Categories: Kerala

നിയമസഭയില്‍ ജോസഫ് തന്നെ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിളര്‍ന്നെങ്കിലും നിയമസഭയില്‍ കക്ഷി നേതാവ് പി.ജെ. ജോസഫ് തന്നെ. ഇന്നലെ അടിയന്തര പ്രമേയ അവതരണ ചര്‍ച്ചയില്‍ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്ത്് സംസാരിച്ചതും ജോസഫാണ്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തെങ്കിലും പി.ജെ. ജോസഫിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ജോസ് കെ. മാണി പക്ഷത്തിന് കടമ്പകളുണ്ട്. കൂറുമാറ്റനിരോധന നിയമം ഉള്‍പ്പെടെ അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യും.

പാര്‍ട്ടി നിയമപരമായി രണ്ടാകുന്നത് വരെ പ്രശ്‌നമുണ്ടാക്കാതെ തുടരാനാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ തീരുമാനം. നിയമസഭയില്‍ പി.ജെ. ജോസഫിന് മുന്‍നിരയില്‍ തന്നെയാണ് സീറ്റ്. ജോസഫിന്റെ സ്ഥാനം സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്തു നല്‍കിയ മോന്‍സ് ജോസഫിന്റെ നടപടിയാണ് പാര്‍ട്ടിയില്‍ വിയോജിപ്പിന്റെ അന്തരീക്ഷം സൃഷ്ട്ടിച്ചതെന്നാണ് ജോസ് കെ. മാണി പക്ഷത്തിന്റ ആക്ഷേപം. 

പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തതായി സ്പീക്കറെ അറിയിച്ചാല്‍ അതിനെതിരെ ജോസഫ് കത്ത് നല്‍കും. ഇത് വലിയ നിയമക്കുരുക്കിലേക്ക് പോകും. ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോകുന്നു എന്ന പ്രചരണവും നടക്കുന്നുണ്ട്. അനുകൂലമായി സമീപനം സ്വീകരിക്കുന്ന മുന്നണിക്കൊപ്പം നീങ്ങുമെന്നാണ് ജോസ് കെ. മാണി പക്ഷം നല്‍കുന്ന സൂചന.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക