വഞ്ചനയാണ് മുഖമുദ്രയെന്ന് പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഇതിനോടുള്ള ജനങ്ങളുടെ അടക്കാനാവാത്ത രോഷമായി വേണം തിരുവനന്തപുരം വലിയതുറയിലെ തീരദേശവാസികള്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ ഉയര്‍ത്തിയ പ്രതിഷേധം. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ ഒരൊറ്റ വീട്ടില്‍പ്പോലും കയറാന്‍ ജനങ്ങള്‍ അനുവദിച്ചില്ല. അലയടിച്ചുയര്‍ന്ന പ്രതിഷേധത്തില്‍നിന്ന് പോലീസ് ഇടപെട്ടാണ് മന്ത്രിയെ രക്ഷിച്ചുകൊണ്ടുപോയത്.
മന്ത്രിക്കൊപ്പമുണ്ടായിരുന്ന വി.എസ്. ശിവകുമാര്‍ എംഎല്‍എയും ജനരോഷത്തിന്റെ ചൂടറിഞ്ഞു. കാലവര്‍ഷത്തില്‍ കടല്‍ക്ഷോഭത്തിനിരയായവരെ ആശ്വസിപ്പിക്കാനെത്തിയതായിരുന്നു മന്ത്രിയും ഉദ്യോഗസ്ഥസംഘവും. കടല്‍ക്ഷോഭം ചെറുക്കാന്‍ ശാശ്വതപരിഹാരമാണ് വേണ്ടതെന്നും, പൊള്ളയായ പ്രഖ്യാപനങ്ങള്‍ നടത്തി തങ്ങളെ പറ്റിക്കാന്‍ നോക്കേണ്ടെന്നും ഉറക്കെ വിളിച്ചുപറഞ്ഞാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയെ തടഞ്ഞത്. പുനരധിവാസത്തിന്റെ പേരുപറഞ്ഞ് ഇടതുസര്‍ക്കാര്‍ തീരദേശവാസികളെ ദുരിതക്കയത്തിലേക്ക് എടുത്തെറിയുകയാണ്.
വലിയതുറയിലേത് ഒറ്റപ്പെട്ട സംഭവമല്ല. തീരപ്രദേശത്ത് പലയിടങ്ങളിലും ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്. എറണാകുളം ജില്ലയില്‍ കടല്‍ക്ഷോഭത്തിനിരയായ പള്ളുരുത്തി സന്ദര്‍ശിക്കാനെത്തിയ കളക്ടറുടെ നേരെയും ജനങ്ങള്‍ പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂക്കിവിളിച്ചാണ് കളക്ടറെ എതിരിട്ടത്. നേതാക്കള്‍ ഇടപെട്ടിട്ടും പ്രതിഷേധം തണുപ്പിക്കാനായില്ല. സന്ദര്‍ശനം തുടങ്ങിയിടത്തുവച്ചുതന്നെ അവസാനിപ്പിച്ച് കളക്ടര്‍ക്ക് തിരിച്ചുപോരേണ്ടിവന്നു.
2017 ഡിസംബറില്‍ ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കോവളം കടല്‍ത്തീരം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ ശാരീരികമായി കൈകാര്യം ചെയ്യുന്ന അവസ്ഥവരെയുണ്ടായി. രോഷാകുലരായ ജനങ്ങള്‍ക്കിടയില്‍നിന്ന് പോലീസ് ഒരുകണക്കിന് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തിക്കൊണ്ടുവരികയായിരുന്നു. നിരവധിയാളുകള്‍ മരിക്കുകയും, കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച കുറ്റകരമായ അനാസ്ഥയാണ് അന്ന് ജനങ്ങളെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനുമെത്തിയാണ് അന്ന് ജനങ്ങളെ സമാധാനിപ്പിച്ചത്.
കടലേറ്റത്തില്‍ തിരമാലകള്‍ കരവിഴുങ്ങുന്നത് പതിവ് സംഭവമാണ്. ഇത് ചെറുക്കാന്‍ സര്‍ക്കാര്‍ സാധ്യമായ മാര്‍ഗങ്ങളൊന്നും സ്വീകരിക്കുന്നില്ലായെന്നത് തീരദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള പരാതിയാണ്. ആകെ ചെയ്യുന്നത് കടല്‍ഭിത്തി കെട്ടുന്നു എന്ന പേരില്‍ തീരത്ത് കരിങ്കല്ലുകള്‍ കൊണ്ടിടുന്നതാണ്. ഈ കല്ലിടല്‍ അഴിമതിയുടെ ശാശ്വതസ്മാരകവുമാണ്. ഒരിക്കല്‍ ഇടുന്ന കല്ലുകള്‍ അടുത്തവര്‍ഷം കാണില്ല. അവ മണലില്‍ താണുപോയിരിക്കും. കടല്‍ഭിത്തി കെട്ടുന്നത് കടല്‍ക്ഷോഭം ചെറുക്കാന്‍ ശാശ്വതമായ പരിഹാരമല്ല.
കേരളതീരത്തിന്റെ പകുതിയോളം വരുന്ന 300 കിലോമീറ്റര്‍ പ്രദേശത്ത് ഇപ്പോള്‍ തന്നെ കടല്‍ഭിത്തിയുണ്ട്. തെക്കുവടക്കായി നിര്‍മിച്ചിരിക്കുന്ന ഈ ഭിത്തികള്‍ അവസാനിക്കുന്നിടത്ത് കടലേറ്റം രൂക്ഷമായി വന്‍നാശം വിതയ്ക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഓരോ പ്രദേശത്തിന്റെയും സ്വഭാവം കണക്കിലെടുത്ത് ശാശ്വതപരിഹാരമാണ് വേണ്ടത്. കാലവര്‍ഷത്തിനും കടലേറ്റത്തിനും കാത്തിരിക്കാതെ സത്വരമായ നടപടികളെടുക്കാന്‍ ഭരിക്കുന്നവര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ വലിയതുറയിലും കോവളത്തും കണ്ടതുപോലെ ജനങ്ങള്‍ അവരെ കൈകാര്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: