യോഗപ്രത്യുക്ത്യധികരണം
ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്
സൂത്രം ഏതേനയോഗ: പ്രത്യുക്ത:
ഇതുകൊണ്ട് തന്നെ പാതഞ്ജല യോഗശാസ്ത്രവും നിരാകരിക്കപ്പെട്ടു. സാംഖ്യവും യോഗവും ഒരേ വഴിയില്‍ ചിന്തിക്കുന്നതാണ്. സാംഖ്യം പോലെയാണ് യോഗവും. പ്രധാനത്തെ സ്വതന്ത്രമായ ജഗത് കാരണമായും മഹതത്വം മുതലായവയെ കാര്യങ്ങളായുമാണ് യോഗദര്‍ശനക്കാരും കരുതുന്നത്. പതഞ്ജലിയുടെ യോഗശാസ്ത്രം സാംഖ്യത്തിലെ ജഗത് കാരണ പ്രക്രിയയെ അംഗീകരിക്കുന്നതിനാല്‍ യോഗത്തെ പോലെ സാംഖ്യത്തേയും അംഗീകരിച്ചു കൂടെ എന്ന് ചോദിക്കുന്നു. അതിന് യോഗത്തെ അംഗീകരിച്ചിട്ടില്ല, നിഷേധിച്ചിരിക്കുകയാണ്. അതിനാല്‍ സാംഖ്യത്തെ നിരാകരിച്ചാല്‍ യോഗത്തെയും തള്ളിക്കളഞ്ഞതായി കണക്കാക്കാം. എന്നാല്‍ യോഗത്തെ ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നതെന്തിനാണ് എന്ന് ഈ സൂത്രത്തില്‍ വിശദീകരിക്കുന്നു.
യോഗത്തെ പ്രത്യേകം നിഷേധിച്ചിട്ടില്ല എന്നും മറ്റൊരു വാദവുമുണ്ട്. പ്രധാനത്തെ ഖണ്ഡിച്ചതിലൂടെ യോഗത്തിലെ ജഡപ്രകൃതിയേയും നിഷേധിച്ചു. യോഗത്തില്‍ പ്രധാനം തന്നെയാണോ ജഗത്കാരണമായി പറയുന്നത് എന്ന് പലര്‍ക്കും സംശയമുണ്ട്. അവിടെ ജഡപ്രകൃതി എന്ന നിലയിലാണ് യോഗം കാണുന്നത്. വേദത്തില്‍ പലയിടത്തും യോഗത്തെപ്പറ്റി പറഞ്ഞിട്ടുള്ളതിനാല്‍ അത് വേദസമ്മതമാണെന്ന് കരുതാനും ഇടയുണ്ട്. അതിനാല്‍ മുമ്പ് പറഞ്ഞ ന്യായങ്ങളെ വിവരിച്ച് പറയുന്നു. ഇത് യോഗത്തെ നിഷേധിക്കാനാണ്. ബൃഹദാരണകത്തില്‍ ‘ ശ്രോതവ്യോ മന്തവ്യോ നിദി ധ്യാസിതവ്യ: ‘ ആത്മസാക്ഷാത്കാരത്തിന് ശ്രവണം, മനനം നിദിധ്യാനം എന്നിവ തുടര്‍ച്ചയായി ചെയ്യണമെന്ന് പറയുന്നു. നിദിധ്യാസനം എന്നതിനെ യോഗം എന്ന് പറയാമെന്ന് വാദം.
ശ്വേതാശ്വതര ഉപനിഷത്തില്‍ ‘ത്രിരുന്നതം സ്ഥാപ്യ സമം ശരീരം ‘എന്നുണ്ട്. മാറിടം ,കഴുത്ത്, തല എന്നിവ മൂന്നും സമനിലയില്‍ ഉയര്‍ത്തിയിരുന്ന് ധ്യാനിക്കണമെന്ന് പറയുന്നു. കഠോപനിഷത്തില്‍ ‘ താം യോഗമിതി മന്യന്തേ സ്ഥിരാമിന്ദ്രിയ ധാരണാം ‘ ഇന്ദ്രിയങ്ങളെ ചലിപ്പിക്കാതെയിരിക്കുന്നത് യോഗമാണെന്ന് ധരിക്കുന്നു എന്ന് പറയുന്നുണ്ട്.കഠത്തില്‍ തന്നെ മറ്റൊരിടത്ത് ‘വിദ്യാമേതാം യോഗവിധിം ച കൃത് സ്നം ‘ ഈ ജ്ഞാനമാര്‍ഗ്ഗത്തേയും മുഴുവന്‍ യോഗവിധിയേയും ഇവിടെ പറയുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ശ്രുതിയില്‍ യോഗ ശാസ്ത്രത്തെ പറ്റി പറഞ്ഞിരിക്കുന്നുവെന്ന തോന്നലുണ്ടാക്കാനും യോഗം വേദ സമ്മതമെന്ന് കരുതാനും ഇടയാക്കും. ‘അഥ തത്വദര്‍ശനോ യോഗ:’ എന്നും മറ്റുമുള്ള വാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ യോഗം ശ്രുതിസമ്മതമാണെന്ന് വാദിച്ചേക്കാം. യോഗത്തെ വേദം കുറച്ചൊക്കെ അനുവദിക്കുന്നതിനാല്‍ സാംഖ്യ സ്മൃതി പോലെയല്ല യോഗ സ്മൃതി എന്ന് വാദിക്കുന്നവരുമുണ്ട്.
ഈ വാദമുഖങ്ങളെയൊക്കെ ഖണ്ഡിക്കുകയാണ് ഇവിടെ. പലതരത്തിലുള്ള സ്മൃതി ദര്‍ശനങ്ങളും ഗ്രന്ഥങ്ങളും ആധ്യാത്മമായി ഉണ്ടെങ്കിലും സാംഖ്യത്തേയും യോഗത്തേയുമാണ് ഈ സൂത്രങ്ങളിലൂടെ നിഷേധിക്കുന്നത്.
ശേതാശ്വതരത്തില്‍ ‘തത് കാരണം സാംഖ്യയോഗാധിഗമ്യം ജ്ഞാത്യാ ദേവം മുച്യതേ സര്‍വപാ ശൈ: ‘ എന്ന് പറയുന്നു. ആകാരണതത്വം സാംഖ്യവും യോഗവും അനുസരിച്ചുള്ള സാധനകളെ കൊണ്ട് നേടാം. ആ ദേവനെ അറിഞ്ഞ് എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനാകും. ഈ വാക്യം കാണുമ്പോള്‍ സാംഖ്യവും യോഗവും ശ്രുതി സമ്മതമെന്ന് ധരിച്ചേക്കാം. അത് ശരിയല്ല എന്ന് മനസ്സിലാക്കണം. സാംഖ്യമെന്നതിന് ആത്മതത്വവിചാരം എന്നും യോഗമെന്നതിന് ജീവത്മാ പരമാത്മാ ഐക്യമെന്നും അര്‍ത്ഥം പറയാറുണ്ട്. ശ്വേതാശ്വതരത്തില്‍ തന്നെ ‘തമേവ വിദിത്വാ അതിമൃത്യുമേതി നാന്യ: പന്ഥാ വിദ്യതേ അയനായ ‘ ആ ഒരു പരമാത്മാവിനെ അറിഞ്ഞാല്‍ മാത്രമേ മരണത്തെ അതിക്രമിക്കാനാകൂ എന്നും അതിന് വേറെ മാര്‍ഗ്ഗമില്ല എന്നും ഉറപ്പിച്ച് പറയുന്നു. പല ആത്മാക്കളില്ല. അങ്ങനെ പലതിനെ പറയുന്നവയെ പരിഗണിക്കാനാവില്ല. പരമാത്മാവല്ലാതെ മറ്റൊന്നും ജഗത്തിന് കാരണമാകില്ല എന്ന് സമര്‍ഥിച്ചതിനാല്‍ അതല്ലാത്ത സിദ്ധാന്തങ്ങളെ മുഴുവന്‍ ഖണ്ഡിക്കുകയാണ്. വേദത്തിന് വിരുദ്ധമല്ലാത്തതിനെ സ്വീകരിക്കുന്നതില്‍ വിരോധമില്ല എന്നും അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: