കൊച്ചി : എംഎല്‍എ പി.വി. അന്‍വറിന്റെ ഭാര്യാ പിതാവിന്റെ പേരില്‍ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള തടയണ 15 ദിവസത്തിനകം പൊളിച്ചു മാറ്റാന്‍ മലപ്പുറം ജില്ലാ കളകടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. പിവി അന്‍വറിന്റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥയിലുള്ള സ്ഥലത്ത് നിര്‍മിച്ചിട്ടുള്ള തടയണയാണ് പൂര്‍ണമായും പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്.
തടയണയുടെ മുകള്‍ ഭാഗത്തെ 12 അടിയും താഴ് ഭാഗത്തെ 6 അടിയും പൊളിച്ചു നീക്കണം. നേരെത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തടയണ പൂര്‍ണമായി പൊളിച്ചു മാറ്റാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടന്നും നീരൊഴുക്ക് സുഗമമാക്കി എന്നുമായിരുന്നു സ്ഥലം ഉടമ ഹൈക്കോടതിയെ അറിയിച്ചത്.
തുടര്‍ന്നാണ് ജില്ലാ കളക്ടറോട് തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. തടയണ അപകട ഭീഷണി ഉണ്ടാക്കുമെന്നും കഴിഞ്ഞ മഴക്കാലത്ത് ഈ മേഖലയില്‍ നാല് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും വിദഗ്ധ സമിതിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
















