ഈ മണ്ണില്‍ വേരൂന്നാന്‍ ഭീകരവാദത്തെ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തില്‍ ഉറച്ചുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍, കിഴക്കും പടിഞ്ഞാറും ഭീകരര്‍ക്കെതിരെ ശക്തമായ പോര്‍മുഖമാണു തുറന്നിരിക്കുന്നത്. കശ്മീര്താഴ്വര അരിച്ചുപെറുക്കുന്ന സുരക്ഷാസൈന്യം ഭീകരത്താവളങ്ങള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുന്നു. തങ്ങള്‍ അധീനപ്പെടുത്തിയിരിക്കുന്ന കശ്മീര്‍ ഭാഗംകൂടി നഷ്ടപ്പെടുമോ എന്ന പേടിയിലാണ് പാക്കിസ്ഥാന്. അതേസമയം വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷാസേന നടത്തിയ മിന്നലാക്രമണങ്ങളില്‍ ഒട്ടേറെ ഭീകരര്‍ പിടിയിലായിക്കഴിഞ്ഞു. മ്യാന്മര് അതിര്‍ത്തികടന്നു മുന്‍പുനടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. മൂന്നാഴ്ചത്തെ സണ്‍ഷൈന്‍ 2 എന്ന ഓപ്പറേഷനില്‍ എണ്‍പതോളം ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായി. മ്യാന്മര്സൈന്യം ഇന്ത്യക്കു നല്ല പിന്തുണ നല്‍കുന്നുമുണ്ട്. 2015ല്‍ 15 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു തിരിച്ചടിയായാണ് മ്യാന്മര് അതിര്‍ത്തികടന്ന് ഇന്ത്യ ഭീകരതാവളങ്ങള്‍ ആക്രമിച്ചുതകര്‍ത്തത്. അന്നുമുതല്‍ ഈ ഭാഗത്ത് കനത്ത ജാഗ്രതയിലായിരുന്നു ഇന്ത്യന്‍ സുരക്ഷാസേന. അതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണങ്ങള്‍.
പടിഞ്ഞാറ്, ഭീകരവാദത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നു പറയുകയും അതേസമയംതന്നെ കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പണമൊഴുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ഇരട്ടത്താപ്പാണ് ഇന്ത്യയുടെ സുരക്ഷാസൈന്യം കഴിഞ്ഞ ദിവസം തുറന്നുകാണിച്ചത്. ഇന്ത്യക്കെതിരെ ഇന്ത്യക്കകത്തുനിന്നു യുദ്ധം ചെയ്യാന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന ശൈലി പാക്കിസ്ഥാന് തുടങ്ങിയിട്ടു കാലംകുറച്ചായി. പക്ഷേ, ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങളെയും ദീര്ഘവീക്ഷണത്തെയും മുന്കരുതലിനേയും മറികടക്കാന്‍ അവര്‍ക്കായിട്ടില്ല. അവിടവിടെ ചില സ്ഫോടനങ്ങള്‍ നടത്തി ഞെട്ടിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു. മാത്രമല്ല, മുസ്ലീം രാഷ്ട്രങ്ങള്‍ക്കിടയില്‍പ്പോലും ഒറ്റപ്പെടുന്ന നിലയിലുമായി. സ്വന്തം നിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളുമായി ഇന്ത്യ ഉയരങ്ങളിലേയ്ക്കും ലോകരാഷ്ട്രങ്ങളുടെ അംഗീകാരത്തിലേയ്ക്കും നീങ്ങുന്നതിനെ തടയാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലാണ് പാക്കിസ്ഥാന് ഭരണകൂടം.
പുറമെനിന്നുള്ള നുഴഞ്ഞുകയറ്റവും ആക്രമണവും നേരിടുന്നതിനിടെത്തന്നെ അകത്തുനിന്നുള്ള പോരാട്ടത്തേയും കൈകാര്യം ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സുരക്ഷാസേന നടത്തിവരുന്നത്. നേരത്തെ യുപിഎയുടെ കേന്ദ്രഭരണത്തിന്റെ നിസ്സംഗത മുതലെടുത്ത് വളര്‍ന്നുപന്തലിച്ച ഭീകരതാവളങ്ങള്‍ വേരോടെ പിഴുതെറിയാനാണ് ഇന്ന് ഇന്ത്യയുടെ ശ്രമം. വിഘടനവാദ ശക്തികള്‍ക്കും അവരുടെ പിന്‍ബലത്തില്‍ വളരുന്ന മത-ഭീകരവാദ-തീവ്രവാദ സംഘങ്ങള്‍ക്കും ശക്തിപകര്‍ന്നിരുന്നത്, അവരെ വോട്ടുബാങ്കായി കണ്ടിരുന്ന കോണ്‍ഗ്രസ് അടക്കമുള്ള ചില രാഷ്ട്രീയകക്ഷികളും, അവര്‍ക്കു കേന്ദ്രഭരണത്തില്‍ ലഭിച്ചിരുന്ന പങ്കാളിത്തവുമായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ വിജയവും ഒറ്റയ്ക്കുഭരിക്കാവുന്ന നിലയിലേയ്ക്കുള്ള ബിജെപിയുടെ വളര്‍ച്ചയും അവരുടെയൊക്കെ അടിത്തറയിളക്കി. പ്രാദേശിക വികാരങ്ങളും മതവികാരങ്ങളും ഇളക്കിവിട്ടിരുന്ന കക്ഷികള്‍ ക്ഷയിക്കുകയും ചെയ്തു. ഭീകരവാദികളെ സമൂഹത്തില്‍നിന്നു വേര്‍പെടുത്തി, ഒറ്റപ്പെടുത്തി നേരിടാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമവും കക്ഷിരാഷ്ട്രീയ, മതഭേദമില്ലാതെ ജനങ്ങളുടെ ആവശ്യമറിഞ്ഞ് വികസനം എത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതികളും ജനങ്ങളെ സര്‍ക്കാരുമായി അടുപ്പിച്ചു. ഭീകരവാദികള്‍ക്കു, സ്വയരക്ഷയ്ക്കു മറതീര്‍ക്കാന്‍ ജനപിന്തുണകിട്ടാത്ത അവസ്ഥയായി. കശ്മീര്‍ താഴ്വരയില് സൈന്യത്തിന് നേരെയുള്ള കല്ലേറും സമരവും നിലച്ചതും അവിടെനിന്നു മുന്‍പു പലായനംചെയ്തു ദല്‍ഹി തെരുവോരങ്ങളില്‍ കഴിഞ്ഞുകൂടേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളില്‍ ചിലര്‍ക്കെങ്കിലും കശ്മീരിലേയ്ക്കു മടങ്ങാന്‍ കഴിഞ്ഞതും ഈ നയത്തിന്റെ നേട്ടമാണ്. ഫലത്തില്‍, ഭീകരരുമായി നേര്‍ക്കുനേര്‍ ആഞ്ഞടിക്കാന്‍ ആവുംവിധം സൈന്യത്തിനു വഴിതെളിഞ്ഞു കിട്ടിയിരിക്കുന്നു. പിടിച്ചുനില്‍പ്പിനുള്ള അവസാനവട്ട പോരാട്ടത്തിലാണ് കിഴക്കും പടിഞ്ഞാറുമുള്ള വിഘടനവാദികളും തീവ്രവാദികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: