ചെങ്ങന്നൂര്‍: ശ്രീനാരായണ ഗുരുദേവനെ വികലമാക്കി ചിത്രീകരിച്ച സിപിഎമ്മുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പൊലീസില്‍ പരാതി. കഴിഞ്ഞ 10നാണ് മുളക്കുഴ കണിയുടെ തെക്കേതില്‍ കൃഷ്ണകുമാര്‍ പി.ജി തന്റെ നെരുദ എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്ന തരത്തിലുളള പോസ്റ്റുകള്‍ ഇട്ടത്. ഈയാള്‍ക്കെതിരെ എസ്എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി.
ഗുരുദേവന്റെ മുഖത്ത് കറുത്ത കണ്ണടയും ചുണ്ടില്‍ ചുരുട്ടും കഴുത്തില്‍ സ്വര്‍ണചെയിനും അണിഞ്ഞ തരത്തിലുളളതും ശ്രീനാരായണഗുരുദേവന്റെ ഉടലിനുപകരം സൂപ്പര്‍മാന്റെ ഉടല്‍ വച്ചതരത്തിലുമുളളതാണ് ചിത്രങ്ങള്‍. മാത്രമല്ല കയറിവാടാ മക്കളെ നാണുവാശാന്‍ മാസ്സെടാ എന്നു തുടങ്ങന്ന തരത്തിലുളളതും അശ്ലീല പദങ്ങള്‍ ചേര്‍ത്തുളളതുമായ നിരവധി കുറിപ്പുകളാണ് ഇതിനൊടൊപ്പം ചേര്‍ത്തിട്ടുളളത്. ഗുരുദേവന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ഏറ്റവും മോശമായ രീതിയിലുള്ള വാക്കുകളാണ് അദേഹത്തെപറ്റി ഇയാള്‍ വിശേഷിപ്പിച്ചിരുന്നത്.
ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നെങ്കിലും നാരായണഗുരുദേവനെ കൂടുതല്‍ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുകയാണ് നെരൂദ ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതേ തുടര്‍ന്ന് ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
















