കോട്ടയം: മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തില്‍ മതപ്രചാരകര്‍ക്കും തിരിച്ചടി. ശമ്പളമടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ കിട്ടാതായതോടെ വിവിധ പെന്തക്കോസ്ത് വിഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് സുവിശേഷകരാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടെ പരസ്യ മതപ്രചാരണ പ്രസംഗങ്ങള്‍ നിര്‍ത്തിയത്.
ചെറിയ പള്ളികളിലെ സുവിശേഷം, വീടുകള്‍ കേന്ദ്രീകരിച്ചുള്ള സുവിശേഷം, പൊതുസ്ഥലങ്ങളിലും റോഡരികുകളിലുമുള്ള പരസ്യമായ മതപ്രചാരണ പ്രസംഗങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. പ്രചാരവേല സമയത്ത് മാസം തോറും ലഭിച്ചിരുന്ന ശമ്പളം ലഭിക്കാതായതോടെ വരുമാനം പ്രതീക്ഷിച്ച് നിര്‍മിച്ച വീടിന്റെയും, വാങ്ങിയ വാഹനങ്ങളുടെയും അടക്കമുള്ള വായ്‌പകള്‍ തിരിച്ചടക്കാനാവാതെ മിക്ക പാസ്റ്റര്‍മാരും ഇതോടെ നെട്ടോട്ടത്തിലാണ്.
കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി നൂറിലധികം പെന്തക്കോസത് മിഷനുകളാണ് മതംമാറ്റമടക്കമുള്ള വേലകള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നാണ് മതപ്രചാരണം നടത്താന്‍ ഇവര്‍ക്ക് ഫണ്ട് എത്തിയത്. എന്‍ജിഒകളുടെ ഫണ്ട് വരവിന് കേന്ദ്രം കൃത്യമായ കണക്ക് ശേഖരിക്കുകയും അനധികൃതമായി പ്രവര്‍ത്തിച്ചവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തതാണ് സുവിശേഷ പ്രചാരകര്‍ക്ക് തിരിച്ചടിയായത്.
സുവിശേഷകരില്‍ പലരും ഇപ്പോള്‍ മറ്റു ജോലികള്‍ ചെയ്താണ് പണം സമ്പാദിക്കുന്നത്. 2014 വരെ പെന്തക്കോസത് മിഷനുകള്‍ക്കായി പ്രതിവര്‍ഷം നൂറുകോടിയില്‍ അധികം രൂപയാണ് കേരളത്തിലേക്ക് എത്തിയിരുന്നത്. ഈ തുകകള്‍ക്ക് കണക്ക് മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ ഫണ്ട് വരവ് പെട്ടന്ന് നിലയ്‌ക്കുകയായിരുന്നു. ഇതോടെയാണ് സുവിശേഷ പ്രചാരകര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ പെന്തക്കോസത് മിഷനുകള്‍ക്ക് സാധിക്കാതെ വന്നത്.
















