തലശ്ശേരി : സിഒടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സിഐക്ക് വധഭീഷണി. തലശ്ശേരി സിഐ വി.കെ. വിശ്വംഭരനാണ് ഊമക്കത്തിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ വൈകുന്നേരം തലശേരി പോലീസ് സ്റ്റേഷനില്‍ കത്ത് ലഭിച്ചു.
സിപിഎം നേതാവ് പി. ജയരാജനോടും എ. എന്‍. ഷംസീറിനോടും കളിച്ചാല്‍ വെറുതെ വിടില്ലെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അതേസമയം, കേസില്‍ മുഖ്യപ്രതിയെ കുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ചൊക്ലി സ്വദേശി സന്തോഷാണ് മുഖ്യ പ്രതിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
സിപിഐഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുന്‍ ഓഫീസ് സെക്രട്ടറി സംഭവ ദിവസം 12 തവണ സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി. സന്തോഷ് കര്‍ണ്ണാടകയില്‍ ഒളിവിലെന്നാണ് സൂചന. കസ്റ്റഡിയിലുള്ള റോഷനുമായി അന്വേഷണ സംഘം ഹൊസൂരിലേക്ക് പുറപ്പെട്ടു.
അതിനിടെ നസീറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കൊളശ്ശേരി സ്വദേശികളായ ജിതേഷ്, ബ്രിട്ടോ, മിഥുന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന ആരോപണമുള്ളതിനാല്‍ നസീറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി പോലീസ് ശനിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
















