത്.
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവമെന്നാണ് പരാതി. വീട്ടിലെത്തിയ സംഘം സ്ത്രീകളെ അസഭ്യം പറയുകയും മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്യുകയായിരുന്നത്രെ. ഈ സമയം പൊന്നമ്മയും മകന്റെ ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
സംഘത്തില്‍ നിന്നു ലോണെടുത്തു കബളിപ്പിച്ചു എന്നാണ് കാര്യം തിരക്കിയ പൊന്നമ്മയോട് അക്രമി സംഘം പറഞ്ഞത്. വീടിനുള്ളിലിരുന്നു സംസാരിക്കാം എന്നു പറഞ്ഞിട്ടും കൂട്ടാക്കാതെയാണ് അയല്‍ക്കാര്‍ കേള്‍ക്കെ അസഭ്യം വിളിച്ച് അപമര്യാദയായി പെരുമാറിയതെന്നാണു പരാതിയില്‍ പറയുന്നത്.
സഹകരണ സംഘത്തില്‍ നിന്നും ഇവര്‍ രണ്ടുലക്ഷം രൂപ ലോണെടുത്തിരുന്നു. ഒന്നര ലക്ഷം രൂപ തിരിച്ചയയ്‌ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഒരു ലക്ഷം രൂപ തിരിച്ചടച്ചത്. പ്രളയത്തേത്തുടര്‍ന്നു സര്‍ക്കാര്‍ ലോണ്‍ തിരിച്ചടയ്‌ക്കുന്നതിനു മൊറട്ടോറിയം പ്രഖ്യാപച്ചതിനാലാണ് പിന്നീടു ലോണ്‍ അടയ്‌ക്കാതിരുന്നത്. പ്രളയത്തില്‍ ഇവരുടെ വീടു പൂര്‍ണ്ണമായും മുങ്ങി വന്‍ നാശനഷ്ടവും ഉണ്ടായിട്ടുള്ളതാണ്. ഇതൊന്നും അംഗീകരിക്കാതെയാണ് സിപിഎം നേതാക്കളായ സഹകരണസംഘം അധികാരികള്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തത്.
പൊന്നമ്മയുടെ ഭര്‍ത്താവ് സുകുമാരന്‍ സൈന്യത്തില്‍ സേവനത്തിലിരിക്കുമ്പോഴാണ് മരണപ്പെട്ടത്. മകന്‍ അരുണ്‍, മരുമകള്‍ സുനിത എന്നിവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. മകന്‍ പുറത്തു പോയ സമയത്താണ് അക്രമിസംഘം വീട്ടിലെത്തി അതിക്രമം കാട്ടിയത്.
















