Categories: Samskriti

കാലഭൈരവന്‍

ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ആരാണ് വലിയവന്‍ എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്ക പരിഹാരത്തിന് ശിവനെ കണ്ടു. കൈലാസത്തില്‍ ഉള്ള വലിയ ശിവലിംഗത്തിന്റെ രണ്ടറ്റങ്ങളില്‍ ഏതെങ്കിലുമൊന്ന് (ശിവ ശീര്‍ഷം) ആരാദ്യം കണ്ടു തിരിച്ചു വരുന്നോ, അവരായിരിക്കും വിജയി എന്ന് ശിവന്‍ പറഞ്ഞതനുസരിച്ച് ബ്രഹ്മാവ് ലിംഗത്തിന്റെ മുകളിലേക്കും വിഷ്ണു താഴേക്കും യാത്ര ആരംഭിച്ചു.

മന്വന്തരങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷ്യം കാണാന്‍ ആകാതെ വന്നപ്പോള്‍ ബ്രഹ്മാവ് ലിംഗത്തിന്റെ മുകളില്‍ നിന്ന് താഴോട്ട് വീഴുന്ന കൈതപ്പൂവിന്റെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. അത് പ്രകാരം ലിംഗത്തിന്റെ മുകളില്‍ നിന്ന് എടുത്തതാണ് കൈതപ്പൂവെന്ന് ശിവന്‍ ചോദിച്ചാല്‍ ബ്രഹ്മാവിനെ പോലെ കൈതപ്പൂവും കള്ളം പറയണം എന്നു കൈതപൂവുമായി ചട്ടംകെട്ടി. നുണ കേട്ടയുടനെ ശിവന്‍ ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സ് അറുത്ത് എടുക്കുകയും ആരും നിന്നെ പൂജിക്കാതിരിക്കട്ടെ എന്ന് കൈതപ്പൂവിന് ശാപം നല്‍കുകയും ചെയ്തുവത്രേ. ഇങ്ങിനെയാണ് ബ്രഹ്മാവ് നാന്മുഖനായതും കൈതപ്പൂവ് പൂജയ്‌ക്കെടുക്കാതെയായതും.

താന്‍ കോപം കൊണ്ട് ചെയ്ത മഹാ അപരാധത്തിന് പരിഹാരം കാണാന്‍ കപാലവുമേന്തി ഭൈരവരൂപം ധരിച്ചു ഭിക്ഷയെടുത്ത് ശിവന്‍ തന്റെ പാപം തീര്‍ത്തു എന്നാണ് ഐതിഹ്യം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരില്‍ ഒന്നാണ് കാലഭൈരവന്‍. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്. അഗ്‌നി ഭൈരവന്‍, ആദി ഭൈരവന്‍, യോഗി ഭൈരവന്‍, കങ്കാള ഭൈരവന്‍, ശാക്തേയഭൈരവന്‍, ഈശ്വര ഭൈരവന്‍, കപാല ഭൈരവന്‍ എന്നിവരാണ് മറ്റുള്ളവര്‍. ഭൈരവന്‍ യോഗി എന്നറിയപ്പെടുന്ന സമുദായത്തിന്റെ കുലദൈവമാണ്. മന്ത്രവാദ പാരമ്പര്യമുള്ള വീടുകളിലും കാലഭൈരവന്‍ തെയ്യത്തെ കെട്ടിയാടി ആരാധിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക