ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത തരത്തില്‍ തകര്‍ന്നടിഞ്ഞ് പ്രതിപക്ഷം. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാതെ, ലക്ഷ്യബോധമില്ലാതെ അലയുകയാണ് പ്രതിപക്ഷ കക്ഷികള്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ആലോചിക്കാന്‍ ഒരു യോഗം ചേരാന്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. നേതൃസ്ഥാനം ഏറ്റെടുക്കേണ്ട കോണ്‍ഗ്രസിന് സ്വന്തം നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുമ്പൊക്കെ ഇത്തരം ഘട്ടങ്ങളില്‍ ആരും പറയാതെ തന്നെ നേതാവു ചമഞ്ഞ് രംഗത്തുവരാറുള്ള സിപിഎം ചിത്രത്തിലെങ്ങുമില്ല.
തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് രാജ്യം ചുറ്റിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോയി. നേതൃ സ്ഥാനം ഒഴിയുകയാണെന്നു പ്രഖ്യാപിച്ച രാഹുലിനെ പിന്തിരിപ്പിക്കാന് കോണ്‍ഗ്രസ് നേതാക്കള്‍ക്കു കഴിഞ്ഞിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഹുലിന്റെ പങ്കാളിത്തത്തെക്കുറിച്ച് കോണ്‍ഗ്രസിന് ഉറപ്പൊന്നുമില്ല.
പ്രചാരണകാലത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്കു വന്ന് കോലാഹലം സൃഷ്ടിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്കും, പാര്‍ലമെന്റ് സമ്മേളനത്തിനായി പ്രതിപക്ഷത്തെ ഏതെങ്കിലും തരത്തില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. മോദിക്കെതിരെ സഖ്യമുണ്ടാക്കാന്‍ ഓടിനടന്ന ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനേയും കാണാനില്ല. തൂക്കുസഭ വന്നാല്‍ പ്രധാനമന്ത്രിയാവാമെന്നു വരെ മോഹിച്ച നായിഡുവിന്റെ പാര്‍ട്ടിക്ക് ഇത്തവണ പാര്‍ലമെന്റില്‍ മൂന്ന് അംഗങ്ങള്‍ മാത്രം.
മുമ്പൊക്കെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസങ്ങളില്‍ ഫോണ്‍ നിലത്തുവെക്കാന്‍ സമയമില്ലാത്തതുപോലെ തിരക്കായിരിക്കും. ഇപ്പോള്‍ ആരും തമ്മില്‍ വിളിയില്ല, എന്ന് പ്രതിപക്ഷത്തെ ഒരു നേതാവ് വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് പ്രതിപക്ഷ നിരയിലെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നു. മെയ് മുപ്പത്തൊന്നിന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ കനത്ത പരാജയത്തിന്റെ കാരണം അന്വേഷിച്ച് ഓരോ പാര്‍ട്ടിയും തിരക്കിലായിരുന്നതിനാല്‍ ആ യോഗം ചേര്‍ന്നില്ല. കോണ്‍ഗ്രസിനു നേതാവില്ലാത്ത അവസ്ഥ വന്നതോടെ പിന്നീടു യോഗം വിളിക്കാന്‍ ആരും മുന്‍കൈയെടുത്തതുമില്ല.
എന്‍ഡിഎയ്ക്കു പുറത്തുള്ള പല പാര്‍ട്ടികളും പാര്‍ലമെന്റിലെ അവരുടെ നേതാക്കളെ തെരഞ്ഞെടുക്കാത്തതാണ് പ്രതിപക്ഷ യോഗം വൈകാന്‍ കാരണമെന്നാണ് കോണ്‍ഗ്രസിലെ ഒരു നേതാവു പറയുന്നത്. എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഈ മാസം 20ന് നടപടിക്രമങ്ങളിലേക്ക് കടക്കുമ്പോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ഐക്യത്തിനു സാധ്യത തേടുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മല്ലികാര്‍ജുന ഖാര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കളുടെ അസാന്നിധ്യം ലോക്സഭയില്‍ കോണ്‍ഗ്രസിനെ അലട്ടും. കാലാവധി അവസാനിച്ചതിനാല്‍ രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ്ങുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: