കൊച്ചി: സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ വിപുലമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ തിരുമാനം. ഇതിന്റെ ഭാഗമായി ജൂലൈ ആറു മുതല്‍ പാര്‍ട്ടി അംഗത്വ വിതരണ കാമ്പയിന്‍ തുടങ്ങും. അംഗസംഖ്യ 30 ലക്ഷമാക്കാനാണ് ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ 15 ലക്ഷം അംഗങ്ങള്‍ ബിജെപിക്കുണ്ട്. ഉപതെരെഞെടുപ്പ് നടക്കാന്‍ പോകുന്ന നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. വട്ടിയൂര്‍ക്കാവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, കോന്നിയില്‍ എ.എന്‍. രാധാകൃഷ്ണന്‍, അരൂരില്‍ കെ. സുരേന്ദ്രന്‍, പാലായില്‍ ശോഭാ സുരേന്ദ്രന്‍, മഞ്ചേശ്വരത്ത് പി.കെ. കൃഷ്ണദാസ്, എറണാകുളത്ത് സി.കെ. പത്മനാഭന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കും.
കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച സിപിഎം കേന്ദ്ര കമ്മിറ്റിക്കു ബോധ്യപ്പെട്ടെന്നു ശ്രീധരന്‍പിള്ള പറഞ്ഞു. ബംഗാളില്‍ സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെയാണ്. കേരളത്തിലും ഈ സ്ഥിതി വരും. കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടില്‍ ബിജെപിയുടെ വളര്‍ച്ച സമ്മതിക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം നിലംപരിശായ അവസ്ഥയിലെത്തിയിട്ടും ബിജെപിക്കു തടയിടാനാണു സിപിഎം ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ സിപിഎമ്മുകാര്‍ ബിജെപിയിലേക്കു വരുന്നതാണു നല്ലതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
രാവിലെ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എംഎല്‍എ, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം. ഗണേശ്, സഹ സംഘടനാ സെക്രട്ടറി സുഭാഷ് പങ്കെടുത്തു.
















