ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. ഒഴിവുള്ള മൂന്നു സ്ഥാനത്തേക്കാണ് ഇന്ന് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. ഇതില്‍ രണ്ടെണ്ണം ജെഡിഎസ്സിനും ഒരെണ്ണം കോണ്‍ഗ്രസ്സിനും അവകാശപ്പെട്ടതാണ്. എന്നാല്‍, സ്വതന്ത്രര്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേര് മന്ത്രിമാരാകാന്‍ സന്നദ്ധരായതോടെ ഇരു നേതൃത്വങ്ങളും വെട്ടിലായിരിക്കുകയാണ്. മന്ത്രിസഭാ വികസനം ഇരുപാര്‍ട്ടികള്‍ക്കും സര്‍ക്കാരിന്റെ നിലനില്‍പ്പിനും നിര്‍ണായകമാണ്.
ജെഡിഎസ്സിന് അവകാശപ്പെട്ട രണ്ടെണ്ണത്തില്‍ സ്വതന്ത്ര എംഎല്‍എമാരായ ആര്. ശങ്കര്‍, എച്ച്. നാഗേഷ് എന്നിവരെ നിശ്ചയിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് തയാറല്ലെന്ന് ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെയും കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്.
ഒരു മന്ത്രിസ്ഥാനം നല്കാന് ദേവഗൗഡ അര്‍ദ്ധസമ്മതം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ടു സ്ഥാനവും സ്വതന്ത്രര്‍ക്ക് നല്കിയാല് ജെഡിഎസ്സിലെ അതൃപ്തര്‍ കലാപക്കൊടി ഉയര്‍ത്തുമെന്ന് ദേവഗൗഡയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഭയക്കുന്നു. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച എച്ച്. വിശ്വനാഥിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന് കുമാരസ്വാമിക്ക് താല്പര്യമുണ്ട്. പാര്‍ട്ടിയില്‍ ബസവരാജ് ഹൊരട്ടി, ബി.എം. ഫറൂഖ്, എച്ച്.കെ. കുമാരസ്വാമി, എ.ടി. രാമസ്വാമി എന്നിവരും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നു.
ഇതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ്സില്‍. ഒരു മന്ത്രിസ്ഥാനത്തിനായി പത്തിലധികം പേരാണ് ഫോണ്‍വിളി കാത്തിരിക്കുന്നത്. ആരെ മന്ത്രിയാക്കിയാലും പൊട്ടിത്തെറി ഉറപ്പ്. വിമത ഭീഷണി ഉയര്‍ത്തുന്ന രമേശ് ജാര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, രമേശ് ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പിടികൊടുത്തിട്ടില്ല. മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച രാമലിംഗറെഡ്ഡി, റോഷന് ബെയ്ഗ്, എച്ച്.കെ. പാട്ടീല്‍, രമേശ് കുമത്തല്ലി എന്നിവരാണ് ഇപ്പോള്‍ പരിഗണനയിലുള്ളവര്‍. വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ ബി.നാഗേന്ദ്ര, ജെ.എന്‍. ഗണേശ്, ബി.എസ്. ആനന്ദസിങ്, ഭിമനായ്ക് എന്നിവരും മന്ത്രിസ്ഥാനത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.
അതൃപ്തരെ അനുനയിപ്പിക്കാന്‍ മന്ത്രിസഭാ പുനസംഘടന നിര്‍ദേശം എച്ച്.ഡി. കുമാരസ്വാമി മുന്നോട്ടു വച്ചെങ്കിലും ഇതിനോട് ജെഡിഎസ്-കോണ്‍ഗ്രസ് ഏകോപനസമിതി അധ്യക്ഷന്‍ സിദ്ധരാമയ്യയ്ക്ക് എതിര്‍പ്പായിരുന്നു. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പുനഃസംഘടന വേണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിനും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്കും.
അതൃപ്തര്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കാന്‍ ജെഡിഎസ്സിലെയും കോണ്‍ഗ്രസിലെയും ചില മന്ത്രിമാര്‍ രാജിവെക്കാന്‍ കുമാരസ്വാമി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ സിദ്ധരാമയ്യ എതിര്‍ത്തതോടെ ഈ നീക്കം പൊളിഞ്ഞു.
ജൂണ്‍ 12നാണ് മന്ത്രിസഭ വികസനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, നടനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചതിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ഇന്നത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയും കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തിയെങ്കിലും അന്തിമ തീരുമാനത്തില്‍ എത്തിയില്ല. ഇന്ന് രാവിലെ അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിമാരുടെ പേരുകള്‍ ഗവര്‍ണര്‍ക്ക് നല്‍കും. ഉച്ചയ്ക്ക് 1.30നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: