കണ്ണൂര്‍: സര്‍ക്കാറിന്റെ ഔദ്യോഗിക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വ്യാജരേഖ സൃഷ്ടിക്കുന്ന സംഘം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന. ജില്ലാ സഹകരണ ബാങ്കില്‍ വായ്‌പാ തട്ടിപ്പിന് ഉപയോഗിച്ച വ്യാജരേഖകള്‍ ഇ-ഡിസ്ട്രിക്ട് വഴിയാണ് നിര്‍മ്മിച്ചതെന്ന് സംശയിക്കുന്നു. ഉദ്യോഗസ്ഥതലത്തില്‍ സ്വാധീനമുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള രേഖകള്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. ഇത്തരത്തില്‍ ഇ-ഡിസ്ട്രിക്ട് വഴി നിര്‍മ്മിക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ക്യു ആര്‍ കോഡും സര്‍ട്ടിഫിക്കറ്റ് നമ്പറും നല്‍കും. ഇത് ഓണ്‍ലൈന്‍ അസ്സലാണെന്ന് കണ്ടെത്താനും കഴിയും.
വ്യാജരേഖയുണ്ടാക്കി നല്‍കുന്ന സംഘത്തിലെ കണ്ണികളായ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്താതെ തട്ടിപ്പ് സംഘത്തിന് കൂട്ടുനില്‍ക്കുകയാണെന്നും പരാതിയുണ്ട്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ഇത്തരത്തില്‍ വ്യാജരേഖകള്‍ നല്‍കി 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തിനിടയിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. കണ്ണൂര്‍ എകെജി ആശുപത്രിയുടെ മുന്‍ സെക്രട്ടറി അണിയേരി പ്രേമരാജനണ് വ്യാജരേഖയുണ്ടാക്കി വായ്‌പാ തട്ടിപ്പ് നടത്തിയത്. അഞ്ച് വര്‍ഷമായിട്ടും വായ്‌പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് സര്‍ഫാസി നിയമപ്രകാരം പണയ വസ്തു ബാങ്ക് കണ്ടുകെട്ടി വില്ലേജ് അധികൃതര്‍ക്ക് കൈവശാവകാശം മാറ്റാനായി അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
അഞ്ചരക്കണ്ടി സ്വദേശി പൂക്കണ്ടി രാഗേഷ് എന്നയാള്‍ക്ക് കണ്ണൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും നല്‍കിയ രേഖകള്‍ ഓണ്‍ലൈനായി തിരുത്തി കൂടാളി വില്ലേജില്‍ നിന്നും ലഭിച്ച രേഖയാക്കി മാറ്റി വായ്‌പാ തട്ടിപ്പ് നടത്തുകയായിരുന്നു. അനുബന്ധ രേഖകളും ഇത്തരത്തില്‍ സൃഷ്ടിച്ചിരുന്നു.
ബാങ്കിലെ ചില ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനിന്നതായി പരാതിയുണ്ട്. രാഗേഷിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് നമ്പറും ക്യു ആര്‍ കോഡും അണിയേരി പ്രേമരാജന് ലഭിക്കണമെങ്കില്‍ ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കാം. 45 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായിട്ടും സംഭവം മൂടിവെക്കാനുള്ള ശ്രമമാണ് ജില്ലാ ബാങ്ക് അധികൃതര്‍ നടത്തിയത്. സംഭവം വിവാദമാവുകയും കൂടാളി വില്ലേജ് അധികൃതരുടെ പരാതിയില്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇരിട്ടി ഡിവൈഎസ്പി കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബാങ്ക് അധികൃതര്‍ ഇപ്പോള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
രണ്ട് ലക്ഷം രൂപ തിരിച്ചടക്കാത്തതിന്റെ പേരില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത ബാങ്കിന്റെ ഇരട്ടത്താപ്പും ചര്‍ച്ചയായിട്ടുണ്ട്. പോലീസ് സംഘം ബാങ്കിലെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
















