സത്യന് സേവാഭാരതി നിര്‍മിച്ചുനല്‍കിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് സേവാഭാരതി ജില്ലാപ്രസിഡന്റ് റിട്ട. മേജര്‍ ഡോ. പി. വിവേകാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
കൊടകര: ഇടതും വലതും മുന്നണികള്‍ അവഗണിച്ച നിര്‍ധന യുവാവിന് വീടൊരുക്കിയത് സേവാഭാരതി. വഴിയമ്പലം പുത്തന്‍ചിറക്കാരന്‍ സത്യന് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം. വര്‍ഷങ്ങളോളം കനാല്‍ബണ്ടിലായിരുന്നു സത്യനും കുടുംബവും ജീവിച്ചത്. ഇടതു-വലതു മുന്നണികളുടെ കാലയളവിലൊക്കെ ഗ്രാമസഭയില്‍ വീടിനായി അപേക്ഷ നല്‍കി. അനുമതിയായെങ്കിലും വീട് ലഭിച്ചില്ല.
സത്യന്റെ ദുരിതജീവിതമറിഞ്ഞ് കൊടകര സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ സത്യന് വീട് മൂന്ന് മുറികളും അടുക്കളയുമുള്ള വീട് നിര്‍മിച്ചുനല്‍കുകയായിരുന്നു. സേവാഭാരതി ജില്ലാ പ്രസിഡന്റ് റിട്ട. മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ ഗൃഹപ്രവേശ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. ശ്രീരാമന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.
ആര്‍എസ്എസ് ചാലക്കുടി ഖണ്ഡ് സംഘചാലക് ജി. പത്മനാഭസ്വാമി മുഖ്യാതിഥിയായി. എം.എന്‍. തിലകന്‍, കെ.ആര്‍. ദേവദാസ്, ടി.സി. സേതുമാധവന്‍, വി.കെ. മുരളി, ടി.വി. പ്രജിത്ത്, വി.കെ. സുബ്രഹ്മണ്യന്‍, അഡ്വ: ആശ രാംദാസ്, എം. കൃഷ്ണകുമാര്‍, വി. നന്ദകുമാര്‍, എന്‍.പി. ശിവന്‍, അഡ്വ. സുധീര്‍ബേബി, അഡ്വ. എം.എന്‍. ജയന്‍ എന്നിവര്‍ പങ്കെടുത്തു. രണ്ടരമാസം മുമ്പാണ് വീടിന്റെ നിര്‍മാണം ആരംഭിച്ചത്. സേവാഭാരതിയുടേയും ബിജെപിയുടേയും പ്രവര്‍ത്തകരായ എം.എന്‍. തിലകന്‍, നന്ദനന്‍ വെല്ലപ്പാടി, രഘു പാട്ടത്തില്‍, വത്സന്‍ തോട്ടാപ്പിള്ളി, രഞ്ജിത് കാടുവെട്ടി, സുധി പൊഴങ്ങോടത്ത്, സഹദേവന്‍ കാവില്‍ എന്നിവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.
















