കൊച്ചി: 2009 ല്‍ കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കെയാണ് മകന് ബിനോയ് കോടിയേരി ബീഹാറില്‍ 34 കാരിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുന്നത്. കേരളത്തില്‍ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആ സമയത്ത് അച്ഛന് കോടിയേരി ബാലകൃഷ്ണന് നേതൃത്വം നല്കുമ്പോള് അതേ നിയമങ്ങളെ കാറ്റില്‍ പറത്തുകയായിരുന്നു മകന് ബിനോയി.
ബീഹാര്‍ സ്വദേശിയായ യുവതിയുടെ അച്ഛന് 2007ല്‍ മരണമടഞ്ഞു. തുടര്‍ന്ന് ജോലി തേടിയാണ് മുംബൈയിലെത്തിയത്. അവിടെ ചേച്ചിയുടെ കൂടെ താമസിച്ച് ഡാന്‍സ് പഠിച്ചു. 2009 സെപ്തംബറില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ദുബായിയിലെത്തി ഡാന്‍സ് ബാറില്‍ ജോലിക്ക് കയറി. അവിടെ മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ വെച്ചാണ് സ്ഥിരം സന്ദര്‍ശകനായ ബിനോയ്യെ പരിചയപ്പെട്ടത്.
അയാള്‍ പണം വാരിയെറിഞ്ഞാണ് തന്റെ വിശ്വാസം പിടിച്ചു പറ്റിയതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പിന്നെ മൊബൈല്‍ നമ്പര്‍ വാങ്ങി സ്ഥിരമായി വിളിച്ചുതുടങ്ങി. മലയാളിയാണെന്നും ദുബായിയില്‍ നിര്‍മാണ കമ്പനിയുണ്ടെന്നുമൊക്കെയാണ് പറഞ്ഞിരുന്നത്. ക്രമേണ ബിനോയ്യുമായി അടുത്തു. ബിനോയ് ഇടക്കിടക്ക് വില കൂടിയ സമ്മാനങ്ങള്‍ നല്കി. ഒരിക്കല്‍ തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ബിനോയ്, ഡാന്‍സ് ബാറിലെ ജോലി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു,
2009 ഒക്ടോബറില്‍ ദുബായിയിലെ തന്റെ ഫ്ളാറ്റില്‍ വിളിച്ചു വരുത്തിയാണ് വിവാഹവാഗ്ദാനം നല്‍കിയതെന്നും അവിടെ വെച്ചാണ് ശാരീരികമായി ബന്ധപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തി. തന്റെ വീട്ടു വാടകയും വീട്ടുചെലവും നല്‍കിയിരുന്നത് ബിനോയ് ആയിരുന്നു.2010 ഫെബ്രുവരിയില്‍ യുവതിയോടൊപ്പം മുംബൈ അന്ധേരിയിലെത്തിയ ബിനോയ് അവര്‍ക്ക് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തു കൊടുത്തു.
വിവാഹം കഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണം പറഞ്ഞ് ബിനോയ് ഒഴിഞ്ഞുമാറി. 2010 ജൂലൈ 22നാണ് കുഞ്ഞുണ്ടായത്. ആശുപത്രിയില്‍ സ്ഥിരമായി തന്നെയും കുഞ്ഞിനെയും കാണാന്‍ ബിനോയ് എത്തിയിരുന്നു. തുടര്‍ന്ന്, താമസം മറ്റൊരു ഫ്ളാറ്റിലേയ്ക്ക് മാറ്റി. തന്നെ വിവാഹം കഴിക്കാന്‍ തന്റെ അമ്മയും ബിനോയിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് മാറുകയായിരുന്നു. ഒടുവില്‍ കുട്ടിയുടെ ഒന്നാം പിറന്നാളിന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. പക്ഷെ ചെയ്തില്ല. 2014-ല്‍ വാടക സമയം കഴിഞ്ഞപ്പോള്‍ ജോഗേശ്വരിയിലെ മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറി. ഒരു വര്‍ഷം കഴിഞ്ഞതോടെ ബിസിനസ് നഷ്ടത്തിലാണെന്നും ഫ്ളാറ്റിന്റെ വാടകയും തന്റെ ചെലവും നല്കാന് കഴിയില്ലെന്നും ബിനോയ് പറഞ്ഞു.
2018ലാണ് ദുബായിയില്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് താന്‍ അറിഞ്ഞതെന്നും യുവതി പറയുന്നു. തുടര്‍ന്ന് ബിനോയിയുടെ വിശദാംശങ്ങള്‍ തെരഞ്ഞപ്പോഴാണ് അയാള്‍ക്ക് മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയത്. രണ്ടെണ്ണം നിര്‍ജീവമായിരുന്നു. എന്നാല്‍ മൂന്നാമത്തെ പ്രൊഫൈലില്‍ കോടിയേരിയുടെ കുടുംബത്തെ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ബിനോയ് കോടിയേരി ആരെന്ന് മനസ്സിലാക്കിയത്. ഈ സമയത്ത്, ഒരിക്കല്‍ കൂടി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ച് ഭീഷണിയായിരുന്നു മറുപടി, യുവതി പറയുന്നു.പിന്നീടാണ് താന്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: