തിരുവനന്തപുരം: ഊണിനോടൊപ്പം മീനും കഴിക്കണമെങ്കില്‍ കീശകാലിയാകും. പച്ചക്കറി കൂട്ടി ഉണ്ണാമെന്നുവച്ചാല് അതിനും സാധിക്കാത്ത അവസ്ഥയാണ് മലയാളിക്ക്. പച്ചക്കറിയുടെ വില സാധാരണക്കാരുടെ നടുവൊടിക്കുമെങ്കില് മീന്‍ വാങ്ങാന്‍ പൊന്നും വില നല്‍കണം. ട്രോളിങ് നിരോധനവും അയല്‍സംസ്ഥാനങ്ങളിലെ വരള്‍ച്ചയുമാണ് വിലകൂടലിന് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്.
ആവോലി, നവര, മത്തി, അയല എന്നിവയ്ക്ക് ഇരട്ടിയിലേറെ വിലയാണ് കൂടിയത്. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും അയലയുടേയും വില സര്‍വകാല റെക്കോര്‍ഡിലാണ്. 120 രൂപയില്‍ നിന്ന് മത്തിക്ക് വില 200 കടന്നു. കൊച്ചിയില്‍ മത്തിക്ക് 260 രൂപ വരെ കൊടുക്കണം. 140 രൂപയ്ക്ക് കിട്ടിയിരുന്ന അയലയ്ക്ക് ഇപ്പോള്‍ വില 280 രൂപ.
മത്സ്യത്തിന്റെ വില കൂടിയതോടെ ഇറച്ചി വിപണിയില്‍ തിരക്കു കൂടിയിട്ടുണ്ട്. മാസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങളും കേരളത്തിലെ വിപണികളില്‍ സുലഭമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാസവസ്തുക്കള്‍ ചേര്‍ത്ത് മാസങ്ങളോളം ഫ്രീസറില്‍ കേടുകൂടാതെ സൂക്ഷിക്കുന്ന മത്സ്യമാണ് ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നത്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണു ഫ്രീസര്‍ മത്സ്യങ്ങള്‍ എത്തുന്നത്.
ഇവയുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആവശ്യക്കാര്‍ കുറവാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം എത്തുന്നതായി വിവരം കിട്ടിയിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദം. ഇത് സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞു.
കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സംസ്ഥാനത്ത് പച്ചക്കറി എത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് അനുഭവപ്പെട്ട കടുത്ത വേനലില്‍ ഉത് പാദനം കുറഞ്ഞതാണ് പച്ചക്കറിക്ക് വില വര്‍ധിക്കാന്‍ കാരണമായത്.
കാരറ്റ്, ബീറ്റ്റൂട്ട്, കോവയ്ക്ക, തക്കാളി തുടങ്ങിയവയ്ക്ക് പത്തുരൂപയോളം വര്‍ധിച്ചു. ബീന്‍സിന് 40 രൂപയാണ് വര്‍ധന. പാവയ്ക്ക 60, കാബേജ്, 30-35, തക്കാളി 40, പയര്‍ 45-50 എന്നിങ്ങനെയാണ് പച്ചക്കറിയുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: