രണ്ടാം അദ്ധ്യായം
അവിരോധം
ഈ അദ്ധ്യായത്തിലും 4 പാദങ്ങളാണ് ഉള്ളത്. ഒന്നാംപാദത്തില്‍ പതിമൂന്നും രണ്ടാം പാദത്തില്‍ എട്ടും മൂന്നാം പാദത്തില്‍ പതിനേഴും നാലാംപാദത്തില്‍ ഒമ്പതും ഉള്‍പ്പടെ 47 അധികരണങ്ങളുണ്ട്. ഇവയിലെല്ലാമായി 157 സൂത്രങ്ങളുമുണ്ട്. ജഗത്തിന്റെ നിമിത്ത, ഉപാദാനകാരണങ്ങള് ബ്രഹ്മം തന്നെയെന്ന് ഒന്നാം അദ്ധ്യായത്തില്‍ വ്യക്തമാക്കി. ജഗത്തിന്റെ ഉല്‍പ്പത്തി, സ്ഥിതി, ലയങ്ങള്‍ക്ക് കാരണമായത് ആ ബ്രഹ്മമാണ്. എല്ലാറ്റിന്റെയും ആത്മാവായിരിക്കുന്നത് ആ പരമാത്മാവാണ്. സാംഖ്യന്മാരുടെ പ്രധാനം ആണ് ജഗത്തിന് കാരണമെന്ന വാദത്തെ ശ്രുതിവാക്യങ്ങളാല്‍ നിരാകരിച്ചു. ബ്രഹ്മത്തിനെ എല്ലാ കാര്യങ്ങളുടേയും കാരണമായി സ്ഥാപിച്ചു. ഇനി സ്മൃതി സംബന്ധിച്ചു വരുന്ന അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കാനാണ് ആദ്യ സൂത്രത്തെ ആരംഭിക്കുന്നത്.
സ്മൃത്യധികരണം
ആദ്യത്തെ ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളാണുള്ളത്. ഇത് രണ്ടും സ്മൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ ചര്‍ച്ച ചെയ്യുന്നു.
സൂത്രം സ്മൃത്യനവകാശദോഷ പ്രസംഗ ഇതി ചേന്ന അന്യസ്മൃത്യനവകാശദോഷ പ്രസംഗാത്
സാംഖ്യസ്മൃതിയ്ക്ക് സ്ഥാനമില്ല എന്ന ദോഷം വരും എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. മറ്റ് സ്മൃതികള്‍ക്ക് സ്ഥാനമില്ല എന്ന ദോഷം വരുന്നതുകൊണ്ടാണിത്. സാംഖ്യസ്മൃതിയുടെ പ്രധാന വാദത്തെ അംഗീകരിച്ചാല്‍ മറ്റ് സ്മൃതികളുടെ അവകാശങ്ങളെ നിഷേധിക്കലാവും അത്. ബ്രഹ്മം ജഗത്കാരണമെന്ന് പറഞ്ഞാല്‍ കപില മഹര്‍ഷിയുടെ സാംഖ്യദര്‍ശനത്തിന് സ്ഥാനമില്ലാതെ പോകും. ഭഗവദ് അവതാരമായ കപിലദേവന്റെ സാംഖ്യദര്‍ശനം തെറ്റാണ് പറയുന്നത് യുക്തമല്ല എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. മറ്റു പല സ്മൃതികള്‍ക്കും സ്ഥാനമില്ല എന്ന ദോഷം വരും. ശ്രുതിയും സ്മൃതിയും തമ്മില്‍ വിരുദ്ധമായ അഭിപ്രായം വന്നാല്‍ ശ്രുതിയാണ് പ്രമാണമായി സ്വീകരിക്കേണ്ടത്. ശ്രുതിക്ക് അനുസരിച്ചുള്ള സ്മൃതികളാണ് സ്വീകരിക്കേണ്ടത്. സാംഖ്യന്മാരുടെ പ്രധാനം എന്നത് ശ്രുതി സമ്മതമല്ലാത്തതിനാല്‍ സ്വീകരിക്കാനാവില്ല. ‘പുരുഷ ഏവേദം സര്‍വം’ എന്നാണ് ശ്രുതി വാക്യം. ഇത് പരമപുരുഷനെക്കുറിക്കുന്ന ഒരേയൊരു പരമാത്മാവിനെക്കുറിക്കുന്ന വാക്യമാണ്. എന്നാല്‍ പുരുഷന്മാര് പലതുണ്ട് എന്ന് കരുതുന്ന സാംഖ്യന്മാര്ക്ക് ഇത് സ്വീകാര്യമാകുകയില്ല.
എന്നാല്‍ ഏകനായ പരബ്രഹ്മമാണ് എല്ലാറ്റിനും കാരണമെന്ന വാദത്തെ സ്വീകരിക്കുന്ന മറ്റ് പല സ്മൃതികളുണ്ട്. അവയെ തള്ളുന്നതിനേക്കാള്‍ നല്ലത് വേദാനുസാരിയല്ലാത്ത സാംഖ്യത്തെ നിരസിക്കുന്നതാണ്. അതിനാലാണ് സാംഖ്യന്മാരുടെ പ്രധാന കാരണവാദത്തെ സൂത്രങ്ങളിലൂടെ ഖണ്ഡിച്ച് തള്ളിയത്.
സൂത്രം ഇതരേഷാം ചാനുപലബ്ധേ:
മറ്റുള്ളവയ്ക്കും മഹത്തത്ത്വം മുതലായ വയ്ക്കും പ്രസിദ്ധിയില്ല എന്നതിനാലും പ്രധാന വാദം സ്വീകാര്യമല്ല. മറ്റ് സ്മൃതികളുടെ അഭിപ്രായത്തില്‍ ജഗത്തിന്റെ കാരണം പ്രധാനമാണ് എന്ന അഭിപ്രായമില്ല. ഇത് സാംഖ്യസ്മൃതിയുടെ പ്രധാന വാദത്തെ തള്ളാനുള്ള കാരണമാണ്. പ്രധാനത്തിന്റെ പരിണാമങ്ങളെന്ന് പറയപ്പെടുന്ന മഹത്തത്ത്വം മുതലായവയ്ക്കും ലോകത്തിലോ വേദത്തിലോ പ്രസിദ്ധിയില്ല. അതിനാല്‍ അവയും സ്വീകാര്യമല്ല. കാര്യങ്ങളായ മഹത്തത്ത്വം മുതലായവയ്ക്ക് സ്വീകാര്യതയില്ലെങ്കില് അവയുടെ കാരണമായ പ്രധാനത്തിനും സ്വീകാര്യതയില്ല.
വേദത്തിലും ലോകത്തിലും മഹത്തത്ത്വം തുടങ്ങിയവയെക്കുറിച്ച് പറയുന്നതുപോലെ തോന്നുമെങ്കിലും അങ്ങനെയല്ലെന്ന് വ്യാഖ്യാനിക്കുന്നതും കാണാം.
വേദാന്തസിദ്ധാന്തമായ ബ്രഹ്മം ജഗത്തിന് കാരണമെന്നത് സ്വീകരിക്കുമ്പോള്‍ അത് സ്മൃതിക്ക് വിരോധമാവുകയുമില്ല. വേദം അപൗരുഷേയമായതിനാല് അത് സ്വത:പ്രമാണമാണ്. എന്നാല്‍ സ്മൃതി മനുഷ്യബുദ്ധിയാല്‍ ഉണ്ടാക്കപ്പെട്ടവയാണ്. അതിനാല്‍ സ്മൃതി വേദാനുസാരിയായാല് മാത്രമേ പ്രമാണമായി കണക്കാക്കാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: